16 September, 2021 06:55:10 PM
ഏറ്റുമാനൂര്‍ നഗരസഭാ പരിധിയിലെ ഏക കോവിഡ് ചികിത്സാകേന്ദ്രം നിര്‍ത്തലാക്കുന്നു
ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍ കോളേജിന്‍റെ കീഴില്‍ ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യകേന്ദ്രത്തില്‍ കോവിഡ് പരിശോധന മുടങ്ങി. ആര്‍ടിപിസിആര്‍ പരിശോധനാകിറ്റുകള്‍ തീര്‍ന്നതാണ് കാരണം. കിറ്റ് ലഭിച്ചാല്‍ ഇന്ന് പരിശോധന പുനരാരംഭിക്കാനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
ഇതിനിടെ രോഗികളെ വെട്ടിലാക്കി നഗരസഭാ പരിധിയിലെ ഏക കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രവും നിര്‍ത്തലാക്കുകയാണ്. മംഗളം എഞ്ചിനീയറിംഗ് കോളേജ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ററാണ് നിര്‍ത്തലാക്കുന്നത്. ഇതിന്‍റെ ആദ്യനടപടിയായി ഇങ്ങോട്ട് രോഗികളെ പ്രവേശിക്കുന്നത് നിര്‍ത്തലാക്കി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ നിലവില്‍ 264 കോവിഡ് രോഗികളാണ് ഉള്ളത്. ബുധനാഴ്ച മാത്രം പന്ത്രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇരുപത്തിമൂന്നാം വാര്‍ഡിലാണ് കൂടുതല്‍ രോഗികള്‍. 22 പേര്‍. ടൗണിലെ വാര്‍ഡായ 34ല്‍ മാത്രം നിലവില്‍ രോഗികള്‍ ഇല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗലക്ഷണത്തോടെ കോവിഡ് പരിശോധനയ്ക്ക് വരുന്നവർ മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടാതെ ശ്രദ്ധിക്കണമെന്നും പൊതു വാഹനങ്ങൾ ഉപയോഗിക്കാതിരിക്കണമെന്നും എഎംഓ ഡോ ആര്‍ അജിത് അറിയിച്ചു.