12 September, 2021 10:11:06 PM


കാരിത്താസ് ആശുപത്രിക്കെതിരെ തന്റെ പേരിൽ നടക്കുന്ന പ്രചാരണം വ്യാജമെന്ന് പ്രവാസി വനിത



കോട്ടയം: തെള്ളകം കാരിത്താസ് ആശുപത്രിക്കെതിരെ തന്റെ പേരിൽ നടക്കുന്ന പ്രചാരണം വ്യാജമെന്ന് പ്രവാസി വനിത. കാരിത്താസ് ആശുപത്രിയിൽ കാർഡിയോളജി ചെക്കപ്പ് നടത്തിയ വനിതയ്ക്ക്, ഉടനടി  ബൈപ്പാസ് ശസ്ത്രക്രിയ വേണമെന്നു നിർദ്ദേശിച്ചെന്നും അതിനു ശേഷം അമേരിക്കയിൽ നടത്തിയ പരിശോധനയിൽ, രോഗം ഇല്ലെന്നു കണ്ടെത്തിയെന്നും ആയിരുന്നു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ശബ്ദസന്ദേശത്തിൽ ആരോപിച്ചിരുന്നത്.

എന്നാൽ ഈ ആരോപണം പാടെ നിഷേധിച്ചുകൊണ്ടാണ് അമേരിക്കയിൽ നിന്നും നീണ്ടൂർ സ്വദേശിനി ബിനു ജിജി (50) രംഗത്തെത്തിയത്. ആശുപത്രിക്കെതിരെ തന്റെ പേരിൽ നീണ്ടൂർ സ്വദേശിയായ ഒരാൾ പ്രചരിപ്പിച്ച സന്ദേശത്തിൽ പറയുന്ന വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വെളിപ്പെടുത്തുന്ന ബിനു ഇങ്ങനെ സംഭവിച്ചതിൽ ആശുപത്രി അധികൃതരോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു  തന്റെ ശബ്ദസന്ദേശത്തിലൂടെ.

സംഭവത്തെക്കുറിച്ചു ബിനുവിന്റെ സന്ദേശത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ. "അമേരിക്കയിൽ നഴ്സായ താൻ കാരിത്താസ് കാർഡിയോളജി വിഭാഗത്തിൽ, ഹൃദയാരോഗ്യ പരിശോധന നടത്തുകയും അതിന്റെ ഭാഗമായി ടി എം ടി ടെസ്റ്റിൽ ചെറിയ വേരിയേഷൻ കണ്ടെത്തുകയും ചെയ്തു. തുടർന്ന് കാർഡിയോളജിസ്റ്റ് താൻ ആഗ്രഹിക്കുന്നുവെങ്കിൽ മാത്രം, ആൻജിയോഗ്രാം ടെസ്റ്റ് നടത്താമെന്നും പറയുന്നു. അമേരിക്കയിൽ താമസിക്കുന്നതിനാൽ, പിന്നീട് അവിടെ ഈ ടെസ്റ്റ് റിപ്പീറ്റ് ചെയ്ത ശേഷം ആവശ്യമെങ്കിൽ തുടർ നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് അറിയിച്ചു. അതുപ്രകാരം പിന്നീട് വിദേശത്തു ആൻജിയോഗ്രാം നടത്തുകയും തുടർ-പരിശോധനയിൽ മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ല എന്ന സന്തോഷത്തിൽ സുഖപ്രാപ്തിയിൽ ഇരിക്കുകയുമാണ്."

സത്യാവസ്ഥ ഇതാണെന്നിരിക്കെ,  വസ്തുതകൾ മനസിലാക്കാതെ കുപ്രചാരണത്തിനു വേണ്ടി, വാസ്തവ-വിരുദ്ധമായി ചിലർ  നടത്തുന്ന ആരോപണങ്ങൾ സ്ഥാപനത്തിന്റെ ചൈതന്യത്തെ കളങ്കപ്പെടുത്താനാണെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടികൾ ആശുപത്രിയുടെ ഭാഗത്തുനിന്നും കൈക്കൊള്ളുന്നതാണെന്നും അധികൃതർ അറിയിച്ചു. നാനാ-ജാതി മതസ്ഥർ  എത്തുന്ന ഇവിടെ ജനങ്ങൾക്കു താങ്ങാവുന്ന ചെലവിലാണ് ചികിത്സ പ്രദാനം ചെയ്യുന്നതെന്നു മീഡിയ റിലേഷൻസ് ഓഫീസർ ടിജോ ജോൺ പറഞ്ഞു. ശബ്ദസന്ദേശത്തിലെ ആരോപണങ്ങൾ വ്യാജമാണെന്നുള്ളത് ബിനുവുമായി ആശുപത്രി മാനേജ്‌മന്റ് നേരിട്ട് ബന്ധപ്പെട്ട്‌, രേഖപ്പെടുത്തി  ഉറപ്പുവരുത്തിയിട്ടുള്ളതാണെന്നും അദ്ദേഹം അറിയിച്ചു.

ഏതായാലും ഇതിനു പിന്നാലെ തനിക്കു പറ്റിയ തെറ്റ് സമ്മതിച്ചും ആശുപത്രിയ്ക്കെതിരെ പ്രചരണം നടത്തുക എന്ന ഉദ്ദേശത്തിലല്ല സന്ദേശം പ്രചരിപ്പിച്ചതെന്നും അറിയിച്ചു യുവാവ് വീണ്ടും രംഗത്തെത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K