12 September, 2021 08:02:06 PM


നീണ്ടൂർ എസ്.കെ.വി ജി.എച്ച്.എസ്.എസിൽ 3.19 കോടിയുടെ വികസന പ്രവർത്തനങ്ങൾ



കോട്ടയം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി നീണ്ടൂർ എസ്. കെ.വി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ചൊവ്വാഴ്ച (സെപ്റ്റംബർ 14) മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. സർക്കാർ പ്ലാൻഫണ്ടിൽ നിന്നും 2.19 കോടി രൂപ ചെലവഴിച്ച് ഹയർ സെക്കൻഡറി വിഭാഗത്തിനും ഒരു കോടി രൂപ ചെലവഴിച്ച് ഹൈസ്‌കൂൾ വിഭാഗത്തിനുമാണ് കെട്ടിടം നിർമിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല. നീണ്ടൂർ എസ്.എൻ.ഡി.പി. ശാഖ ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ ശിലാഫലകം അനാച്ഛാദനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും.

താഴത്തുവടകര എൽ.പി. സ്‌കൂളിന്
പുതിയ ഇരുനിലകെട്ടിടം

കോട്ടയം: വെള്ളാവൂർ ഗ്രാമപഞ്ചായത്തിലെ താഴത്തുവടകര എൽ.പി. സ്‌കൂളിന് പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ച്   നിർമാണം പൂർത്തിയാക്കിയ പുതിയ കെട്ടിടം ചൊവ്വാഴ്ച ( സെപ്റ്റംബർ 14) ഉച്ചകഴിഞ്ഞ് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ അങ്കണത്തിൽ  നടക്കുന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്  ശിലാഫലകം അനാച്ഛാദനം ചെയ്യും. പഴയ കെട്ടിടം പൊളിച്ചുമാറ്റി 4993 ചതുരശ്ര അടി വിസ്തീർണത്തിൽ എട്ട് ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടമാണ് നിർമിച്ചിരിക്കുന്നത്. വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടി.എസ്. ശ്രീജിത്ത് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യാതിഥിയാവും.

ഈരാറ്റുപേട്ട ജി.എച്ച്.എസ്.എസിന്
ഒരു കോടി ചെലവിൽ കെട്ടിടസമുച്ചയം   

കോട്ടയം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി
ഈരാറ്റുപേട്ട സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിന് പുതിയ കെട്ടിട സമുച്ചയം നിർമിക്കുന്നു. കിഫ്ബിയിൽ നിന്നനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചുള്ള കെട്ടിട നിർമാണത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച ( സെപ്റ്റംബർ 14)   ഉച്ചകഴിഞ്ഞ് 3:30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്യും. നഗരസഭാധ്യക്ഷ സുഹറ അബ്ദുൾ ഖാദർ അധ്യക്ഷയാകും. 

കൊമ്പുകുത്തി ഗവ. ട്രൈബൽ ഹൈസ്‌കൂളിന് രണ്ടുകോടിയുടെ പുതിയ കെട്ടിടം 

കോട്ടയം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ ഹൈസ്‌കൂളിൽ രണ്ടു കോടിയുടെ പുതിയ കെട്ടിടം നിർമിക്കുന്നു. കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് 3.30ന് നിർവഹിക്കും. സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ശിലാഫലകം അനാഛാദനം ചെയ്യും. ജില്ല പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ അധ്യക്ഷത വഹിക്കും.

വടവാതൂർ സർക്കാർ ഹൈസ്‌കൂൾ വികസനം: രണ്ടാംഘട്ടത്തിന് ചൊവ്വാഴ്ച തുടക്കം

കോട്ടയം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  വടവാതൂർ സർക്കാർ ഹൈസ്‌കൂളിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടത്തിന് ചൊവ്വാഴ്ച (സെപ്റ്റംബർ 14) തുടക്കമാകും. ആദ്യഘട്ടത്തിലെ ഒരു കോടി രൂപയുടെ കെട്ടിട നിർമാണ പദ്ധതി പൂർത്തീകരിച്ചിരുന്നു. നബാർഡിൽ നിന്നുള്ള രണ്ടു കോടി രൂപ  ചെലവഴിച്ചു നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. വൈകിട്ട് നാലിന് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K