04 September, 2021 04:18:29 PM
സാമ്പിള്‍പോലും എടുക്കാതെ കോവിഡ് പോസിറ്റീവ്; ചോദ്യം ചെയ്ത യുവാവിന് ഭീഷണി
ഏറ്റുമാനൂര്‍: കോവിഡ് പരിശോധനയ്ക്കെത്തിയ യുവാവിന്‍റെ സാമ്പിള്‍പോലും എടുക്കാതെ ഫലം പോസിറ്റീവ് എന്ന് വിധിയെഴുതി ആരോഗ്യപ്രവര്‍ത്തകര്‍. ഇതിനെ ചോദ്യം ചെയ്ത യുവാവിന് നേരെ ഭീഷണി മുഴക്കിയും തട്ടിക്കയറിയും ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍. അവസാനം ഭക്ഷണം പോലും കഴിക്കാതെ മണിക്കൂറുകളോളം പോലീസ് കസ്റ്റഡിയിലും.
ഏറ്റുമാനൂര്‍ വള്ളിക്കാട് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ പുന്നമട സ്വദേശി ജറാര്‍ഡ് ജിജി മൈക്കിളി (45) നാണ് ഈ ദുരവസ്ഥ ഉണ്ടായത്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജിന്‍റെ കീഴിലുള്ള ഏറ്റുമാനൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ കോവിഡ് പരിശോധനയ്ക്ക് എത്തിയതായിരുന്നു യുവാവ്. ചാലക്കുടിയിലെ സുഹൃത്തിന്‍റെ വീട്ടിലെ പൂച്ച കടിച്ചതിനെ തുടര്‍ന്ന് പ്രതിരോധകുത്തിവെയ്പ് എടുക്കാനാണ് ജറാര്‍ഡ് ഏറ്റുമാനൂര്‍ ആശുപത്രിയില്‍ എത്തിയത്.
ആഗസ്ത് 26നാണ് ജറാര്‍ഡിനെ പൂച്ച കടിച്ചത്. ആദ്യ ഡോസ് കുത്തിവെപ്പ് ചാലക്കുടിയിലെ ആശുപത്രിയില്‍ എടുത്തിരുന്നു. രണ്ടാം ഡോസ് എടുക്കുന്നതിന് ഏറ്റുമാനൂര്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ കോവിഡ് പരിശോധന നടത്തണമെന്ന് ബന്ധപ്പെട്ട ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ജിജി വള്ളിക്കാട് എന്ന പേരില്‍ ചീട്ട് എടുത്ത ശേഷം കാത്തിരുന്ന യുവാവിനെ കുറെ കഴിഞ്ഞപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ വിളിക്കുകയും ഫോണ്‍ നമ്പരും വിവരങ്ങളും രേഖപ്പെടുത്തിയ പിന്നാലെ കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിക്കുകയുമായിരുന്നു. ഞെട്ടിത്തരിച്ച യുവാവ് തന്‍റെ സാമ്പിള്‍പോലും എടുക്കാതെ എങ്ങിനെ പോസിറ്റീവ് ആയി ചോദിച്ചതോടെയാണ് സംഭവം വഷളായത്.
ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടെ വീഴ്ചയില്‍ ഖേദം പ്രകടിപ്പിക്കുന്നതിനുപകരം കയര്‍ത്തു സംസാരിച്ചതോടെ യുവാവ് മൊബൈലില്‍ വീഡിയോ സന്ദേശം അയക്കാനായി ഒരുങ്ങി. ഇത് തടഞ്ഞുകൊണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും പിന്നാലെ ഡോക്ടറും ഹൗസ് സര്‍ജനും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരും രംഗത്തെത്തി. ഇവിടെനിന്ന് വീഡിയോ പകര്‍ത്താനാവില്ലെന്നായിരുന്നു ആരോഗ്യപ്രവര്‍ത്തകരുടെ വാദം. എന്നാല്‍ താന്‍ മറ്റാര്‍ക്കും ബുദ്ധിമുട്ട് ഉളവാക്കുന്നില്ലെന്നും തന്‍റെ വീഡിയോ തന്നെയാണ് പകര്‍ത്തുന്നതെന്നും യുവാവ് പറഞ്ഞെങ്കിലും അതു കേള്‍ക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടാക്കാതെ വന്നതോടെ സംഘര്‍ഷാവസ്ഥ സംജാതമാകുകയായിരുന്നു.
ഇതിനിടെ 'കൊറോണാപ്രവര്‍ത്തകരെ ആക്രമിച്ചു എന്ന് പറഞ്ഞ് ഒരൊറ്റ പരാതി മതി പതിനാല് ദിവസം താന്‍ അകത്ത് കിടക്കേണ്ടിവരും' എന്ന് പറഞ്ഞ് ഡോക്ടറും രംഗത്തെത്തി. അതോടെ പോലീസിനെ വിളിക്കു എന്നായി യുവാവ്. പ്രശ്നം രൂക്ഷമായപ്പോള്‍ വിവരമറിയിക്കാന്‍ കോവിഡ് കണ്‍ട്രോള്‍ റൂമിലേക്കും ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെയും വിളിച്ചെങ്കിലും ലഭിച്ചില്ല എന്ന് ജറാര്‍ഡ് പറയുന്നു. ഇതിനിടെ സ്ഥലത്തെത്തിയ പോലീസിനോട് തനിക്ക് കോവിഡ് പരിശോധിക്കണമെന്നും പൂച്ച കടിച്ചതിന് പ്രതിരോധകുത്തിവെപ്പ് എടുക്കണമെന്നും ജറാര്‍ഡ് പറഞ്ഞു.
തുടര്‍ന്ന് പോലീസ് സാന്നിദ്ധ്യത്തില്‍ കോവിഡ് പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവ് എന്നാണ് ഫലം ലഭിച്ചത്. തുടര്‍ന്ന് പ്രതിരോധകുത്തിവെപ്പും ഇവിടെനിന്ന് എടുപ്പിച്ചു. ഇതിനുപിന്നാലെ പോലീസ് ജറാര്‍ഡിനെ ജീപ്പില്‍ കയറ്റി തൊട്ടടുത്തുള്ള സ്റ്റേഷനില്‍ എത്തിച്ചു. അവിടെ ഭക്ഷണം പോലും കഴിക്കാന്‍ നല്‍കാതെ നാലര മണി വരെ നിര്‍ത്തി എന്ന് ജറാര്‍ഡ് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
വളരെ ക്ഷീണിതനായ താന്‍ പ്രതിരോധകുത്തിവെപ്പ് എടുത്തിട്ടുണ്ട് എന്നറിയാമായിരുന്നിട്ടും ഭക്ഷണം നല്‍കാന്‍ പോലീസ് കൂട്ടാക്കിയില്ല എന്നാണ് യുവാവിന്‍റെ ആരോപണം. 'നിന്‍റെ അമ്മവീട്ടില്‍ വന്നതാണോ സമയത്ത് ഭക്ഷണം കഴിക്കാ'നെന്നു ചോദിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥ 'ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കില്‍ ചത്തുപോകില്ലെന്നു' പറഞ്ഞതായും ജറാര്‍ഡ് പരാതിയില്‍ പറയുന്നു. തീരെ അവശനിലയിലായപ്പോള്‍ 'പണം നല്‍കിയാല്‍ ഭക്ഷണം വാങ്ങിനല്‍കാ'മെന്നു പറഞ്ഞ ഉദ്യോഗസ്ഥയോട് പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ 'എന്നാല്‍ കഴിക്കേണ്ട' എന്നായിരുന്നു മറുപടിയെന്നും ജറാര്‍ഡ് ആരോപിക്കുന്നു.
തന്‍റെ ഫോണ്‍ പോലീസുകാര്‍ പിടിച്ചുവാങ്ങിയെന്നും വീട്ടിലേക്കോ വക്കീലിനെയോ വിവിരമറിയിക്കാന്‍ പോലും സമ്മതിച്ചില്ല എന്നും കോടതിയില്‍ ഹാജരാക്കാന്‍ പോലും പോലീസ് തയ്യാറായില്ല എന്നും ജറാര്‍ഡ് പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. മാത്രമല്ല സംഭവത്തിന്‍റെ തെളിവായ വീഡിയോ പോലീസുകാര്‍ ഫോണില്‍നിന്നും ഡിലീറ്റ് ചെയ്തതായും യുവാവ് പരാതിപ്പെട്ടു. ഛര്‍ദ്ദിച്ച് അവശനിലയിലായ തന്നെ നാലര മണിയായപ്പോള്‍ പിതാവെത്തി ജാമ്യത്തിലിറക്കുകയായിരുന്നുവെന്നും ജറാര്‍ഡ് പരാതിയില്‍ പറയുന്നു.
ആശുപത്രിയില്‍നിന്ന് തന്നെ പോലീസ് ജീപ്പില്‍ കയറ്റിയപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇവര്‍ സംഘം ചേര്‍ന്ന് പോലീസ് സ്റ്റേഷനിലുമെത്തി. അപകടം മണത്ത താന്‍ ജീപ്പില്‍ കയറിയപ്പോഴേ വീഡിയോ സ്വകാര്യമായി ഫോര്‍വേര്‍ഡ് ചെയ്തിരുന്നതിനാല്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞുവെന്നും ജറാര്‍ഡ് 'കൈരളി വാര്‍ത്ത'യോടു പറഞ്ഞു. ആശുപത്രിയില്‍ എത്തി ആരോഗ്യപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തിയതിനാണ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പോലീസ് വിശദീകരണം.