16 August, 2021 08:37:10 PM
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ മാലവിവാദം: അന്വേഷണം വഴിത്തിരിവില്‍
ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണം കെട്ടിയ രുദ്രാക്ഷമാല കാണാതായ സംഭവത്തിൽ അന്വേഷണം വഴിത്തിരിവില്‍. ശ്രീകോവിലിനുള്ളിലെ ഭഗവാന്‍റെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന 23 ഗ്രാം സ്വർണ്ണം കെട്ടിയ 81 മുത്തുകളുള്ള രുദ്രാക്ഷമാലയില്‍ ഒമ്പത് എണ്ണം കാണാതെപോയി എന്നായിരുന്നു ദേവസ്വം അധികൃതരുടെ ഭാഷ്യം. എന്നാല്‍ ഇന്ന് ദേവസ്വം തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഈ മാലയില്‍ നിന്ന് മുത്തുകള്‍ നഷ്ടപ്പെട്ടതായ ലക്ഷണങ്ങള്‍ കാണാനായില്ല. 81 മുത്തുകളുള്ള മാലയ്ക്ക് പകരം 72 മുത്തുകളുള്ള ഒരു മാലയാണ് കാണാനായത്.
ഇതോടെ സംഭവം കൂടുതല്‍ ദുരൂഹതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ദേവസ്വം രജിസ്റ്ററില്‍ 23 ഗ്രാം സ്വർണ്ണം കെട്ടിയ 81 മുത്തുകളുള്ള രുദ്രാക്ഷമാലയെന്നാണ് രേഖപ്പെടുത്തിയിക്കുന്നത്. ഇത് 2006ല്‍ അന്ന് അഡ്മിനിസ്ടേറ്റീവ് ഓഫീസര്‍ ആയിരുന്ന ജയലാല്‍ നടയ്ക്കുവെച്ചതാണ്. ഇപ്പോള്‍ പരിശോധനയില്‍ കണ്ട 72 മുത്തുകളുള്ള മാലയില്‍ 20 ഗ്രാം സ്വര്‍ണ്ണമാണുള്ളതെന്ന് തിരുവാഭരണം കമ്മീഷണര്‍ അജിത്കുമാര്‍ 'കൈരളി വാര്‍ത്ത'യോട് പറഞ്ഞു. ഈ മാല കാണാതായ മാലയ്ക്ക് പകരം വെച്ചതാണോ എന്നതാണ് ബലമായ സംശയം. മുത്തുകള്‍ കൊഴിഞ്ഞുപോയതാണെങ്കില്‍ ആ ഭാഗത്ത് കമ്പി തെളിഞ്ഞു കാണണം. എന്നാല്‍ ഇപ്പോഴുള്ള മാലയില്‍ അത്തരം ലക്ഷണങ്ങളില്ല. 72 മുത്തുകളും കൃത്യമായി കോര്‍ത്തിരിക്കുകയാണ്.
ക്ഷേത്രത്തിൽ പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് കഴിഞ്ഞ മാസം ചുമതല ഏറ്റെടുത്തപ്പോഴാണ് ഭഗവാന്‍റെ വിഗ്രഹത്തിൽ സ്ഥിരമായി ചാർത്തിയിരുന്ന രുദ്രാക്ഷമാലയിലെ മുത്തുകളില്‍ വന്ന കുറവ് ശ്രദ്ധയില്‍പ്പെട്ടത്. മേല്‍ശാന്തിമാര്‍ ചാര്‍ജ് കൈമാറുന്ന ചടങ്ങ് ശ്രീകോവിലിനുള്ളിലായതിനാലും അങ്ങോട്ട് മറ്റുള്ളവര്‍ക്ക് പ്രവേശനമില്ലാത്തതിനാലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ലാ എന്നാണ് ഉദ്യോഗസ്ഥരും ജീവനക്കാരും പറയുന്നത്. പതിനഞ്ച് വര്‍ഷം മുമ്പ് ജയലാല്‍ മാല നടയ്ക്കുവെച്ചപ്പോള്‍ നല്‍കിയ രസീതില്‍ മുത്തുകളുടെ എണ്ണം തെറ്റായി രേഖപ്പെടുത്തിയതായിരിക്കാം എന്നുള്ള വാദവും ജീവനക്കാരുള്‍പ്പെടെ ക്ഷേത്രം അധികൃതരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്.
എന്നാല്‍ ഈ വാദങ്ങള്‍ പഴയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെയോ അല്ലെങ്കില്‍ ബന്ധപ്പെട്ടവരെയോ സ്വാധീനിച്ച് പ്രശ്നം ഒതുക്കി തീര്‍ക്കുന്നതിനായി നടത്തുന്ന പ്രചരണമായും സംശയിക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ പ്രമുഖസ്ഥാനത്തുള്ള ഏറ്റുമാനൂരില്‍ ഇത്തരമൊരു സംഭവം ഉണ്ടായത് ആഴ്ചകള്‍ കഴിഞ്ഞിട്ടും ദേവസ്വം പ്രസിഡന്‍റിന്‍റെ ശ്രദ്ധയില്‍പെടുത്താത്തതിലും ദുരൂഹത നിലനില്‍ക്കുന്നു. ഏതായാലും പ്രശ്നം വിവാദമാകുമെന്നായപ്പോള്‍ മാല മാറിവെച്ചതായിരിക്കാം എന്ന നിഗമനത്തിലാണ് ഇനി അന്വേഷണം നടക്കുക.
ഇതിനിടെയാണ് മാലവിവാദം സംസ്ഥാന വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യവുമായി ക്ഷേത്രം ഉപദേശകസമിതിയുടെ മുന്‍ അംഗം രഘുനാഥൻ നായർ രംഗത്തെത്തിയത്. ക്ഷേത്രത്തില്‍ ഇതിനുമുമ്പ് നടന്നിട്ടുള്ള ഒട്ടനവധി ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പലതവണ പരാതി നൽകിയിട്ടും ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും രഘുനാഥൻ നായർ മന്ത്രി വി.എന്‍.വാസവന് നല്‍കിയ പരാതിയിൽ പറയുന്നു. ഇതോടെ അന്വേഷണം ക്ഷേത്രത്തിലെ മറ്റ് പ്രവര്‍ത്തനങ്ങളിലേക്കും നീളാന്‍ സാധ്യതയുള്ളതായും സൂചനയുണ്ട്.
ദേവസ്വം വിജിലന്‍സ് എസ് പി ബിനോയിയും സംഘവും തിരുവാഭരണം കമ്മീഷണര്‍ അജിത്കുമാറിനൊപ്പം പരിശോധനയില്‍ പങ്കെടുത്തു. പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന് സമര്‍പ്പിക്കുമെന്ന് അജിത്കുമാര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ ഏറ്റുമാനൂര്‍ പോലീസും കേസെടുത്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെന്നും തങ്ങളുടെ അന്വേഷണം സമാന്തരമായി നടക്കുമെന്നും തിരുവാഭരണം കമ്മീഷണര്‍ പറഞ്ഞു.