15 August, 2021 07:16:58 PM
ഏറ്റുമാനൂർ ക്ഷേത്രത്തിലെ മാലവിവാദം: സംസ്ഥാന വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യം
ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണം കെട്ടിയ രുദ്രാക്ഷമാല കാണാതായ സംഭവത്തിൽ അന്വേഷണം സംസ്ഥാന വിജിലൻസിന് കൈമാറണമെന്ന് ആവശ്യം. സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷിച്ചാൽ ജീവനക്കാരുടെയും ഉപദേശക സമിതിയുടെയും ക്രമക്കേടുകൾക്കെതിരെ നടപടി ഉണ്ടാകില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന 23 ഗ്രാം സ്വർണ്ണം കെട്ടിയ 81 മുത്തുകളുള്ള രുദ്രാക്ഷമാല കാണാതായി എന്നായിരുന്നു ആരോപണം. എന്നാൽ ഈ മാലയിലെ 9 മുത്തുകൾ മാത്രമാണ് കാണാതായതെന്നാണ് ദേവസ്വം അധികൃതർ അറിയിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി തിരുവാഭരണം കമ്മീഷണർ അജിത്കുമാർ തിങ്കളാഴ്ച ക്ഷേത്രത്തിൽ വരാനിരിക്കെയാണ് പുതിയ പരാതി ഉയർന്നത്. ക്ഷേത്രം ഉപദേശകസമിതി മുൻ അംഗം കെ എസ് രഘുനാഥൻ നായരാണ് അന്വേഷണം സംസ്ഥാന വിജിലൻസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി എൻ വാസവന് പരാതി നൽകിയത്.
കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ എത്തിയ വാസവൻ ആവശ്യപ്പെട്ടതനുസരിച്ചു ഏറ്റുമാനൂർ പോലീസ് കേസ് എടുത്തിരുന്നു. ഉപദേശകസമിതി ഉൾപ്പെടെ ദേവസ്വം ഉദ്യോഗസ്ഥർ നടത്തിയ ഒട്ടനവധി ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പലതവണ താൻ അധികൃതർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നു രഘുനാഥൻ നായർ പരാതിയിൽ പറയുന്നു. ഏറ്റുമാനൂർ ക്ഷേത്രത്തിലെ ആരോപണവിധേയനായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഉൾപ്പെടെയുള്ളവർ പിന്നീട് വിജിലൻസിലേക്കാണ് സ്ഥലം മാറി പോയത്. ഇത്തരം ഉദ്യോഗസ്ഥർ ഉൾപ്പെട്ട ദേവസ്വം വിജിലൻസ് അന്വേഷിച്ചാൽ കേസ് തേച്ചു മായ്ച്ചു കളയുമെന്നാണ് രഘു ആരോപിക്കുന്നത്.
ക്ഷേത്രത്തിൽ പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് കഴിഞ്ഞ മാസം ചുമതല ഏറ്റെടുത്തപ്പോഴാണ് ഭഗവാന്‍റെ വിഗ്രഹത്തിൽ സ്ഥിരമായി ചാർത്തിയിരുന്ന രുദ്രാക്ഷമാലയിലെ മുത്തുകള്‍ നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്രത്തിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് മാനേജറാണ് മാല വഴിപാടായി നൽകിയത്. മാലയിലെ മുത്തുകള്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞെങ്കിലും ദേവസ്വം പ്രസിഡന്റിനെ അറിയിക്കാത്തതിലും ദുരൂഹത ആരോപിക്കപെടുന്നു. മാധ്യമങ്ങൾ വിളിക്കുമ്പോഴാണത്രേ പ്രസിഡന്റ് വിവരം അറിയുന്നത്.