12 August, 2021 11:28:31 AM


ഇടതുമുന്നണിക്ക് വീണ്ടും തിരിച്ചടി; പാലായിൽ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം



കോട്ടയം: പാലായിൽ ഇടതുമുന്നണിക്കും ജോസ് കെ മാണിക്കും വീണ്ടും തിരിച്ചടി. കോട്ടയം ജില്ലയിലെ ഏക ഉപതെരെഞ്ഞെടുപ്പായ എലിക്കുളം പഞ്ചായത്ത് 14ാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച ജെയിംസ് ചാക്കോ ജീരകത്തിൽ വിജയിച്ചു. എൽ ഡി എഫിലെ ടോമി ഇടയോടിലിനെയാണ് ജെയിംസ് ചാക്കോ ജീരകത്തിൽ 159 വോട്ടിന് പരാജയപ്പെടുത്തിയത്.


കേരളാ കോൺഗ്രസ് (എം) യു ഡി എഫ് വിട്ടതിനു ശേഷം നിയമസഭാ തെരെഞ്ഞെടുപ്പിൽ ജോസ് കെ മാണി പരാജയപ്പെട്ടത് കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. എലിക്കുളത്ത് വിജയിച്ചാൽ പാലായിൽ തിരിച്ചു വരാമെന്നുള്ള വിശ്വാസത്തിലായിരുന്നു ജോസ് കെ മാണിയും കൂട്ടരും. ഇതിനായി ടോമി ഇടയോടിയിലിനെ സ്ഥാനാർത്ഥിയാക്കി ചിട്ടയായ പ്രവർത്തനങ്ങളാണ് ഈ വാർഡിൽ നടത്തിയിരുന്നത്. ജോസ് കെ മാണിയും മന്ത്രിമാരും അടക്കം ഇവിടെ വീടുവീടാന്തരം കയറി ഇറങ്ങി പ്രചാരണം നടത്തിയിരുന്നു. എന്നിട്ടും വിജയിക്കാനാകാത്തത് തിരിച്ചടിയായി.


വിജയിച്ച യു ഡി എഫിന്റെ ജെയിംസ് ചാക്കോ ജീരകത്തിലിന്റെ ജനകീയതയാണ് വിജയത്തിന്റെ പ്രധാന ഘടകം. മുൻ എം എൽ എ ജെ എ ചാക്കോയുടെ പുത്രനെന്ന നിലയിലും മുൻ പഞ്ചായത്ത് മെമ്പറെന്ന നിലയിലും ജനപ്രിയനായിരുന്നു ജെയിംസ് ചാക്കോ ജീരകത്തിൽ. യു ഡി എഫ് വിജയിച്ചെങ്കിലും എലിക്കുളം പഞ്ചായത്തിലെ എൽ ഡി എഫ് ഭരണത്തെ ഈ വിജയം തെല്ലും ബാധിക്കില്ല.16 അംഗ പഞ്ചായത്തിൽ 9 അംഗങ്ങൾ എൽ ഡി എഫിനെയാണ് പിന്തുണയ്ക്കുന്നത്.


കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫിലെ അസ്വാരസ്യങ്ങളെ തുടർന്ന് കോൺഗ്രസിൽ നിന്നും രാജി വച്ച് സ്വതന്ത്രനായി മത്സരിച്ച ജോജോ ചീരാംകുഴിയാണ് വിജയിച്ചത്. സ്ഥാനമേൽക്കുന്നതിന് മുൻപ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ജോജോ ചീരാം കുഴി മരിച്ചു. തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K