30 July, 2021 07:52:46 PM


ഈസ് ഓഫ് ലിവിംഗ് സര്‍വ്വേ; പ്രവര്‍ത്തനങ്ങള്‍ ആദ്യം പൂര്‍ത്തീകരിച്ചത് കോട്ടയം ജില്ലയില്‍



കോട്ടയം: ഗ്രാമീണ  കുടുംബങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആ വിഷ്‌കരിക്കുന്നതിന് മുന്നോടിയായി നടത്തിയ ഈസ് ഓഫ് ലിവിംഗ് സര്‍വ്വേയുമായി  ബന്ധപ്പെട്ട മുഴുവൻ  പ്രവർത്തനങ്ങളും സംസ്ഥാനത്ത് ആദ്യമായി  പൂര്‍ത്തീകരിച്ചത് കോട്ടയം ജില്ലയില്‍. ഫീല്‍ഡ് തല വിവരശേഖരണവും ജൂലൈ 16ന് ആദ്യം പൂര്‍ത്തിയായത് കോട്ടയത്തായിരുന്നു. 


ജൂലൈ 27ഓടെ സർവ്വേ വിവരങ്ങൾ പൂര്‍ണമായും മൊബൈൽ ആപ്ലിക്കേഷനില്‍ അപ് ലോഡ് ചെയ്തു. ജൂലൈ 29നാണ് എല്ലാ നടപടികളും അവസാനിച്ചത്. ജില്ലയിലെ  118  വില്ലേജുകളിൽ    2011-ലെ സാമൂഹിക -സാമ്പത്തിക -ജാതി സെൻസസിലൂടെ കണ്ടെത്തിയ 68113 കുടുംബങ്ങളുടെ വിവരശേഖരണമാണ് ഈസ് ഓഫ് ലിവിംഗ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.  ഈരാറ്റുപേട്ട ബ്ലോക്കിലെ മൂന്നിലവ് ഗ്രാമപഞ്ചായത്തിലാണ്  ഗ്രാമ പഞ്ചായത്തുതല സർവ്വേ ജൂലൈ 11ന്  ആദ്യം  പൂർത്തീകരിച്ചത്. 


കോവിഡ്  പ്രതിസന്ധിക്കിടയിലും ജനപ്രതിനിധികൾ, പട്ടികജാതി-പട്ടികവര്‍ഗ പ്രമോട്ടർമാർ, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാര്‍, ഹരിതകർമ സേനാംഗങ്ങള്‍  തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് വില്ലജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെയും  ബ്ലോക്ക് ഡെവലപ്പ്മെന്‍റ് ഓഫീസർമാരുടെയും നേതൃത്വത്തില്‍ സർവ്വേ സമയബന്ധിതമായി നടത്തിയത്. 


സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇൻവെസ്റ്റിഗേറ്റർമാര്‍ക്കായിരുന്നു സര്‍വ്വേ വിവരങ്ങളുടെ അപ് ലോഡിംഗ്  ചുമതല. വിവര ശേഖരണ പ്രവര്‍ത്തനങ്ങള്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോയും അപ് ലോഡിംഗ് നടപടികള്‍ സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മേരി ജോര്‍ജുമാണ് ജില്ലാ തലത്തില്‍ ഏകോപിപ്പിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K