27 July, 2021 06:51:20 PM


കോട്ടയം ജില്ലയിലെ സഹകരണ ബാങ്ക് തട്ടിപ്പുകള്‍: അന്വേഷണം അട്ടിമറിക്കുന്നതായി ആരോപണം



കോട്ടയം: സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ ഉയരുന്നതിനിടെ കോട്ടയം ജില്ലയില്‍ ക്രമക്കേടുകളുടെ പഴയ കഥകള്‍ വീണ്ടും പുറത്തുവരുന്നു. ഇടതു വലതു മുന്നണികൾ ബാങ്ക് തട്ടിപ്പുകളിൾ ഒരേപോലെ മത്സരിക്കുന്ന കാഴ്ചയാണ് കോട്ടയത്ത്. സിപിഎം കോൺഗ്രസ്  ഭരണസമിതികൾ നടത്തിയ തട്ടിപ്പിന്  വലിയ വ്യാപ്തിയാണ് ഉള്ളത്. ഇരുപക്ഷത്തെയും നേതാക്കൾ തട്ടിപ്പിൽ പങ്കാളിയാകുമ്പോൾ കേസിലെ അന്വേഷണം എവിടെയും എത്തുന്നില്ല എന്നതാണ്  ഏറെ ശ്രദ്ധേയം.  


വെള്ളൂര്‍ സഹകരണബാങ്കില്‍ സിപിഎം ഭരണസമിതി തട്ടിപ്പ് നടത്തിയത് 44 കോടി രൂപയ്ക്കാണ്. ഒന്നര വർഷം മുൻപ് തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തി സഹകരണവകുപ്പ് റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. ലക്ഷക്കണക്കിന് രൂപ നിക്ഷേപം നടത്തിയ സാധാരണക്കാരായ ജനങ്ങൾ  പണം തിരികെ ലഭിക്കാനായി നെട്ടോട്ടമോടുന്ന കാഴ്ചയാണ് വെള്ളൂരിൽ ഉള്ളത്. 


വെള്ളൂരിലെ തട്ടിപ്പിൽ സിപിഎം അച്ചടക്ക നടപടി എടുത്തത് ഒഴിച്ചാൽ മറ്റ് കാര്യമായി ഒന്നും ഉണ്ടായിട്ടില്ല. ഇവിടുത്തെ ഭരണസമിതി പിരിച്ചുവിട്ടു. എന്നാൽ നിക്ഷേപകർക്ക് ഒരു രൂപ പോലും തിരിച്ചു കിട്ടിയിട്ടില്ല. ഒരേ ഈടിന്‍റെ പേരിൽ ഒന്നിലധികം വായ്പ എന്ന തട്ടിപ്പാണ് വെള്ളൂരിൽ പ്രധാനമായും ഉണ്ടായത്. നിക്ഷേപങ്ങൾക്കു മേൽ നൽകിയ ലോണുകളും പലതരത്തിലുള്ള തട്ടിപ്പുകൾക്ക് കാരണമായി. ഇതെല്ലാം സഹകരണ ഉദ്യോഗസ്ഥർ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്. 


യുഡിഎഫ് ഭരണ സമിതി നടത്തിയ വലിയ തട്ടിപ്പുകളാണ് പൂഞ്ഞാർ സർവീസ് സഹകരണ ബാങ്കിലും, മൂന്നിലവ് സർവീസ് സഹകരണ ബാങ്കിലും ഉണ്ടായത്. ആന്‍റോ ആന്റണി എംപി യുടെ സഹോദരന്മാർ പ്രസിഡന്‍റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്ന ബാങ്കുകളാണ് ഇതുരണ്ടും. മൂന്നിലവ് സർവീസ് സഹകരണ ബാങ്കിൽ ജെയിംസ് ആന്റണി പ്രസിഡണ്ട് ആയിരുന്ന കാലയളവിലാണ് വലിയ തട്ടിപ്പ് നടന്നത്.


പൂഞ്ഞാർ സർവീസ് സഹകരണ ബാങ്കിൽ ആന്‍റോ ആന്റണി എംപി യുടെ ഇളയ സഹോദരൻ ചാൾസ് ആന്റണി ആയിരുന്നു സെക്രട്ടറി. സ്വന്തക്കാർക്ക് പരിധിയിൽ കവിഞ്ഞ വായ്പ നൽകുന്നതും നിക്ഷേപത്തിൽ ഉണ്ടായ തട്ടിപ്പും ആണ് പൂഞ്ഞാർ സർവീസ് സഹകരണ ബാങ്കിൽ ഉണ്ടായത്. ചെറിയ വസ്തുവിന് ഉയർന്നതോതിൽ  തുക വായ്പ അനുവദിച്ച് അതിൽ നിന്ന് ഒരു ഭാഗം തട്ടിയെടുത്തുവെന്നത് ആണ് മൂന്നിലവ് ബാങ്കിൽ നടന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K