23 July, 2021 05:07:36 PM


അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഓഗസ്റ്റ് 15 വരെ സി, ഡി കാറ്റഗറി മേഖലകളിലും പ്രവര്‍ത്തിക്കാം



കോട്ടയം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ സി, ഡി കാറ്റഗറികളില്‍ ഉള്‍പ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളിൽ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഓഗസ്റ്റ് 15 വരെ പ്രവര്‍ത്തനാനുമതി നല്‍കി കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്.


എസ്.എസ്.എല്‍.സി റീവാല്യുവേഷനും നീറ്റ് പരീക്ഷയ്ക്കും വിവിധ കോഴ്‌സുകള്‍ക്കുമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട സാഹചര്യവും എ, ബി കാറ്റഗറികളിലെ അക്ഷയ കേന്ദ്രങ്ങളില്‍ കൂടുതല്‍ തിരക്ക് അനുഭപ്പെടുന്നതും കണക്കിലെടുത്താണ് തീരുമാനം. 


ശാരീരിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിച്ച് ഒരു സമയം പ്രവേശനം അനുവദിക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണം സ്ഥാപനത്തിന് പുറത്ത് പ്രദര്‍ശിപ്പിക്കണം. നൂറു ചതുരശ്ര അടിക്ക് നാലു പേര്‍ എന്ന കണക്കിലാണ് ഇത് നിശ്ചയിക്കേണ്ടത്. 


അധികമായി ആളുകള്‍ എത്തുന്ന പക്ഷം അവരെ പുറത്തു നിര്‍ത്തി അകത്തുള്ളവര്‍ പുറത്തു പോകുന്ന മുറയ്ക്കു മാത്രമേ അകത്തേയ്ക്ക് പ്രവേശിപ്പിക്കുവാന്‍ പാടുള്ളൂ. 


നിയന്ത്രണങ്ങള്‍  കൃത്യമായി  പാലിക്കാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യന്‍ ശിക്ഷാ നിയമം 188, 169 എന്നീ വകുപ്പുകള്‍, ദുരന്തനിവാരണ നിയമം 2005  എന്നിവ  പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 


സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍: ചങ്ങനാശേരി, കുറവിലങ്ങാട്, അയ്മനം, പുതുപ്പള്ളി, കറുകച്ചാല്‍, മറവന്തുരുത്ത്, പൂഞ്ഞാര്‍, തീക്കോയി, അതിരമ്പുഴ, നെടുംകുന്നം, തലയോലപ്പറമ്പ്,  മേലുകാവ്,കുമരകം,വാകത്താനം, തിരുവാര്‍പ്പ്, പാമ്പാടി, മാഞ്ഞൂര്‍, ഏറ്റുമാനൂര്‍, കൊഴുവനാല്‍, ആര്‍പ്പൂക്കര, ഉഴവൂര്‍, നീണ്ടൂര്‍, കടുത്തുരുത്തി, തൃക്കൊടിത്താനം, കങ്ങഴ, മരങ്ങാട്ടുപിള്ളി, കരൂര്‍, പള്ളിക്കത്തോട്. 


ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍: ചെമ്പ്, എരുമേലി, വിജയപുരം, പായിപ്പാട്, കുറിച്ചി, കൂരോപ്പട, ഈരാറ്റുപേട്ട, മണിമല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K