21 July, 2021 07:52:31 PM
മീനച്ചിലാറിന്‍റെ മാറില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങി 82കാരി വയോധിക
കോട്ടയം: അതിശക്തമായ ഒഴുക്കുള്ള മീനച്ചിലാറ്റില്‍ വീണ വയോധിക വെള്ളത്തിന് മുകളില്‍ ഒഴുകി നടന്നത് കിലോമീറ്ററുകള്‍. കോട്ടയം നാഗമ്പടത്തുനിന്നും പുഴയില്‍ വീണ തോട്ടയ്ക്കാട് സ്വദേശിനി രാജമ്മ(82)യെയാണ് രണ്ടര കിലോമീറ്റർ അകലെ ചുങ്കത്ത്നിന്നും നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. അവശനിലയിലായ ഇവരെ പ്രാഥമികശുശ്രൂഷകള്‍ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് രാജമ്മ മീനച്ചിലാറ്റില്‍ വീണത്.
കോട്ടയം നാഗമ്പടത്തുള്ള പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയശേഷം മീനച്ചിലാറ്റില്‍ നാഗമ്പടം ഗുഡ്സ്ഷെഡ് കടവില്‍ മുഖം കഴുകാന്‍ ഇറങ്ങവെ കാല്‍വഴുതി വീണതാണെന്ന് ഇവര്‍ പറയുന്നു. സാരി ഉടുത്ത് അതിന് മുകളില്‍ നൈറ്റി ധരിച്ച നിലയിലായിരുന്നു. പുഴയില്‍ കൈകാലുകള്‍ പൊക്കി ഒരു സ്ത്രീ ഒഴുകി വരുന്നത് ചുങ്കത്തിനടുത്ത് താമസിക്കുന്ന മാലിക്കാട്ട് മാലിയില്‍ സൌമ്യ എന്ന യുവതിയാണ് കണ്ടത്. ഇവര്‍ അറിയിച്ചതനുസരിച്ച് തൊട്ടടുത്ത് താമസിക്കുന്ന മിമിക്രി ആര്‍ട്ടിസ്റ്റ് കൂടിയായ ഇടയാഞ്ഞിലിമാലില്‍ കോട്ടയം ഷാലിന്‍റെ നേതൃത്വത്തില്‍ ഏതാനും യുവാക്കളും നാട്ടുകാരും ചേര്‍ന്നാണ് ചുങ്കം പാലത്തിനടുത്തുനിന്നും രാജമ്മയെ രക്ഷിച്ച് കരയ്ക്കടുപ്പിച്ചത്.
ഷാലും അമ്മ ലാലി ഷാജിയുമാണ് രാജമ്മയെ രക്ഷിക്കാന്‍ ആദ്യം ആറ്റില്‍ ചാടിയത്. ഇവര്‍ രാജമ്മയുടെ സമീപം എത്തിയപ്പോഴേക്കും മനോഹരന്‍, ധനേഷ് എന്നിവര്‍ വള്ളവുമായെത്തി. പക്ഷെ വള്ളത്തില്‍ രാജമ്മയെ കയറ്റുന്നത് കൂടുതല്‍ അപകടത്തിന് കാരണമാകുമെന്ന് മനസിലായതോടെ ഇവര്‍ വള്ളത്തില്‍പിടിച്ച് തന്നെ വൃദ്ധയെ കരയ്ക്കടുപ്പിക്കുകയായിരുന്നു. തണുപ്പില്‍ ഇത്രയും ദൂരം ഒഴുകിനടന്ന് തീര്‍ത്തും അവശയായി സംസാരിക്കാന്‍ തന്നെ ബുദ്ധിമുട്ടിലായിരുന്നു ഇവര്‍. ഷാലും കൂട്ടുകാരും സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ സഹിതം പങ്കുവെച്ച സന്ദേശങ്ങളിലൂടെയാണ് രാജമ്മയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിവായത്.
സമാനമായ സംഭവം ഒരു വര്‍ഷം മുമ്പ് തിരുവല്ലയില്‍ ഉണ്ടായിരുന്നു. അന്ന് കോട്ടയം മണിമല തൊട്ടിയില്‍ ഓമന സുരേന്ദ്രന്‍ എന്ന 68കാരി നദിയുടെ മാറില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് 50 കിലോമീറ്റര്‍ ഒഴുകി നടന്നശേഷം. 2020 ജൂലൈ 31ന് വെള്ളത്തില്‍ ഒഴുകിനടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ അന്ന് ഓമനയെ രക്ഷിച്ചത് മത്സ്യതൊഴിലാളികളുടെ കൂടി സഹായത്തോടെയായിരുന്നു.