19 July, 2021 03:40:19 PM


ഇന്‍റഗ്രേറ്റഡ് പവര്‍ലൂം സൊസൈറ്റിക്ക് പ്രതീക്ഷ പകര്‍ന്ന് വ്യവസായ മന്ത്രിയുടെ വാഗ്ദാനം



കോട്ടയം: കോവിഡ് പ്രതിസന്ധിയിയെത്തുടര്‍ന്ന് നഷ്ടത്തിലായ കോട്ടയം ഇന്‍റഗ്രേറ്റഡ് പവർ ലൂം ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ആശ്വാസമായി വ്യവസായ മന്ത്രിയുടെ വാഗ്ദാനം. സൊസൈറ്റി  നിർമ്മിക്കുന്ന മാസ്കിനുളള തുണികളും ബെഡ് ഷീറ്റുകളും  സർക്കാർ ആശുപത്രികളിലും മറ്റു സ്ഥാപനങ്ങളിലും എടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കാമെന്ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിയില്‍ വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു.


ഇതു സംബന്ധിച്ച്  ആരോഗ്യ വകുപ്പുമായി കൂടിയാലോചിക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. 2002 ൽ അമയന്നൂരിൽ തുടങ്ങിയ സൊസൈറ്റിയിൽ 168 പവർ ലൂമുകളുണ്ട്. 60 ഓളം തൊഴിലാളികളിൽ 85 ശതമാനവും വനിതകളാണ്. കോവിഡ് - 19 രൂക്ഷമായതിനെത്തുടർന്ന് പുറത്തുനിന്നുള്ള ജോബ് വർക്കുകൾ മാത്രമാണ് ഇവിടെ നടന്നു വന്നിരുന്നത്.


പ്രവർത്തന മൂലധനം ഇല്ലാത്തതിനാൽ തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി നൽകാന്‍  കഴിയുന്നില്ല. വിപണി നഷ്ടമായ സാഹചര്യത്തിലാണ് വ്യവസായ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന പരാതി പരിഹാര പരിപാടിയിൽ പങ്കെടുത്ത് നിലവിലെ സ്ഥിതി ബോധ്യപ്പെടുത്തിയതെന്ന് സൊസൈറ്റി ചെയര്‍പേഴ്സന്‍റെ ചുമതല വഹിക്കുന്ന പള്ളം ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ ബേബി പറഞ്ഞു.


കാരുണ്യ എൻ്റർപ്രൈസസിന് 11.89 ലക്ഷം രൂപയുടെ സഹായം


നവസംരംഭകർക്കായുള്ള സഹായം ലഭിക്കുന്നതിനായി പാലാ ചേർപ്പുങ്കൽ കാരുണ്യ എൻ്റർപ്രൈസസ് സമര്‍പ്പിച്ച അപേക്ഷയില്‍ മീറ്റ് ദ് മിനിസ്റ്റര്‍ പരിപാടിയില്‍ തീര്‍പ്പായി. വ്യവസായ വകുപ്പിൻ്റെ എൻ്റർപ്രണർ സപ്പോർട്ട് സ്കീമിൽ നിക്ഷേപ സഹായമായി 11,89,052 രൂപ അനുവദിച്ചു കൊണ്ടുള്ള കത്ത് സ്ഥാപനത്തിന്‍റെ നിക്ഷേപകരിൽ ഒരാളായ റോയി ജോസഫിന് വ്യവസായ മന്ത്രി പി. രാജീവ് കൈമാറി. 


മൂലധനത്തിൻ്റെ 20 ശതമാനമാണ് സബ്സിഡിയായി നൽകുന്നത്. 2018 ഓഗസ്റ്റിലാണ് നിക്ഷേപ സഹായത്തിന് കാരുണ്യ എൻ്റർപ്രൈസസ് അപേക്ഷ നൽകിയത്. അന്ന് നോൺ വൂവൺ കാരി ബാഗുകൾ നിർമ്മിക്കുന്ന സ്ഥാപനമായിരുന്നു. പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതോടെ സ്ഥാപനം പ്രതിസന്ധിയിലായി. യന്ത്രങ്ങൾ ചെറിയ തോതിൽ പരിഷ്കരിച്ച് സ്ഥാപനം ഒരു മാസത്തിനു ശേഷം വീണ്ടും പ്രവർത്തനമാരംഭിച്ചു.


പേപ്പർ കാരി ബാഗുകൾ, സ‍ഞ്ചികള്‍, കോട്ടൺ കാരി ബാഗുകൾ, ഡിസ്പോസിബിൾ സർജിക്കൽ മാസ്ക്  എന്നിവയാണ് ഇപ്പോൾ ഇവിടെ നിർമ്മിക്കുന്നത്. എട്ടു തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നാലായി ചുരുങ്ങി. പ്രതിസന്ധിഘട്ടത്തില്‍ ലഭിച്ച സര്‍ക്കാര്‍ സഹായം വലിയ ആശ്വാസമാണെന്ന് റോയ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K