18 July, 2021 11:16:57 AM
അനധികൃത മദ്യവില്പന: ആളറിയാതെ എക്സൈസിനും 'കുപ്പി' നൽകിയ പൊതുപ്രവർത്തകൻ അറസ്റ്റിൽ
പാലാ: ബിവറേജ് ഷോപ്പിന്
സമീപം വിദേശമദ്യ വിൽപ്പന നടത്തിവന്ന പൊതുപ്രവർത്തകനെ പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി .ആനന്ദരാജും സംഘവും ചേർന്ന് പിടികൂടി. നീലൂർ സ്വദേശി ബോസി വെട്ടുകാട്ടി (47)ലാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് നാലു ലിറ്ററിൽ കൂടുതൽ വിദേശമദ്യവും പിടിച്ചെടുത്തു.
ബിവറേജിൽ ക്യൂ നിൽക്കാതെ മദ്യം നൽകാമെന്ന് പ്രലോഭിപ്പിച്ച് ഒരാൾ അവിടെ അനധികൃത മദ്യവിൽപ്പന നടത്തുന്നതായി പാലാ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ആനന്ദ് രാജിന് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതേ തുടർന്ന് മറ്റൊരു പ്രിവൻ്റീവ് ഓഫീസറായ സി. കണ്ണൻ "കുപ്പി തേടി'' ബിവറേജിനടുത്ത് ചുറ്റിക്കറങ്ങി. ആളറിയാതെ "അത്യാവശ്യക്കാരൻ്റെ " അടുത്തെത്തിയ ബോസി 100 രൂപാ കൂടുതൽ വാങ്ങി മദ്യം നൽകി. ഉടൻ മഫ്തിയിൽ മറഞ്ഞു നിന്ന പ്രിവൻ്റീവ് ഓഫീസർ ആനന്ദ് രാജും സംഘവും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
കയ്യിലിരുന്ന സഞ്ചിയിലും ധരിച്ചിരുന്ന വസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചിരിക്കുകയായിരുന്നു മദ്യം.
പാലാ - കട്ടക്കയം റോഡിലുള്ള സുലഭ സൂപ്പർ മാർക്കറ്റിന്റെ പാർക്കിംഗ് ഗ്രൗണ്ടിന്റെ സമീപത്തുള്ള കൺസ്യൂമർ ഫെഡ് മദ്യഷോപ്പിന്റെ സമീപത്തു നിന്നാണ് ബോസിയെ പിടികൂടിയത്. കഴിഞ്ഞ കുറേ നാളുകളായി ഇയാൾ ബിവറേജ് പടിക്കൽത്തന്നെ അനധികൃത വിൽപന നടത്തിവന്നിരുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു.
പൊതുപ്രവർത്തകനായിരുന്ന ബോസി ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന വിഭാഗം മുൻ ജില്ലാ പ്രസിഡൻ്റായി പ്രവർത്തിച്ചിരുന്നു. ഏഴു വർഷം മുമ്പ് മദ്യ വിൽപ്പനയല്ലാത്ത മറ്റൊരു കേസ്സിലും ഉൾപ്പെട്ട് അറസ്റ്റിലായിരുന്നതായി എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. കൈവശം വെച്ച 4.225 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും എക്സൈസ് സംഘം പിടിച്ചെടുത്തു. മദ്യവിൽപ്പന വഴി ലഭിച്ച 2590 രൂപയും ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ ആനന്ദ് രാജിനും സി.കണ്ണനും പുറമെ സിവിൽ എക്സൈസ് ഓഫീസർമാരായ ടോബിൻ അലക്സ് , ഡ്രൈവർ സന്തോഷ് കുമാർ ടി.ജി.എന്നിവരും ഉണ്ടായിരുന്നു.