10 July, 2021 06:10:50 PM
അന്തരീക്ഷ വായുവിലെ ഓക്‌സിജന്‍ സിലിന്‍ഡറുകളിലേക്ക്; എലിക്കുളത്തെ പ്ലാന്‍റ് ഉടന്‍
കോട്ടയം: അന്തരീക്ഷ വായുവില്‍നിന്ന് ഓക്‌സിജന്‍ ശേഖരിച്ച് ചികിത്സാ ആവശ്യത്തിനായി സിലിന്‍ഡറുകളില്‍ നിറയ്ക്കുന്ന കോട്ടയം ജില്ലയിലെ ആദ്യ പ്ലാന്റ് ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ പിന്തുണയോടെ മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി എലിക്കുളം പഞ്ചായത്തിലെ തമ്പലക്കാട് സ്ഥാപിക്കുന്ന പ്ലാന്റിന്റെ ക്രമീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്.
കോവിഡ് വ്യാപനം തുടങ്ങിയതിനുശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ഒരു പ്ലാന്റ് സജ്ജമാകുന്നത്. ഒരു ദിവസം 240 ഡി-ടൈപ്പ് സിലിന്‍ഡറുകള്‍ ഇവിടെ നിറയ്ക്കാനാകും. ഓക്‌സിജന്‍ പ്ലാന്റുകള്‍ ഇല്ലാത്ത ആശുപത്രികള്‍ക്കും ആംബുലന്‍സുകള്‍ക്കും മറ്റുമുള്ള സിലിന്‍ഡറുകള്‍ നിറയ്ക്കുന്നതിന് മറ്റു ജില്ലകളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഇതോടെ ഒഴിവാകും.
അന്തരീക്ഷ വായുവില്‍നിന്ന് ഓക്‌സിജന്‍ വേര്‍തിരിച്ച് സിലിന്‍ഡറുകളില്‍ നിറയ്ക്കുന്ന പ്ലാന്റുകള്‍ നിലവില്‍ കോട്ടയം ജില്ലയ്ക്ക് ഏറ്റവുമടുത്തുള്ളത് മാവേലിക്കരയിലും എറണാകുളത്തുമാണ്. പുതിയ പ്ലാന്റ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സമീപ ജില്ലകള്‍ക്ക് ആവശ്യമുള്ള സിലിന്‍ഡറുകളും ഇവിടെ നിറയക്കാനാകും.
മലനാട് ഡവലപ്‌മെന്റ് സൊസൈറ്റിതന്നെയാണ് പ്ലാന്റിന്റെ ചിലവ് പൂര്‍ണമായും വഹിക്കുന്നത്. ജില്ലാ കളക്ടര്‍ എം. അഞ്ജന ഇന്നലെ(ജൂലൈ 10) പ്ലാന്റ് സന്ദര്‍ശിച്ചു. ഫാ. തോമസ് മറ്റമുണ്ടയില്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകടിയേല്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ഡോ. ഭാഗ്യശ്രീ, എന്‍.എച്ച്.എം എന്‍ജിനീയര്‍ സൂരജ് ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.