25 June, 2021 02:41:58 AM
ഡോക്ടര്‍ ഇല്ല; ചങ്ങലയില്‍ ബന്ധിച്ച് ഏറ്റുമാനൂരിലെ സര്‍ക്കാര്‍ ആശുപത്രി
ഏറ്റുമാനൂര്‍: രാത്രിയില്‍ ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിയ രോഗികളെ വരവേറ്റത് ചങ്ങലകൊണ്ട് പൂട്ടിയിട്ട ഗേറ്റും ഡോക്ടര്‍ ഇല്ല എന്ന ബോര്‍ഡും. ജൂനിയര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാലപണിമുടക്കുമൂലം ഓപി വിഭാഗത്തിന്‍റെയും അത്യാഹിതവിഭാഗത്തിന്‍റെയും സമയം വെട്ടികുറച്ചതോടെയാണ് രോഗികള്‍ക്ക് മുന്നില്‍ ഈ ആതുരാലയത്തിന്‍റെ വാതായനങ്ങള്‍ കൊട്ടിയടക്കപ്പെട്ടത്. ചങ്ങലയിട്ട് പൂട്ടിയ കവാടത്തില്‍ തന്നെയാണ് ഡോക്ടര്‍ ഇല്ല എന്ന ബോര്‍ഡു പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
തൊട്ടടുത്ത് ഓപി വിഭാഗം ഒരു മണി വരെയും അത്യാഹിതവിഭാഗം നാലുമണി വരെയും മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു എന്ന അറിയിപ്പും. അവധിദിവസങ്ങളില്‍ പകല്‍ രണ്ടുമണിവരെ മാത്രമേ അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കു. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയാണ് സമരത്തെതുടര്‍ന്ന് ഭാഗികമായി അടച്ചിടേണ്ട അവസ്ഥയില്‍ എത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജിനു കീഴിലുള്ളതാണ് ഏറ്റുമാനൂരിലെ കുടുംബാരോഗ്യകേന്ദ്രം. അതുകൊണ്ടുതന്നെ പകരം സംവിധാനം ഏര്‍പ്പെടുത്തികൂടെ എന്ന ചോദ്യവും ഉയരുന്നു.