23 June, 2021 09:55:59 PM


പഴകിയ ഭക്ഷണസാധനം വിറ്റ ഏറ്റുമാനൂരിലെ കടയില്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ റെയ്ഡ്



ഏറ്റുമാനൂര്‍: ഒരു വര്‍ഷത്തിലധികം പഴക്കമുള്ള ഭക്ഷണസാധനങ്ങള്‍ വിറ്റ ഏറ്റുമാനൂരിലെ കടയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റെയ്ഡ്. 2020 മെയ് 29ന് പായ്ക്ക് ചെയ്തതും അന്ന് മുതല്‍ നാല് മാസത്തിനകം ഉപയോഗിക്കേണ്ടതുമായ റസ്‌ക് വിറ്റത് തിരിച്ചെടുക്കാന്‍ വ്യാപാരി വിസമ്മതിച്ചതോടെ ഉപഭോക്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. വഴിയോര കച്ചവടക്കാര്‍ക്കും ചെറുകിടകച്ചവടക്കാര്‍ക്കുമുള്ള രജിസ്‌ട്രേഷന്‍ മാത്രമാണ് സ്ഥാപനത്തിനുള്ളത്. 


അതിരമ്പുഴ അനുഗ്രഹയില്‍ വെങ്കിടേശ്വരന്റെ മകള്‍ സജിന വി കഴിഞ്ഞ 12ന് ഏറ്റുമാനൂര്‍ പേരൂര്‍ റോഡിലെ ന്യു ബസാര്‍ എന്ന കടയില്‍നിന്നും വാങ്ങിയ 30 രൂപാ വിലയുള്ള പ്രീമിയം മില്‍ക്ക് റസ്‌കാണ് പരാതിക്കിടയാക്കിയത്. ചങ്ങനാശ്ശേരി മാടപ്പള്ളി കിംഗ് ബേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് നിര്‍മ്മാതാക്കള്‍. യഥാര്‍ത്ഥ ബാച്ച് നമ്പരും പാക്കിംഗ് തീയതിയും മറയ്ക്കുന്ന വിധം ബാര്‍ കോഡോടുകൂടിയ പുതിയ സ്റ്റിക്കര്‍ പതിച്ച നിലയിലായിരുന്നു ഉത്പന്നത്തിന്‍റെ കവര്‍. ഇങ്ങനെ പതിച്ചിരിക്കുന്ന സ്റ്റിക്കറിലാണ് പാക്കിംഗ് തീയതി 29/05/2020 എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.


വീട്ടിലെത്തി കഴിക്കാനെടുത്ത റസ്‌കിന് അരുചി അനുഭവപ്പെട്ടതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാലാവധി കഴിഞ്ഞതാണ് കാരണമെന്ന് വ്യക്തമായത്. പിറ്റേന്ന് പരാതിയുമായി കടയിലെത്തിയെങ്കിലും റസ്‌ക് തിരിച്ചെടുക്കാനോ പണം മടക്കി നല്‍കാനോ വ്യാപാരി തയ്യാറായില്ല. 15 പെട്ടി ഒന്നിച്ചാണ് തങ്ങള്‍ കിംഗ് ബേക്കറിയില്‍നിന്നും എടുക്കുന്നതെന്നും ഇടയ്ക്കിടെ കാലാവധി കഴിഞ്ഞ റസ്‌ക് കാണപ്പെടാറുണ്ടെന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല എന്നും വ്യാപാരി പറഞ്ഞതായി സജിന ഏറ്റുമാനൂര്‍ ഫുഡ് സേഫ്റ്റി ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.


വ്യാപാരിയുടെ വെളിപ്പെടുത്തലില്‍ ഇത്തരം ഉപയോഗശൂന്യമായ ഭക്ഷണസാധനങ്ങള്‍ സ്ഥിരമായി വില്‍ക്കാറുണ്ടെന്ന് വ്യക്തമാകുന്നതായും പരാതിയില്‍ ചൂണ്ടികാട്ടുന്നു. കമ്പനിയുടെ കവറില്‍ അച്ചടിച്ചിരിക്കുന്ന യഥാര്‍ത്ഥ നിര്‍മ്മാണതീയതിയും ബാച്ച് നമ്പരും മറച്ചുകൊണ്ട് പുതിയ സ്റ്റിക്കര്‍ പതിക്കുന്നതിലൂടെ വന്‍തട്ടിപ്പാണ് നിര്‍മ്മാതാക്കള്‍ നടത്തുന്നതെന്നും ആരോപണമുയര്‍ന്നു. അതേസമയം പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപാരസ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്താനായില്ല. പരാതി ഉയര്‍ന്നതിനെതുടര്‍ന്ന് വ്യാപാരികള്‍ ഇതെടുത്തുമാറ്റിയതാകാം എന്നും സംശയിക്കുന്നുണ്ട്.


ചെറുകിടകച്ചവടക്കാര്‍ക്കുള്ള രജിസ്‌ട്രേഷന്‍റെ മറവില്‍ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ഇതിനിടെയാണ് കണ്ടെത്തിയത്. ഉടന്‍ ലൈസന്‍സ് എടുക്കണമെന്ന് വ്യാപാരിക്ക് നോട്ടീസ് നല്‍കിയതോടൊപ്പം സംഭവത്തില്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഇന്‍സ്‌പെക്ടര്‍ ഡോ.തെരസ്ലിന്‍ ലൂയിസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.6K