17 June, 2021 09:02:35 PM
ചങ്ങനാശ്ശേരിയുടെ ചരിത്രവഴികൾ മിനുക്കി എസ് ബി കോളേജ് എൻ സി സി ആർമി വിംഗ്
ചങ്ങനാശ്ശേരി : സ്വച്ഭാരത് മിഷന്റെ ഭാഗമായി എസ് ബി കോളേജ് എൻ സി സി ആർമി വിംഗ് ചങ്ങനാശ്ശേരിയുടെ ചരിത്രവഴികളായ അഞ്ചുവിളക്കും ബോട്ട് ജെട്ടി തീരവും വൃത്തിയാക്കി. ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റിയും ക്ലീനിങ്ങിൽ പങ്കുചേർന്നു. ചങ്ങനാശ്ശേരി എം എൽ എ അഡ്വ. ജോബ് മൈക്കിൾ ഉദ്ഘാടനം നടത്തി.
മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സന്ധ്യ മനോജ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽസമ്മ, വാർഡ് കൗൺസിലർ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. മുൻസിപ്പൽ വാർഡ് കൗൺസിലർ പ്രദേശം വൃത്തിഹീനമായി കിടക്കുന്ന കാര്യം എംഎൽഎയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ ഉടനെത്തന്നെ അദ്ദേഹം കോളേജ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. എസ് ബി കോളേജ് എൻ സി സി ആർമി വിംഗ് ഓഫീസർ ലെഫ്റ്റനന്റ് ജെയിംസ് ബേബനും മുനിസിപ്പാലിറ്റിയിലെ ആരോഗ്യപ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി.
മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്കു കേഡറ്റുകൾ സംഭരിച്ച തുകയും ഈ അവസരത്തിൽ എം എൽ എ ക്കു കൈമാറി. ഹെൽത്ത് ഇൻസ്‌പെക്ടർ എൻ സി സി കേഡറ്റുകൾക്ക് മഴക്കാല പകർച്ചവ്യാധികളെ കുറിച്ച് ബോധവൽക്കരണം നടത്തി. എലിപ്പനി പ്രതിരോധ മരുന്നുകളും ഇതിനോടൊപ്പം വിതരണം ചെയ്തു.