16 June, 2021 08:01:53 PM


ഏറ്റുമാനൂരില്‍ വൈദ്യുതി കമ്പി പൊട്ടിവീണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഷോക്കേറ്റു



ഏറ്റുമാനൂര്‍: വൈദ്യുതി കമ്പി പൊട്ടിവീണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഷോക്കേറ്റു. ഏറ്റുമാനൂർ പേരൂര്‍ കവലക്കു സമീപം പച്ചക്കറി മാർക്കറ്റിന് എതിർവശത്തുകൂടിയുള്ള റോഡില്‍ തച്ചകുന്നേല്‍ കരോട്ട് സുധീര്‍ ടി.എന്‍ (45), ഇദ്ദേഹത്തിന്‍റെ മക്കളായ സിദ്ധാര്‍ത്ഥ് (18), ആദിത് (15), അര്‍ജുന്‍ (13), സഹോദരിപുത്രന്‍ രഞ്ജിത് എന്നിവര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്. ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇന്ന് വൈകിട്ട് 7.30 മണിയോടെ ആയിരുന്നു അപകടം. റോഡില്‍ പൊട്ടിവീണ വൈദ്യുതികമ്പി സുധീറിന്‍റെ വീട്ടിലേക്ക് കയറുന്ന പടിയിലാണ് കിടന്നത്. കമ്പി വീണ് കിടക്കുന്നതറിയാതെ പടിയില്‍ ചവിട്ടിയ സുധീര്‍ വൈദ്യുതാഘാതമേറ്റ് വീണു. ഇദ്ദേഹം വീണത് കണ്ട് പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ഓടിയെത്തിയ മക്കളില്‍ സിദ്ധാര്‍ത്ഥും കമ്പിയുടെ മുകളിലേക്ക് വീണു. ആദിത്, അര്‍ജുന്‍ എന്നിവര്‍ വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു. വീഴ്ചയില്‍ അര്‍ജുന്‍റെ തലയ്ക്ക് പരിക്കേറ്റു.


ഓടികൂടിയ ബന്ധുക്കളും അയല്‍വാസികളും തടികഷണങ്ങള്‍ ഉപയോഗിച്ച് കമ്പി ഉയര്‍ത്തിമാറ്റിയാണ് സുധീറിനെയും സിദ്ധാര്‍ത്ഥിനെയും രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് രഞ്ജിത്തിനും ഷോക്കേറ്റത്. ഇതിനോടകം വിവരമറിഞ്ഞ കെഎസ്ഈബി അധികൃതര്‍ 11 കെ വി ലൈന്‍ ഓഫാക്കിയശേഷം സ്ഥലത്തെത്തി. കാറ്റത്ത് വാഴയിലകള്‍ അടിച്ച് കൂട്ടിയിടിച്ച കമ്പികളില്‍ ഒന്ന് പൊട്ടിവീഴുകയായിരുന്നുവെന്ന് കെഎസ്ഈബി അധികൃതര്‍ പറഞ്ഞു. വഴിവിളക്കിനായി വൈദ്യുതി പ്രവഹിക്കുന്ന കമ്പിയാണ് പൊട്ടിവീണത്. അപകടത്തെതുടര്‍ന്ന് ഏറ്റുമാനൂരില്‍ വൈദ്യുതിവിതരണം നിലച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 9.2K