15 June, 2021 01:36:39 PM
ഏറ്റുമാനൂര്‍ പേരൂരില്‍ നടുറോഡില്‍ മുള്ളന്‍പന്നിയെ കണ്ട് അമ്പരന്ന് നാട്ടുകാര്‍
ഏറ്റുമാനൂര്‍: പേരൂരില്‍ മുള്ളന്‍പന്നിയെ കണ്ട് അമ്പരന്ന് നാട്ടുകാര്‍. പള്ളിക്കൂടം കവല - പാറേക്കടവ് റോഡില്‍ നാട്ടുകാരനായ പുത്തന്‍പറമ്പില്‍ ശ്രീജിത് ആണ് ഇന്ന് രാവിലെ 4 മണിക്ക് മുള്ളന്‍പന്നിയെ കണ്ടത്. മെയിന്‍ റോഡിലൂടെ നടന്ന് കാവുംപാടം കോളനിഭാഗത്തേക്ക് പോകുന്നത് നേരില്‍ കണ്ടതായി ഇദ്ദേഹം പറയുന്നു. ഫോട്ടോ എടുക്കാന്‍ ശ്രമിച്ചെങ്കിലും ഇരുട്ടായതിനാല്‍ വ്യക്തമായ ചിത്രം ലഭിച്ചില്ല. രണ്ട് മാസം മുമ്പ് പേരൂര്‍കാവിന്‍റെ സമീപത്തും മുള്ളന്‍പന്നിയെ കണ്ടതായി പറയുന്നുണ്ട്.
ഇതിനുമുമ്പ് ഈ പ്രദേശത്ത് മുള്ളന്‍പന്നിയെ ആരും കണ്ടിട്ടില്ലാത്തതാണ് നാട്ടുകാരെ ആശങ്കയിലാക്കിയത്. തൊട്ടടുത്ത് വനപ്രദേശങ്ങള്‍ ഒന്നുമില്ലാത്ത സാഹചര്യത്തില്‍ എങ്ങിനെ മുള്ളന്‍പന്നി ഇവിടെയെത്തി എന്നതും സംസാരവിഷയമാകുന്നു. കുട്ടികളെ പുറത്തിറക്കാന്‍ പോലും ഭയക്കുകയാണ് നാട്ടുകാര്‍. അതേസമയം ജില്ലയുടെ പല ഭാഗങ്ങളിലും മുള്ളന്‍പന്നി ധാരാളമായുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. കാടുപിടിച്ച് കിടക്കുന്ന സ്ഥലങ്ങളും റബ്ബര്‍തോട്ടങ്ങളുമാണ് പ്രധാനമായും വാസസ്ഥലങ്ങള്‍. രാത്രികാലങ്ങളില്‍ മാത്രം പുറത്തിറങ്ങുന്നതുകൊണ്ടാണ് ആരുടെയും ശ്രദ്ധയില്‍പെടാത്തതെന്നും പൊതുവെ ഉപദ്രവകാരികളല്ലെന്നും അധികൃതര്‍ കൈരളി വാര്‍ത്തയോട് പറഞ്ഞു.