13 June, 2021 12:45:10 PM
ചങ്ങനാശേരി ജനറൽ ആശുപത്രിക്ക് രോഗിസൗഹൃദ ഔട്ട് പേഷ്യന്‍റ് വിഭാഗം; 2 കോടി അനുവദിച്ചു
ചങ്ങനാശേരി : ചങ്ങനാശേരി ജനറൽ ആശുപത്രിക്കു രോഗി സൗഹൃദ ഒപിഡി നിർമാണം ഉടൻ ആരംഭിക്കുമെന്ന് അഡ്വ. ജോബ് മൈക്കിൾ എംഎൽഎ. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ ആര്‍ദ്രം മിഷൻ വഴി രണ്ടു കോടി അഞ്ച് ലക്ഷം രൂപ ഇതിനായി അനുവദിച്ചു. നിർവഹണത്തിനായി കേന്ദ്ര ഗവണ്മെന്‍റ് ഏജൻസിയായ വാപ്കോസിനെ തെരഞ്ഞെടുത്ത കാര്യം നാഷണൽ ഹെൽത്ത് മിഷൻ ചീഫ് എഞ്ചിനീയർ എംഎൽഎ യെ അറിയിച്ചു.
ആരോഗ്യമന്ത്രിയുമായി ജോബ് മൈക്കിൾ ചർച്ച നടത്തിയിരുന്നു. സംസ്ഥാനത്ത് രോഗി സൗഹൃദ ഹെൽത്ത് ഡെലിവറി സംവിധാനം സൃഷ്ടിക്കുകയാണ് മിഷൻ ആര്‍ദ്രം കൊണ്ട് ലക്ഷ്യമിടുന്നത്. ആവശ്യത്തെ അടിസ്ഥാനമാക്കി ഓരോ രോഗിയേയും 'അന്തസ്സോടെ' ചികിത്സിക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ നിര്‍ദ്ദനര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെ ഔട്ട് പേഷ്യന്‍റ് മാനേജ്മെന്‍റ് നടപടിക്രമങ്ങൾ പരിഷ്കരിക്കുന്നതിന് വേണ്ടി സംസ്ഥാന ഗവണ്മെന്‍റ് തുക അനുവദിച്ചിരിക്കുന്നത്. സെൻട്രലൈസ്ഡ് ഒപിഡി യുടെ നിർമാണം ആണ് ഇതിലെ മുഖ്യ ആകർഷണം.
ഇപ്പോൾ ലഭ്യമായിരിക്കുന്ന തുക ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ നിര്‍മ്മിച്ചതിനു ശേഷം ഇ-ഹെൽത്ത് എന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയായിരിക്കും അടുത്ത നടപടി. സജ്ജമാക്കിയിരിക്കുന്ന വിവിധ മോണിറ്ററുകളിൽനിന്നും രോഗികൾക്കുള്ള എല്ലാ നിർദ്ദേശങ്ങളും ലഭ്യമാക്കും. നിർവഹണ ഏജൻസി യുടെ ആർക്കിടെക്ട് രശ്മി രാജ്, നാഷണൽ ഹെൽത്ത് മിഷൻ എഞ്ചിനീയർ രഞ്ജിനി രാജ് , ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.എസ്. അജിത്കുമാർ തുടങ്ങിയവർ നിർമാണ പ്രവർത്തനത്തെ കുറിച്ച് എംഎൽഎയുമായി ചർച്ച നടത്തി.