12 June, 2021 05:32:35 PM
പോലീസിനെ ആക്രമിച്ച ഗുണ്ടാ നേതാവ് എക്സൈസ് സംഘത്തെ മര്‍ദ്ദിച്ച കേസിലെ പ്രധാന പ്രതി
ഏറ്റുമാനൂര്‍: അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ കരാർ തൊഴിലാളിയെ ആക്രമിച്ച പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. കോട്ടമുറി ഇന്ദിരാ പ്രിയദർശനി കോളനിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന അക്രമി സംഘത്തെ തേടിയെത്തിയ പോലീസിനെ മര്‍ദ്ദിച്ച് ഗുണ്ടാതലവന്‍ രംഗത്തെത്തിയിരുന്നു. ഈ സമയം കേസിലെ പ്രതികള്‍ രക്ഷപെട്ടു. തങ്ങളെ ആക്രമിച്ച ഗുണ്ടാതലവന്‍ അതിരമ്പുഴ പ്രിയദർശിനി കോളനിയിൽ അച്ചു സന്തോഷ് (25) നെ പോലീസ് ഇന്നലെ രാത്രി തന്നെ വളരെ സാഹസികമായി കീഴടക്കിയിരുന്നു.
2018 നവംബറില്‍ ഏറ്റുമാനൂര്‍ പട്ടിത്താനത്ത് എക്സൈസ് ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിച്ചു കഞ്ചാവ് കേസിലെ പ്രതികളെ മോചിപ്പിച്ച സംഭവത്തിലെ പ്രധാനി കൂടിയായ ആണ് പിടിയിലായ അച്ചു സന്തോഷ്. ഇയാള്‍ ഇതിനു മുമ്പും പോലീസിനു നേരെ പല തവണ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ കുത്തിയതും എക്സൈസ് ഉദ്യോഗസ്ഥനെ കടിച്ചു മുറിവേല്പ്പിച്ചതുമുള്പ്പെടെ ഒട്ടനവധി കേസുകളില്‍ പ്രതിയാണ് സന്തോഷ്.
കഴിഞ്ഞ വ്യഴാഴ്ച ഉച്ചയ്ക്കാണ് നീണ്ടൂർ റോഡിൽ കോട്ടമുറി ജംഗ്ഷനിൽ വച്ച് അഞ്ചംഗ സംഘം കരാർ തൊഴിലാളി പുന്നത്തുറ കോട്ടോത്ത് കെ.എസ്. സുരേഷി(49)നെ ആക്രമിച്ചത്. അക്രമിസംഘത്തിൽ അച്ചു സന്തോഷ് ഉണ്ടായിരുന്നില്ല. എന്നാൽ ആക്രമണത്തിനുശേഷം പ്രതികൾ ഇയാളുടെ സംരക്ഷണയിലായിരുന്നു. വെള്ളിയാഴ്ച രാത്രി പ്രതികളെ തേടി കോളനിയിൽ എത്തിയ ഏറ്റുമാനൂരില്‍ നിന്നുമുള്ള പത്തംഗ പോലീസ് സംഘത്തെ സന്തോഷ് നേരിട്ടത് അപ്രതീക്ഷിതമായാണ്.
പ്രതികളെ പിടികൂടാതിരിക്കാൻ വേണ്ടിയാണ് അച്ചു സന്തോഷ് പോലീസിനെ നേരിട്ടത്. ജിമ്മിൽ ഉപയോഗിക്കുന്ന ഇരുമ്പ് ബാർ കൊണ്ടും ജാക്കി ലിവർ ഉപയോഗിച്ചും പോലീസുകാരെ മർദിക്കുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പോലീസുകാര്‍ എ.എസ്. അനീഷ് (39), സി.പി. രാജേഷ് (42) എന്നിവരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. അനീഷിന്റെ ശരിരത്ത് കമ്പിവടിക്ക് അടിയേറ്റു. തോളെല്ല് പൊട്ടി. കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. വലതുകൈയ്ക്കു പൊട്ടലുണ്ട്. രാജേഷിന്റെ വലതുകൈയിലും മുറിവേറ്റിട്ടുണ്ട്. തുടർന്നു പോലീസ് സംഘം ചേർന്നു അച്ചു സന്തോഷിനെ പിടികൂടുകയായിരുന്നു.
പോലീസിനെ ഇയാള്‍ ആക്രമിച്ച സമയത്ത് ഓടി രക്ഷപ്പെട്ട സംഘത്തിനു വേണ്ടി അന്വേഷണം ഊർജിതമാക്കി. അച്ചു സന്തോഷിന്റെ സംഘത്തിൽപ്പെട്ട അലക്സ്, പാസ്കൽ, അനുജിത്ത് കുമാർ, മെൽവിൻ ജോസഫ്, അമൽ എന്നിവരാണ് കരാറുകാരനെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികളെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇവർ ഒളിവിൽ കഴിയുന്ന പുതിയ സ്ഥലത്തെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. അച്ചു സന്തോഷിനെ ഇന്ന് കോവിഡ് പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
2018ല്‍ പട്ടിത്താനത്ത് എക്സൈസ് സംഘത്തെ ആക്രമിച്ചു കഞ്ചാവ് കേസിലെ പ്രതികളെ മോചിപ്പിച്ച സംഭവത്തിനു തൊട്ടുമുമ്പ് അച്ചു സന്തോഷ് എക്സൈസ് ഉദ്യോഗസ്ഥരോട് തന്റെ വീരകൃത്യങ്ങള്‍ വിവരിക്കുന്നത് വീഡിയോയില്‍ കാണാം.