11 June, 2021 06:39:29 PM
മീനച്ചിലാറിന്‍റെ ആഴം കൂട്ടാനുള്ള പദ്ധതി മണല്‍ മാഫിയയെ സഹായിക്കാനെന്ന്
ഏറ്റുമാനൂര്‍: പടിഞ്ഞാറൻ മേഖലയിൽ കാലവർഷത്തിലുണ്ടാകുന്ന വെള്ളപ്പൊക്കത്തിന്‍റെ കാരണം പറഞ്ഞ് മീനച്ചിലാറിന്‍റെ ആഴം കൂട്ടാനുള്ള പദ്ധതി മണല്‍ മാഫിയയെ സഹായിക്കാനെന്ന് ആരോപണം. മീനച്ചിലാറിന് പണ്ടുണ്ടായിരുന്നതില്‍ വളരെയേറെ ആഴം കൂടുതലാണിപ്പോള്‍. അടിത്തട്ട് പൊട്ടിച്ച് നടന്ന അനിയന്ത്രിതമായ മണല്‍വാരല്‍ ആയിരുന്നു ഇതിന് കാരണം. പുഴയെ കൊല്ലുന്നു എന്ന കാരണത്താല്‍ പിന്നീട് സര്‍ക്കാര്‍ തന്നെ മണല്‍വാരല്‍ നിരോധിച്ചതാണ്. മണലും എക്കലും വാരി മാറ്റി മീനച്ചിലാറിന്‍റെ ആഴം കൂട്ടണമെന്ന് ഇപ്പോള്‍ മുറവിളി കൂട്ടുന്നത് സദുദ്ദേശത്തോടെ അല്ലെന്ന് ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആന്‍റ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പ്രശാന്ത് രാജൻ ചൂണ്ടികാട്ടി.
മീനച്ചിലാര്‍ യഥാർത്ഥ വിസ്തൃതിയിൽ ഒഴുകിയിരുന്ന കാലത്തും പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. പടിഞ്ഞാറൻ പ്രദേശങ്ങളിലെ ചെറിയ തോടുകൾ നികന്നതും ജനസംഖ്യാ വർദ്ധനവിനനുസരിച്ച് കൂടുതൽ വീടുകൾ നിർമ്മിക്കുന്നതിനായി പറമ്പുകളിലെ ജലസംഭരണികൾ നികത്തിയതും വൻകിട റിസോർട്ടുകൾ ഉൾപ്പെടെയുള്ള നിർമ്മിതികൾക്ക് ഹെക്ടർ കണക്കിന് പാടശേഖരങ്ങൾ നികത്തിയതുമാണ് ഇപ്പോഴുണ്ടാകുന്ന വലിയ വെള്ളപ്പൊക്കത്തിന്‍റെ പ്രധാന കാരണങ്ങള്‍. നികത്തിയ തോടുകളും നിലങ്ങളും പൂര്‍വ്വസ്ഥിതിയിലാക്കിയാല്‍ തീരാവുന്നതേയുള്ളു പ്രശ്നമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
മീനച്ചിലാറിന്‍റെ ആഴെ കൂട്ടണമെന്നതിന് പകരം ഇരുകരകളിലേയും കയ്യേറ്റം ഒഴിപ്പിച്ച് വീതി കൂട്ടണമെന്ന ആവശ്യമുയരാത്തത് എന്തുകൊണ്ടാണെന്ന പരിസ്ഥിതി വാദികളുടെ ചോദ്യം പ്രസക്തമാണ്. ആറ്റുവഞ്ചികൾ ഒഴുക്കിന് തടസ്സമാകുന്നുവെന്ന വാദഗതിയും ശരിയല്ല. ആവശ്യമായ സ്ഥലങ്ങളിൽ ആറ്റുവഞ്ചികള്‍ വെട്ടി മാറ്റുന്നത് അതിനായി രൂപീകരിക്കപ്പെടുന്ന ഒരു സമിതിയുടെ സാന്നിദ്ധ്യത്തിലായിരിക്കണം. അല്ലാത്ത പക്ഷം ആറ്റുവഞ്ചികൾ പൂർണ്ണമായും നശിപ്പിക്കപ്പെടുകയും അത് മീനച്ചിലാറിന്‍റെ സ്വാഭാവിക പ്രകൃതിസൗന്ദര്യത്തെയും പാരിസ്ഥിതിക സന്തുലിതാവസ്ഥയെയും തകിടം മറിക്കാൻ ഇടയാക്കും.
മീനച്ചിലാറിന്‍റെ ആഴംകൂട്ടാൻ അനുമതി നൽകുന്നത് വനാതിർത്തികളിലെ താമസക്കാർക്ക് വീട് നിർമ്മിക്കുവാന്‍ ചന്ദനമരം ഒഴികെയുള്ളവ മുറിച്ചുമാറ്റാൻ അനുമതി നൽകിയത് ചൂഷണം ചെയ്ത് വനംകൊള്ള നടത്തിയതിനേക്കാൾ ഭീകരമായ അവസ്ഥയിലേക്കായിരിക്കും എത്തിക്കുക എന്നും ഇസ്കഫ് ആരോപിക്കുന്നു. മീനച്ചിലാറിന്‍റെ കയ്യേറ്റം തിട്ടപ്പെടുത്തി ആറിന് വീതി കൂട്ടണമെന്ന കോടതി ഉത്തരവ് നടപ്പാക്കാൻ നടപടിയെടുക്കുകയാണ് ഇവിടെ ആദ്യം ചെയ്യേണ്ടത്. ഇത് സംബന്ധിച്ച് റവന്യൂ മന്ത്രിക്ക് നിവേദനം നൽകുമെന്നും പ്രശാന്ത് രാജൻ അറിയിച്ചു.