11 June, 2021 04:41:15 PM
സുഭിക്ഷം സുരക്ഷിതം ജൈവകൃഷി പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം
ഏറ്റുമാനൂർ: ഭാരതീയ പ്രകൃതി കൃഷി പദ്ധതി (ബിപികെപി) സുഭിക്ഷം സുരക്ഷിതം ജൈവകൃഷി പദ്ധതിയിലേക്ക് ഏറ്റുമാനൂർ നഗരസഭാ പരിധിയിലെയും ഏറ്റുമാനൂർ ബ്ലോക്കിലെ അതിരമ്പുഴ, നീണ്ടൂർ, അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ്, കുമരകം എന്നീ ഗ്രാമപഞ്ചായത്തുകളിലെയും കര്‍ഷകരില്‍നിന്നും ഏറ്റുമാനൂർ കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചു. ഇപ്പോൾ ജൈവകൃഷി ചെയ്തു കൊണ്ടിരിക്കുന്നവരോ തങ്ങളുടെ കൃഷിയിടത്തിന്‍റെ ഒരു ഭാഗം പരീക്ഷണാടിസ്ഥാനത്തിൽ ജൈവകൃഷി രീതിയിലേയ്ക്ക് മാറ്റാൻ താല്പര്യമുള്ളവരോ ആയ കുറഞ്ഞത് 5 സെന്‍റ് എങ്കിലും സ്വന്തമായി സ്ഥലമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക.
ജൈവകൃഷി മാർഗ്ഗങ്ങളെ സംബന്ധിച്ച അറിവും പരിശീലനവും ലഭിക്കുന്ന ഈ പ്രത്യേക പദ്ധതിയിലേക്കുള്ള അപേക്ഷകൾ അതാത് കൃഷിഭവനുകളിൽ നിന്ന് ലഭിക്കുന്നതാണ്. മുഴുവനായും വ്യക്തമായും പൂരിപ്പിച്ച അപേക്ഷകള്‍ 2020-21 വർഷത്തെ നികുതി രശീത്, ആധാർ കാർഡ്, ബാങ്ക് പാസ്സ്ബുക്കിന്‍റെ അക്കൗണ്ട് നമ്പർ കാണിക്കുന്ന പേജ് എന്നിവയുടെ പകർപ്പ് സഹിതം ജൂൺ 14 മുതൽ ജൂൺ 25 വരെ സ്വീകരിക്കും.