10 June, 2021 08:37:40 PM
കോട്ടയം ജില്ലയില്‍ 4 കോവിഡ് ആശുപത്രികള്‍ കൂടി; 197400 ഡോസ് വാക്‌സിന്‍ എത്തിക്കും
കോട്ടയം: ജില്ലയില്‍ നാല് ആശുപത്രികള്‍കൂടി കോവിഡ് ആശുപത്രികളായി പ്രഖ്യാപിച്ചു. നിലവില്‍ സെക്കന്‍ഡ് ലൈന്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചിരുന്ന പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികളും വൈക്കം അമ്മയും കുഞ്ഞും ആശുപത്രിയുമാണ് കോവിഡ് ആശുപത്രികളാക്കി ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവിറക്കിയത്.
ഇതോടെ ജില്ലയില്‍ ആകെ ആറ് കോവിഡ് ആശുപത്രികളായി. കോട്ടയം മെഡിക്കല്‍ കോളേജും കോട്ടയം ജനറല്‍ ആശുപത്രിയുമായിരുന്നു ഇതുവരെ കോവിഡ് ആശുപത്രികളായി പ്രവര്‍ത്തിച്ചിരുന്നത്. രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണത്തില്‍ കാര്യമായ വ്യതിയാനം സംഭവിക്കാത്ത സാഹചര്യം കണക്കിലെടുത്തും കോവിഡ് മൂന്നാം തരംഗമുണ്ടായാല്‍ നേരിടുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയിലുമാണ് ഈ ക്രമീകരണം.
കോവിഡ് ചികിത്സയ്ക്കായി പ്രധാന സ്‌പെഷ്യാലിറ്റികളുമായി ബന്ധപ്പെട്ട വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ഈ കേന്ദ്രങ്ങളില്‍ ഉണ്ടാകും. കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനമുള്ള പുതിയ നാല് കോവിഡ് ആശുപത്രികളിലും ഓക്‌സിജന്‍ പ്ലാന്റ് സജ്ജമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഈ മാസം ജില്ലയില്‍ 197400 ഡോസ് കോവിഡ് വാക്‌സിന്‍ എത്തിക്കും
ഈ മാസം കോട്ടയം ജില്ലയ്ക്ക് ആകെ 197400 ഡോസ് കോവിഡ് വാക്‌സിന്‍ ലഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. നിലവില്‍ ലഭ്യമായ വാക്‌സിന്‍ ബുധനാഴ്ച്ചയോടെ നല്‍കി തീര്‍ന്ന സാഹചര്യത്തിലാണ് ഇന്നലെയും ഇന്നും വാക്‌സിനേഷന്‍ നടത്താന്‍ കഴിയാതിരുന്നത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ലഭ്യമാക്കുന്ന 171110 ഡോസ് കോവിഷീല്‍ഡും 26290 ഡോസ് കോവാക്‌സിനുമാണ് ജില്ലയില്‍ ജൂണ്‍ മാസത്തില്‍ വിവിധ ഘട്ടങ്ങളിലായി എത്തിക്കുക. 5000 ഡോസ് കോവാക്‌സിന്‍ നാളെ കൊണ്ടുവരും. ഇത് രണ്ടാം ഡോസുകാര്‍ക്കായിരിക്കും നല്‍കുക. ഈമാസം 13ന് 5000 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ എത്തിക്കും.