10 June, 2021 07:33:51 PM
കരാറുകാരെ ഒഴിവാക്കി; അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ലാഭിച്ചത് ലക്ഷങ്ങള്‍
ഏറ്റുമാനൂര്‍ : കരാറുകാരെ ഒഴിവാക്കികൊണ്ടുള്ള പ്രവൃത്തിയിലൂടെ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ലാഭിച്ചത് ലക്ഷങ്ങള്‍. രണ്ട് കിലോമീറ്ററിലധികം നീളമുള്ള മാത്തതോട്ടിലെ മാലിന്യങ്ങള്‍ നീക്കി ആഴം കൂട്ടുന്ന പ്രവൃത്തിയാണ് പഞ്ചായത്ത് നേരിട്ട് ചെയ്തത്. കരാറുകാരനെ ഏല്‍പ്പിച്ച് ലക്ഷങ്ങള്‍ എഴുതിതള്ളുന്ന പ്രവൃത്തിയ്ക്ക് പഞ്ചായത്തിന് ചെലവായത് ആകെ 40000 രൂപ. പ്രസിഡന്‍റ് ബിജു വലിയമലയ്ക്ക് തോന്നിയ ഒരാശയമാണ് പഞ്ചായത്തിന് നേട്ടമുണ്ടാക്കികൊടുത്തത്.
ഒമ്പത്, പത്ത് വാര്‍ഡുകളിലൂടെ ഒഴുകുന്ന തോടിന്‍റെ ശുചീകരണം നടത്തിയത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്. ഒപ്പം സേവനതത്പരാരായ നാട്ടുകാരും ചേര്‍ന്നു. മഴക്കാലപൂര്‍വ്വശുചീകരണത്തിന് രണ്ട് വാര്‍ഡുകള്‍ക്കുംകൂടിയുള്ള 20000 രൂപയും പഞ്ചായത്ത് പെറ്റി വര്‍ക്കില്‍ ഉള്‍പ്പെടുത്തി 20000 രൂപയും ചേര്‍ത്താണ് പണികള്‍ തീര്‍ത്തത്. ജോലികള്‍ കഴിഞ്ഞപ്പോള്‍ ഇത്രയും തുകയേ ചെലവായുള്ളു എന്നത് നാട്ടുകാരെയും അത്ഭുതപ്പെടുത്തി. അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപത്തുകൂടി ഒഴുകി പെണ്ണാര്‍തോട്ടില്‍ എത്തിചേരുന്നതാണ് മൂത്തതോട്.
ഇതിന്‍റെ ചുവടുപിടിച്ച് അതിരമ്പുഴയിലെ ചന്തക്കുളവും പരിസരവും വൃത്തിയാക്കാനുള്ള നീക്കത്തിലാണ് പ്രസിഡന്‍റ്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് അതിരമ്പുഴ ചന്തകുളവും പരിസരവും വൃത്തിയാക്കുന്നതിനും കുളത്തിലെ പോള നീക്കം ചെയ്യുന്നതിനും 20000 രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. വിവരമറിഞ്ഞപ്പോള്‍ പഞ്ചായത്തിനെ സഹായിക്കാന്‍ പൊതുജനങ്ങളും എത്തി രംഗത്ത്. തുടക്കമായി 10000 രൂപ സാബു കുര്യൻ പീടിയേക്കൽ എന്ന വ്യക്തി പഞ്ചായത്ത് പ്രസിഡന്‍റ് ബിജു വലിയമലക്കു കൈമാറി. ചന്തക്കുളത്തിന് സമീപം നടന്ന ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ ജോസ് അമ്പലക്കുളം, ജെയിംസ് തോമസ്, ഫസീന, സിബി കൊച്ചുപുര എന്നിവരും പങ്കെടുത്തു.
ടെന്‍ഡര്‍ വിളിച്ച് കരാറുകാരനെ പണികള്‍ ഏല്‍പ്പിച്ചാല്‍ ലക്ഷങ്ങള്‍ പഞ്ചായത്തിന് നഷ്ടപ്പെടും. അതിരമ്പുഴ ചന്തക്കുളം മുതല്‍ പെണ്ണാര്‍തോട്ടിലെ പോള എത്ര വലിയ തോതില്‍ നീക്കം ചെയ്താലും ഒരു മാസത്തിനകം പഴയ സ്ഥിതിയിലാകും. അതേസമയം, ജനപങ്കാളിത്തത്തോടെ പഞ്ചായത്ത് നേരിട്ട് ചെയ്താല്‍ ഒറ്റ തവണ കരാറുകാരനെ ഏല്‍പ്പിക്കുന്ന തുകകൊണ്ട് എല്ലാ മാസവും തന്നെ ശുചീകരണം നടത്താനാവുമെന്നാണ് പ്രസിഡന്‍റിന്‍റെ കണക്കുകൂട്ടല്‍. ഭാവിയില്‍ ആരെങ്കിലും പഞ്ചായത്തിന് ഒരു വള്ളം സ്പോണ്‍സര്‍ ചെയ്താല്‍ ഇതുപയോഗിച്ച് തോട് വൃത്തിയാക്കുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താനാവുമെന്നും ബിജു വലിയമല ചൂണ്ടികാട്ടുന്നു.