08 June, 2021 05:12:34 PM
'കോട്ടയത്തെ ബീഫ് സ്വർണം പൂശിയതോ?'; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ച കത്ത് മന്ത്രിക്ക്
കോട്ടയം: കോട്ടയത്തെ ബീഫ് സ്വർണം പൂശിയതോ ? ജില്ലയില്‍ പോത്തിറച്ചിയ്ക്ക് അമിതവില ഈടാക്കുന്നതില്‍ പരാതിപ്പെട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ച കത്തിലെ പരാമര്‍ശമാണിത്. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു കോട്ടയം ജില്ലയിൽ പോത്തിറച്ചിക്ക് കശാപ്പുകാർ ഈടാക്കുന്ന കൊള്ളവില നിയന്ത്രിക്കാനും സംസ്ഥാനത്ത് വില ഏകീകരണം ഏർപ്പെടുത്താനും ആവശ്യപ്പെട്ട് മുളക്കുളം സ്വദേശി കെ.വി. ജോർജാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മിയ്ക്ക് കത്ത് അയച്ചത്.
ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് തന്റെ കത്ത് ഉൾപ്പെടെ പരാതി ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന് കൈമാറിയിരിക്കുകയാണ് നിര്‍മ്മല ജിമ്മി. ഇതര ജില്ലകളിൽ പോത്തിറച്ചി കിലോയ്ക്ക് ശരാശരി 280 രൂപ ഈടാക്കുമ്പോൾ കോട്ടയം ജില്ലയിലെ പോത്തിറച്ചി എന്താ സ്വർണം പൂശിയതാണോ എന്ന പരാമർശത്തോടെയാണ് മുളക്കുളം സ്വദേശി കെ.വി. ജോർജ് നിർമല ജിമ്മിക്ക് കത്ത് അയച്ചത്.
250 രൂപയിൽ താഴെ ഈടാക്കാവുന്ന കാളയിറച്ചിയും മൂരിയിറച്ചിയുംവരെ ജില്ലയിൽ പോത്തിറച്ചി എന്ന ബ്രാൻഡിൽ 360-380 രൂപ നിരക്കിൽ വിറ്റുവരുന്നതിനെതിരേയും നടപടിയില്ല. ഇടുക്കിയിൽ 300-320, എറണാകുളം 280-300, തൃശൂർ 290-300, കണ്ണൂരിൽ 300 രൂപ നിരക്കിലാണ് വിൽപന. മറ്റ് ജില്ലകളിൽ പോത്തിറച്ചി കൊത്തിനുറുക്കി കറിവയ്ക്കാൻ പാകത്തിനു നൽകുന്പോൾ കോട്ടയം ജില്ലയിൽ നുറുക്കാൻ കിലോയ്ക്ക് 10 രൂപ അധികം നൽകണം.