08 June, 2021 01:16:55 PM


'വാക്സിന് ബോണസായി രോഗവും': വിഷയത്തില്‍ ഇടപെട്ട് നഗരസഭാ ചെയര്‍മാന്‍

- സുനില്‍ പാലാ



പാലാ: വാക്സിനെടുക്കാൻ വന്നവർ ബോണസായി രോഗം കൂടി തിരികെ കൊണ്ടുപോകേണ്ട അവസ്ഥ. കേരളത്തില്‍ പലയിടത്തുമെന്നപോലെ പാലാ ജനറൽ ആശുപത്രിയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ കുത്തിവെയ്പ് നടക്കുന്നതിനെതിരെ പ്രതികരിച്ച് യുവാവ്. വാക്സിനെടുക്കാൻ എത്തിയ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും മാനദണ്ഡങ്ങള്‍ പാലിക്കാതെ അധികൃതര്‍ തങ്ങളുടെ ജോലിയില്‍ വ്യാപൃതരായിരിക്കുന്നതും യുവാവ് മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. ഇതറിഞ്ഞപിന്നാലെ നഗരസഭാ ചെയര്‍മാന്‍ വിഷയത്തില്‍ ഇടപെട്ടു.


ജനകൂട്ടം നിയന്ത്രിക്കാൻ ഒരു വനിതാ പോലീസ് മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ജനറൽ ആശുപത്രിയുടെ ചുമതലയുള്ള പാലാ നഗരസഭാ ചെയർമാൻ ആന്‍റൊ ജോസ് പടിഞ്ഞാറേക്കര സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഒരു കാരണവശാലും തിരക്കുണ്ടാകാൻ പാടില്ലെന്ന് ആശുപത്രി അധികാരികൾക്ക് കർശന നിർദ്ദേശം നൽകി. ഇന്ന് രാവിലെ ജനങ്ങളുടെ തിരക്കുണ്ടായിരുന്നതായി ആശുപത്രി അധികാരികൾ സമ്മതിച്ചതായും ചെയർമാൻ പറഞ്ഞു. തിരക്കൊഴിവാക്കാൻ  പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു മാത്രമേ നാളെ മുതൽ വാക്സിനേഷൻ നടത്തുകയുള്ളൂവെന്നും  ചെയർമാൻ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K