07 June, 2021 10:33:16 AM
വാക്സിനേഷനില്‍ പിഴവ്: വനിതാ ഓട്ടോ ഡ്രൈവറുടെ കയ്യില്‍ വ്രണം; മൗനം പാലിച്ച് അധികൃതര്‍
എരുമേലി: കോവിഡ് വാക്സിനേഷന്‍ എടുത്തതിലെ പിഴവ്മൂലം വനിതാ ഓട്ടോ ഡ്രൈവറുടെ കയ്യില്‍ വന്‍ വ്രണവും പഴുപ്പും. വാക്സിന്‍ എടുത്ത അതേ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയിട്ടും തങ്ങളുടെ തെറ്റ് സമ്മതിക്കാന്‍ തയ്യാറാകാതെ ആരോഗ്യവകുപ്പ് ജീവനക്കാരും. കഴിഞ്ഞ ഏപ്രില്‍ 12ന് എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും കോവിഷീല്‍ഡ് ആദ്യഡോസ് വാക്സിന്‍ സ്വീകരിച്ച ശാസ്താംകോയിക്കല്‍ താഹിറാബീവി (46)യ്ക്കാണ് ഈ ദുരവസ്ഥ. വാക്സിന്‍ എടുത്ത് 56 ദിവസം പിന്നിടുമ്പോഴും ഇവരുടെ കൈ അനക്കാനാവാത്ത സ്ഥിതി തുടരുകയാണ്.
വാക്സിന്‍ സ്വീകരിച്ചശേഷം മറ്റ് അസ്വസ്ഥതകള്‍ ഒന്നും അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ 36 ദിവസം കഴിഞ്ഞപ്പോള്‍ വാക്സിന്‍ എടുത്ത സ്ഥലത്ത് വേദനയും പഴുപ്പും അനഭവപ്പെട്ടു. എരുമേലിയിലെ തന്നെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. രണ്ടാമത്തെ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടത്തെ ഡോക്ടര്‍ ആണ് വാക്സിനേഷനിലെ ഏറ്റവും വലിയ പിഴവ് കണ്ടെത്തിയത്. ഇടതുകൈയില്‍ എടുക്കേണ്ട വാക്സിന്‍ എടുത്തിരിക്കുന്നത് വലതുകൈയില്‍.
ഇടതുകൈയിലാണ് വാക്സിന്‍ എടുക്കേണ്ടതെന്ന് ഡോക്ടര്‍ ചൂണ്ടികാട്ടിയപ്പോള്‍ തനിക്കിതേപ്പറ്റി അറിവില്ലായിരുന്നുവെന്നും താന്‍ കാണിച്ച കൈയില്‍ അവര്‍ കുത്തുകയായിരുന്നുവെന്നും താഹിറാബീവി പറഞ്ഞു. വാക്സിന്‍ എടുത്തപ്പോഴോ അതിനുമുമ്പോ തന്‍റെ ഇടതുകൈയ്ക്ക് പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും ഇടതുകൈയിലാണ് കുത്തേണ്ടതെന്ന് നഴ്സ് പറഞ്ഞില്ലെന്നും താഹിറ പറയുന്നു. പരിശോധനയില്‍ ശസ്ത്രക്രീയ ചെയ്യേണ്ടിവരുമെന്ന് പറഞ്ഞ ഡോക്ടര്‍ തുടര്‍ചികിത്സയ്ക്ക് വാക്സിന്‍ എടുത്ത സര്‍ക്കാര്‍ ആശുപത്രിയിലേക്ക് തന്നെ താഹിറയെ പറഞ്ഞുവിട്ടു.
സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ താഹിറയുടെ കൈയിലെ വ്രണം പൊട്ടിച്ച് വിട്ട് കഴിക്കാനുള്ള മരുന്നുകള്‍ കൊടുത്ത് വിട്ടു. പിന്നീട് മൂന്ന് തവണ ആശുപത്രിയില്‍ എത്തിയപ്പോഴും ആന്‍റിബയോട്ടിക് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ നല്‍കി. ഇതോടൊപ്പം പ്രമേഹരോഗിയല്ലാത്ത തനിക്ക് പ്രമേഹത്തിനുള്ള മരുന്നും നല്‍കിയതായി താഹിറ പറയുന്നു. ഇപ്പോള്‍ ശസ്ത്രക്രീയ നടത്തേണ്ടിവരുമെന്ന നിലപാടിലാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറും. ദിവസേന വലുതായി വരുന്ന വ്രണം ഇപ്പോള്‍ പുഴുവരിക്കുന്ന പോലായി. അസ്ഥികള്‍ക്ക് വേദനയും അനുഭവപ്പെട്ടുതുടങ്ങി.
സ്വകാര്യ ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വാക്സിനേഷന്‍ എടുത്തപ്പോള്‍ മൊബൈലില്‍ ലഭിച്ച സന്ദേശം പരിശോധിച്ചിരുന്നു. ഏപ്രില്‍ 12ന് ഉച്ചകഴിഞ്ഞ് 3.49ന് വാക്സിന്‍ സ്വീകരിച്ചതായുള്ള സന്ദേശത്തില്‍ വാക്സിന്‍ നല്‍കിയ ആരോഗ്യപ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍ പിന്നീട് താന്‍ ഇവരുടെ പേരും ഫോണ്‍ നമ്പരും ചോദിച്ചപ്പോള്‍ തരാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് താഹിറ പറയുന്നു. സംഭവത്തില്‍ ജില്ലാ അധികൃതര്‍ക്ക് പരാതി നല്‍കാനിരിക്കുകയാണ് താഹിറാബീവി.
വിധവയായ താഹിറാബീവി വര്‍ഷങ്ങളായി ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. രണ്ട് പെണ്‍മക്കളാണിവര്‍ക്ക്. ഒന്നര വര്‍ഷമായി എരുമേലിയില്‍ കോവിഡ് രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനും മറ്റും തന്‍റെ ഓട്ടോയുമായി ഇവര്‍ മുന്നിലുണ്ട്. താഹിറയുടെ സേവനം കണക്കിലെടുത്ത് എരുമേലിയില്‍ കഴിഞ്ഞ ദിവസം നടന്ന എംഎല്‍എയുടെ സര്‍വ്വീസ് ആര്‍മി ചടങ്ങില്‍ ഇവരെ ആദരിച്ചിരുന്നു.
വാക്സിന്‍ നല്‍കിയതിലെ പിഴവ് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഒരു ആരോഗ്യപ്രവര്‍ത്തക ചൂണ്ടികാട്ടി. കൃത്യമായ സ്ഥലത്ത് കുത്തിവെയ്പ് നടത്താത്തതും, സിറിഞ്ചില്‍ പൊടിപടലങ്ങള്‍ കയറിയത് ശുചീകരിക്കാതെ കുത്തിവെക്കുന്നതുമൊക്കെ ഇതിന് കാരണമാകാം. ആരോഗ്യവകുപ്പ് സപ്ലൈ ചെയ്യുന്ന സിറിഞ്ചുകള്‍ പലപ്പോഴും ഇത്തരത്തില്‍ ഉപയോഗ്യമല്ലാത്തതാകാറുമുണ്ട്. ആരോഗ്യവകുപ്പില്‍ സ്റ്റാഫിന്‍റെ കുറവ് അനുഭവപ്പെട്ടതോടെ കരാര്‍ അടിസ്ഥാനത്തില്‍ ഏറെ പേരെ ഇപ്പോള്‍ നിയമിച്ചിട്ടുണ്ട്. ഇവരില്‍ ആവശ്യമായ പരിശീലനം ലഭിക്കാത്തവര്‍ കുത്തിവെയ്പ് നടത്തിയാലും ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുക്കാമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.