06 June, 2021 04:04:52 PM


ഓണ്‍ലൈന്‍ ക്ലാസ്; വൈദ്യുതി വിതരണം, നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം




കോട്ടയം: ജില്ലയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാകും ഇതിനുവേണ്ട അടിയന്തര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക. 


വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മൊബൈല്‍ ഫോണുകളും ടാബ്‌ലെറ്റുകളും ലഭ്യമാക്കുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങളും സഹകരണ വകുപ്പും നടപടി സ്വീകരിക്കും. ജില്ലയിലെ 364 വായനശാലകളും പൊതു പഠന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ഈ കേന്ദ്രങ്ങളില്‍ പഠനം നടത്തുക. 


ഓണ്‍ലൈന്‍ പഠനോപാധികളില്ലാത്ത കുട്ടികളെ കണ്ടെത്തുന്നതിനും പൊതു പഠന കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കുന്നതിനും കുടുംബശ്രീയുടെ സഹകരണം ലഭിക്കും. വിദ്യാര്‍ഥികളുടെ വീടുകളിലേക്കുള്ള വൈദ്യുതി വിതരണം സുഗമമാണെന്ന് ഉറപ്പാക്കുന്നതിന് കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തി.


തടസമില്ലാതെ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് ബി.എസ്.എന്‍.എല്‍, ഏഷ്യനെറ്റ്, ജിയോ, എയര്‍ടെല്‍, വിഐ എന്നീ കമ്പനികള്‍  നടപടി സ്വീകരിക്കും. വൈദ്യുതി വിതരണം, നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അതിവേഗം കൈമാറി പരിഹാരം കാണുന്നതിന് ജില്ലാ കളക്ടറും മറ്റ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട ഏജന്‍സികളുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന വാട്‌സപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. 


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ജില്ലാ മേധാവികള്‍, കുടുംബശ്രീ, അക്ഷയ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍, കെ.എസ്.ഇ.ബിയുടെയും ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കമ്പനികളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K