03 June, 2021 11:24:56 AM
കോണ്‍ഗ്രസ് വിട്ട ലതികാ സുഭാഷ് ആദ്യമായി എല്‍ഡിഎഫ് പരിപാടിയില്‍
കോട്ടയം: കോണ്‍ഗ്രസ് വിട്ട് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ ഇടതു-വലതു മുന്നണികള്‍ക്കതിരെ സ്വതന്ത്രയായി മത്സരിച്ച ലതികാ സുഭാഷ് സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് ധര്‍ണ്ണയില്‍. ലക്ഷദ്വീപ് നിവാസികളുടെ സ്വാതന്ത്ര്യവും സംസ്കാരവും ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആര്‍പ്പൂക്കര ബിഎസ്എന്‍എല്‍ ഓഫീസിനുമുന്നില്‍ ഇന്ന് രാവിലെ 11ന് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തത് ലതികാ സുഭാഷ്.
കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്നശേഷം ആദ്യമായാണ് ലതിക എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നില്‍ നടക്കുന്ന പ്രതിഷേധപരിപാടിയുടെ ഭാഗമായാണ് ആര്‍പ്പൂക്കരയിലും ധര്‍ണ്ണ നടന്നത്. സിപിഎം പതാകകളേന്തിയ പ്രവര്‍ത്തകരോടൊപ്പം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന ധര്‍ണ്ണ എന്‍സിപിയുടെ അഭിവാദ്യങ്ങള്‍ അറിയിച്ചശേഷമാണ് ലതിക ഉദ്ഘാടനം ചെയ്തത്.
ഒരാഴ്ചമുമ്പ് കേന്ദ്രസര്‍ക്കാരിനെതിരെ ദേശീയതലത്തില്‍ പ്രതിപക്ഷകക്ഷികള്‍ സംഘടിപ്പിച്ച ഒരു പ്രതിഷേധപരിപാടിയിലും ലതിക പങ്കെടുത്തിരുന്നുവെങ്കിലും എല്‍ഡിഎഫ് പരിപാടിയില്‍ ഇതാദ്യമാണ്. എന്‍സിപി പ്രവേശനത്തിനു പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള കര്‍ഷകസമരം ആറ് മാസം തികയുന്ന ദിനത്തില്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കോട്ടയത്ത് നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തതും ലതികയായിരുന്നു.