31 May, 2021 09:25:20 PM
ഏറ്റുമാനൂര്‍ നഗരസഭ: താത്ക്കാലിക ജീവനക്കാരുടെ നിയമനം സ്ഥിരംസമിതി അധ്യക്ഷ അറിയാതെ
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയില്‍ ആരോഗ്യകാര്യ സ്ഥിരം സമിതിയ്ക്കു കീഴില്‍ താത്ക്കാലികജീവനക്കാരെ നിയമിച്ചത് താന്‍ അറിയാതെയെന്ന ആരോപണവുമായി സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍. നഗരസഭയില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണമെന്ന് ഒരു മാസം മുമ്പ് ചേര്‍ന്ന നഗരസഭാ സ്റ്റിയറിംഗ് കമ്മറ്റി തീരുമാനിച്ചിരുന്നു. കമ്മിറ്റിയുടെ തൊട്ടടുത്ത ദിവസം തന്നെ രണ്ട് പേര്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
എന്നാല്‍ തന്‍റെ ചുമതലയിലുള്ള ആരോഗ്യവിഭാഗത്തിലായിരുന്നു ഇവരുടെ നിയമനമെന്ന കാര്യം തിങ്കളാഴ്ചയാണ് അറിഞ്ഞതെന്ന് സമിതി അധ്യക്ഷ സുനിത ബിനീഷ് കൈരളി വാര്‍ത്തയോട് പറഞ്ഞു. നഗരസഭയില്‍ കണ്ടിജന്‍സി ജീവനക്കാരായാണ് ഇവരുടെ നിയമനം. കണ്ടിജന്‍സി ജീവനക്കാര്‍ ആരോഗ്യസ്ഥിരംസമിതിയുടെ കീഴിലാണ് പ്രവര്‍ത്തിക്കേണ്ടത്. മൂന്നാം വാര്‍ഡ് കൌണ്‍സിലറും ആരോഗ്യസ്ഥിരം സമിതി അംഗവുമായ ബീനാ ഷാജിയാണ് നിയമനം നടന്നതിലെ പൊരുത്തക്കേട് കണ്ടെത്തി വിവരം സമിതി അദ്ധ്യക്ഷയുടെ ശ്രദ്ധയില്‍പെടുത്തിയത്.
ഉടനെ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ വിളിച്ച് ചോദിച്ചെങ്കിലും 'പറയാൻ മറന്നു' എന്നായിരുന്നുവത്രേ മറുപടി. കണ്ടിജന്‍സി ജീവനക്കാരെ നിയമിക്കണമെങ്കില്‍ ആരോഗ്യകാര്യ സ്ഥിരംസമിതിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തശേഷം കൌണ്‍സിലില്‍ വെച്ച് പാസാക്കണം എന്നാണ് ചട്ടം. എന്നാല്‍ ഇതൊന്നും ഇവരുടെ നിയമനത്തില്‍ ഉണ്ടായില്ല എന്ന് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആരോപിക്കുന്നു. മാത്രമല്ല നിയമനം നടത്തിയിട്ട് തന്നോട് പറയാന്‍ മറന്നു എന്ന ഉദ്യോഗസ്ഥന്‍റെ ഭാഷ്യം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.
എന്നാല്‍ സ്ഥിരംസമിതി അദ്ധ്യക്ഷ അറിഞ്ഞാണ് നിയമനമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ലൌലി ജോര്‍ജ് പറഞ്ഞു. സ്റ്റിയറിംഗ് കമ്മറ്റിയില്‍ തീരുമാനിച്ചതാണെന്നും കോവിഡ് പ്രതിസന്ധി തീരുമ്പോള്‍ ഇവരെ പിരിച്ചുവിടുമെന്നും അവര്‍ പറഞ്ഞു.
സ്റ്റിയറിംഗ് കമ്മറ്റിയില്‍ തീരുമാനിച്ചത് നിലവിലെ സെക്യൂരിറ്റി ജീവനക്കാരന് തുടരാന്‍ അസൌകര്യമുണ്ടായപ്പോള്‍ പകരക്കാരനെ നിയമിക്കാനാണ്. പക്ഷെ തുടര്‍ചര്‍ച്ചകള്‍ ഒന്നും ഉണ്ടായില്ല. മാത്രമല്ല കണ്ടിജന്‍സി ജീവനക്കാരായി നിയമിക്കുമ്പോള്‍ ആരോഗ്യസ്ഥിരം സമിതിയുടെ അനുമതി വേണ്ടതാണ്. അങ്ങിനെയൊരു ആലോചനയേ നടന്നിട്ടില്ലെന്നും സുനിത ആരോപിച്ചു. പുതുതായി നിയമിക്കപ്പെട്ട ജീവനക്കാരെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും സുനിത പറയുന്നു.