30 May, 2021 05:50:21 PM


നാളെ വാക്സിനേഷന്‍ 18-44 പ്രായപരിധിയിലെ മുന്‍ഗണനാ വിഭാഗത്തില്‍പെട്ടവര്‍ക്കു മാത്രം



കോട്ടയം: ജില്ലയില്‍ നാളെ (മെയ് 31) 18-44 പ്രായപരിധിയിലെ  മുന്‍ഗണനാ വിഭാഗങ്ങളില്‍പെട്ടവര്‍ക്കു മാത്രമാണ് കോവിഡ് വാക്സിന്‍ നല്‍കുക. അനുബന്ധ രോഗങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന തൊഴില്‍ വിഭാഗങ്ങളില്‍ പെട്ടവര്‍, വിദേശത്തേക്ക് പോകുന്നവര്‍ എന്നിവരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുന്നത്. 


അനുബന്ധ രോഗങ്ങളുള്ളവരും ഭിന്നശേഷിക്കാരും വിദേശത്തേക്ക് പോകേണ്ടവരും  www.cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്തി covid19.kerala.gov.in/vaccine എന്ന വെബ്സൈറ്റില്‍ വ്യക്തിവിവരങ്ങള്‍ നല്‍കി രേഖകള്‍ അപ് ലോഡ് ചെയ്യണം. അനുബന്ധ രോഗമോ ഭിന്നശേഷിയോ സംബന്ധിച്ച  സര്‍ട്ടിഫിക്കറ്റ്, വിദേശത്തേക്ക് പോകുന്നവര്‍ യാത്രാ രേഖകള്‍ എന്നിവയാണ് അപ് ലോഡ് ചെയ്യേണ്ടത്.


ഈ പ്രായപരിധിയിലെ മുന്‍ഗണനാ തൊഴില്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ www.cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനു ശേഷം ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ മേധാവിയോ ചുമതലയുള്ള ഉദ്യോഗസ്ഥനോ covid19.kerala.gov.in/vaccine എന്ന വെബ്സൈറ്റില്‍ ഈ വിഭാഗത്തില്‍ പെടുന്ന ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കി രജിസ്ട്രേഷന്‍ നടത്തണം. സ്വകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പറും നല്‍കേണ്ടതുണ്ട്.


ഇങ്ങനെ നല്‍കുന്ന വിവരങ്ങള്‍ ആരോഗ്യ വകുപ്പ് പരിശോധിച്ചശേഷം അര്‍ഹരായവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രവും സമയവും ഉള്‍പ്പെടെയുള്ള എസ്.എം.എസ് അയയ്ക്കും. എസ്.എം.എസ് ലഭിക്കുന്നവര്‍ മാത്രം വാക്സിന്‍ സ്വീകരിക്കാന്‍ എത്തിയാല്‍ മതിയാകും. രജിസ്ട്രേഷനും രേഖകള്‍ അപ് ലോഡ് ചെയ്യുന്നതിനും പ്രത്യേക സമയക്രമീകരണം ഇല്ല. 
രോഗം, ഭിന്നശേഷി എന്നിവ തെളിയിക്കുന്ന രേഖ, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന തൊഴില്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ തൊഴിലുമായി ബന്ധപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡ്,വിദേശത്തേക്ക് പോകുന്നവര്‍ യാത്രാ രേഖകള്‍ എന്നിവ വാക്സിന്‍ സ്വീകരിക്കാനെത്തുമ്പോള്‍ കൊണ്ടുവരേണ്ടതാണ്.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന തൊഴില്‍ വിഭാഗങ്ങള്‍

>  ഓക്‌സിജന്‍ പ്ലാന്റുകള്‍, വിതരണ കേന്ദ്രങ്ങള്‍, ഫില്ലിംഗ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ എല്ലാ ജീവനക്കാരും ഓക്‌സിജന്‍ ടാങ്കര്‍ ഡ്രൈവര്‍മാരും
>  ഇന്ത്യന്‍ റെയില്‍വേയുടെ ഫീല്‍ഡ് ജീവനക്കാര്‍
>  റെയില്‍വേ ടിടിഇമാരും ഡ്രൈവര്‍മാരും
>  വിമാനത്താവളങ്ങളിലെ ഫീല്‍ഡ്, ഗ്രൗണ്ട് സ്റ്റാഫ്
>  കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും
>  മാധ്യമങ്ങളിലെ ഫീല്‍ഡ് ജേര്‍ണലിസ്റ്റുകള്‍
>  മത്സ്യ-പച്ചക്കറി വ്യാപാരികള്‍
>  ഹോര്‍ട്ടികോര്‍പ്പ്, മത്സ്യഫെഡ്, കണ്‍സ്യൂമര്‍ഫെഡ്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, തൊഴില്‍ വകുപ്പ് എന്നിവയിലെ ഫീല്‍ഡ് ജീവനക്കാര്‍
>  പെട്രോള്‍ പമ്പ് ജീവനക്കാര്‍
>  വാര്‍ഡ്തല ദ്രുതകര്‍മ്മ സേനാംഗങ്ങള്‍
>  സന്നദ്ധ സേനാ വോളണ്ടിയര്‍മാര്‍
>  ഹോം ഡെലിവറി ഏജന്റുമാര്‍
>  ഹെഡ്‌ലോഡ് വര്‍ക്കര്‍മാര്‍
>  പാല്‍, പത്ര വിതരണക്കാര്‍
>  ചെക്ക് പോസ്റ്റുകള്‍, ടോള്‍ ബൂത്തുകള്‍, ഹോട്ടലുകള്‍, അവശ്യവസ്തു വില്‍പ്പനശാലകള്‍, ജനസേവന കേന്ദ്രങ്ങള്‍, റേഷന്‍ കടകള്‍, ബിവറേജസ് കോര്‍പ്പറേഷന്‍ എന്നിവിടങ്ങിലെ ജീവനക്കാര്‍, ജിറിയാട്രിക് - പാലിയേറ്റീവ് കെയര്‍ വര്‍ക്കര്‍മാര്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K