29 May, 2021 12:37:08 PM
വീടെന്ന സ്വപ്നം: ഗോപിക്ക് കൈതാങ്ങുമായി 'പേരൂര്‍ ഫ്രണ്ട്സ്' വാട്സ് ആപ്പ് കൂട്ടായ്മ
കോട്ടയം: കിടപ്പാടമെന്ന സ്വപ്നം പൂര്‍ത്തീകരിക്കാനാവാതെ കണ്ണീര്‍ക്കയത്തിലകപ്പെട്ട ഗോപിക്ക് കൈതാങ്ങുമായി വാട്സ് ആപ്പ് കൂട്ടായ്മ. പാതിവഴിയില്‍ മുടങ്ങിപോയ വീടുപണി പൂര്‍ത്തിയാക്കാന്‍ ഒരു രാത്രികൊണ്ട് വാട്സ് ആപ്പ് ഗ്രൂപ്പിലെ യുവാക്കള്‍ പിരിച്ചെടുത്തത് 23500 രൂപ. പേരൂര്‍ പായിക്കാട് കടവിനുസമീപം വലിയവീട്ടില്‍ ഗോപിയാണ് തന്‍റെ അസുഖവും കുടുംബപ്രാരാബ്ദങ്ങളും മൂലം നഗരസഭാ ധനസഹായം അനുവദിച്ചിട്ടുപോലും വീടുപണി പൂര്‍ത്തിയാക്കാനാവാതെ കഷ്ടതയിലായത്.
മരപ്പണിക്കാരനായ ഗോപി ഭാര്യയും മകനും മകന്‍റെ ഭാര്യയും അവരുടെ മൂന്ന് മക്കളുമായി മീനച്ചിലാറിന്‍റെ തീരത്തെ കൊച്ചുകൂരയിലായിരുന്നു താമസിച്ചിരുന്നത്. വെള്ളപ്പൊക്കത്തില്‍ തകര്‍ച്ചയുടെ വക്കിലെത്തിയ കൂര പൊളിച്ചുപണിയുന്നതിന് ഏറ്റുമാനൂര്‍ നഗരസഭയില്‍നിന്ന് പണമനുവദിച്ചത് ഈ കുടുംബത്തിന് ആശ്വാസമായെങ്കിലും ആ സന്തോഷം ഏറെ നാള്‍ നീണ്ടുനിന്നില്ല.
പുതിയ വീടുപണിയുന്നതിനായി, താമസിച്ചിരുന്ന കൂര പൊളിച്ചുമാറ്റി ഇവര്‍ വാടകവീട്ടിലേക്ക് താമസം മാറ്റി. വീടുപണി പുരോഗമിക്കവെ വാര്‍ക്കയുടെ മുകളില്‍നിന്നും താഴെ വീണ് മകന്‍റെ നട്ടെല്ല് ഒടിഞ്ഞു. പുരപണിയ്ക്കായി നീക്കിവെച്ചിരുന്ന പണം മുഴുവന്‍ മകന്‍റെ ചികിത്സയ്ക്കായി മുടക്കി. ഇതോടെ മകന് പണിക്ക് പോകാനും പറ്റാത്ത അവസ്ഥയായി. ലോക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ വല്ലപ്പോഴുമുണ്ടായിരുന്ന ഗോപിയുടെ വരുമാനവും നിലച്ചു.
ഇതിനിടെ വാടകവീട്ടില്‍നിന്നും മാറികൊടുക്കേണ്ട സാഹചര്യവുമുണ്ടായി. ആധാരം പണയം വെച്ച് രണ്ട് ലക്ഷം രൂപ വായ്പയെടുത്തെങ്കിലും വീടുപണി എങ്ങുമെത്തിയില്ല. വാര്‍ക്ക പൂര്‍ത്തീകരിക്കാതെ നഗരസഭ അടുത്ത ഗഡു നല്‍കില്ല. പക്ഷെ നിര്‍മ്മാണം മുന്നോട്ട് നീങ്ങണമെങ്കില്‍ പണം വേണം. ധര്‍മ്മസങ്കടത്തിലായ ഗോപി പലരേയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കഴിഞ്ഞദിവസം ഒരു സുഹൃത്തിന്‍റെ പ്രേരണയാല്‍ തന്‍റെ പ്രശ്നങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഇതാണ് 'പേരൂര്‍ ഫ്രണ്ട്സ്' എന്ന വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങള്‍ സഹായഹസ്തവുമായി എത്താന്‍ വഴിയൊരുക്കിയത്.
നാട്ടുകാരനായ ഗോപിയും കുടുംബവും നേരിടുന്ന കഷ്ടതകള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ സജീവചര്‍ച്ചയായി. ഇതിനിടെ ഗ്രൂപ്പില്‍ അംഗമായ മുന്‍ വാര്‍ഡ് കൌണ്‍സിലര്‍ അഡ്വ.യദുകൃഷ്ണന്‍ ഗോപിയുടെ വീട്ടില്‍ നേരിട്ടെത്തി അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരങ്ങള്‍ കൂടി ഗ്രൂപ്പില്‍ പങ്കുവെച്ചു. ഗ്രൂപ്പിലെ ചര്‍ച്ചയില്‍ സഹായഹസ്തം നീട്ടാന്‍ എല്ലാവരും ഒരേമനസോടെ രംഗത്തെത്തി. 253 പേരുള്ള ഗ്രൂപ്പില്‍ ഒരാള്‍ 100 രൂപ വീതം സംഭാവനചെയ്താല്‍ വാര്‍ക്ക തീരാനുള്ള തുക ലഭിക്കും എന്നായിരുന്നു കണക്കുകൂട്ടല്‍.
വെള്ളിയാഴ്ച രാത്രി 11 മണിയോടെ ആദ്യസംഭാവന കുന്നത്ത് സാബുവിന്‍റെ പക്കല്‍നിന്നും അക്കൌണ്ടില്‍ എത്തി. ശനിയാഴ്ച രാവിലെ ആയപ്പോഴേക്കും ഇത് 23500 ആയി. ആയിരവും അഞ്ഞൂറും ഒക്കെ നല്‍കിയവര്‍ ഏറെ. വാര്‍ക്ക പൂര്‍ത്തീകരിക്കാനുള്ള തുകയ്ക്കു പുറമെ ഗോപിയുടെ കുടുംബത്തിനുള്ള ചികിത്സാസഹായം കൂടി എത്തിക്കാനുള്ള ശ്രമത്തിലാണ് അംഗങ്ങള്‍ ഇപ്പോള്‍. ഏവര്‍ക്കും മാതൃകയായി മാറിയ പ്രവര്‍ത്തനം കാഴ്ചവെച്ച വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങളെ പ്രശംസിച്ച് ഒട്ടേറെ പേര്‍ ഇതിനോടകം രംഗത്തെത്തി.