28 May, 2021 09:01:40 PM
കൊവിഡ്: കാരുണ്യത്തിന്‍റെ കരസ്പര്‍ശവുമായി പാലാ മാർ സ്ലീവാ മെഡിസിറ്റി
പാലാ: കണ്ണ് നിറഞ്ഞും കൈകൂപ്പിയും വിറയാർന്ന ചുണ്ടുകളോടെ നന്ദി പറഞ്ഞു നിന്ന ആയിരത്തി ഒരുനൂറിൽപ്പരം കൊവിഡ് രോഗികളുടെയും കുടുംബാംഗങ്ങളുടേയും മുഖങ്ങൾ മിന്നിമറയുകയാണ് ഡോ.ആൻ ടോമിനാ തോമസിന്‍റെയും ഡോ.ജസ്വിൻ ജോർജിന്‍റെയും മനസില്‍. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ആതുര സേവനത്തിന്‍റെ നന്മമുഖവുമായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നിന്ന് കൊവിഡ് ഫൈറ്റേഴ്സ് ആയി ഇവർ കുതിച്ചെത്തിയത് ഇരുനൂറ്റമ്പതിൽപ്പരം കുടുംബങ്ങളിലേക്ക്.
കൊവിഡ് രോഗികളെ അവരവരുടെ വീടുകളിൽച്ചെന്ന് ചികിത്സിക്കുക; അതും നയാപൈസ വാങ്ങാതെ. സംസ്ഥാനത്ത് ആദ്യമായി ഒരു സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്വീകരിച്ച ഈ കാരുണ്യസേവനയാത്രയെ സർക്കാർ പോലും പ്രശംസിച്ചു. അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. പാലാ രൂപതയുടെ കാരുണ്യ ഹൃദയത്തിന്‍റെ ബൈപ്പാസാണിന്ന് മാർ സ്ലീവാ മെഡിസിറ്റി.
"കൊവിഡ് പിടിപെട്ടതോടെ ഒരു പാട് പേടിയും ആശങ്കകളും നിറഞ്ഞതാണ് ഓരോ കുടുംബവുമെന്ന് അവരുടെ വീടുകളിൽ ചെന്നപ്പോൾ ഞങ്ങൾക്ക് മനസ്സിലായി. ചികിത്സകളെപ്പറ്റി ഒരു പാട് അബദ്ധധാരണകൾ പേറുന്ന ഒരുപാട് പേരെ ആശ്വാസത്തിന്‍റെ തീരത്തെത്തിക്കുവാനും സഹായിക്കാനുമായി എന്നത് ഈശ്വരാനുഗ്രഹമായി കരുതുന്നു. ഏതു നല്ല കാര്യങ്ങൾക്കും കൂടെനിന്ന് പിന്തുണയ്ക്കുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ മാനേജ്മെന്‍റിന്‍റെ നന്മയ്ക്കു മുന്നിൽ ശിരസ്സു നമിക്കുന്നു" - കൊവിഡ് ഫൈറ്റേഴ്സിനെ നയിച്ച ഡോ. ആനും ഡോ. ജസ്വിനും ഒരേ സ്വരത്തിൽ പറയുന്നു.
മെഡിസിറ്റി മെഡിക്കൽ സംഘം എത്തിയ ഇരുനൂറ്റമ്പതോളം വീടുകളിൽ മുക്കാൽ പങ്കും വളരെ പാവപ്പെട്ടവരുടെ വീടുകളാണ്. പരിശോധനകൾക്ക് ശേഷം ആവശ്യമായ മരുന്നുകള്‍ ഇവർക്ക് സൗജന്യമായി നൽകി. ഏതു സമയത്തും വിളിക്കാൻ തങ്ങളുടെ മൊബൈൽ ഫോൺ നമ്പറും നൽകിയാണ് ഡോക്ടർമാർ ഓരോ വീടുകളിൽ നിന്നും മടങ്ങിയത്.
ദിവസവും രാവിലെ 8.30 ന് പിപിഇ കിറ്റുമണിഞ്ഞ് കൊവിഡ് രോഗികളുടെ വീടുകളിലേക്ക് യാത്ര ആരംഭിക്കുന്ന ഡോക്ടർമാരുടെ സംഘം പലപ്പോഴും രാത്രി വൈകിയാണ് മടങ്ങിയെത്താറുള്ളത്.
"സേവനത്തിന് പുതിയ മുഖം നൽകാൻ ഞങ്ങളുടെ കൊവിഡ് ഫൈറ്റേഴ്സിനു കഴിഞ്ഞു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി ആയിരത്തിൽപ്പരം ആളുകൾക്ക് സൗജന്യചികിത്സ എത്തിക്കാൻ കഴിഞ്ഞത് ഈ സ്ഥാപനത്തിന്‍റെ പുണ്യവും ഈശ്വരാനുഗ്രഹവുമായി കരുതുന്നു. ഇന്ന് പല പ്രമുഖ ആതുരസേവന കേന്ദ്രങ്ങളും ഞങ്ങളുടെ സേവന മാതൃക സ്വീകരിച്ച് ഈ പാത പിന്തുടർന്ന് പ്രവർത്തിച്ചു തുടങ്ങിയതും നല്ല കാര്യമായി കാണുന്നു'' - മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ പറയുന്നു.
പാവപ്പെട്ട കൊവിഡ് രോഗികൾക്ക് ഇനിയും മാർ സ്ലീവാ മെഡിസിറ്റി ചികിത്സകരുടെ സൗജന്യ സേവനം ലഭിക്കും. ഇതിനായി 9188525941 വിളിച്ചാൽ മാത്രം മതി.