25 May, 2021 12:33:08 PM
കൃത്യമായ മുന്നൊരുക്കങ്ങള്‍ ഫലം കണ്ടു; രണ്ടാം തരംഗത്തില്‍ തളരാതെ കോട്ടയം
കോവിഡ് മരണനിരക്കില്‍ പിന്നില്‍... ഫസ്റ്റ്ലൈന്‍, സെക്കന്‍ഡ് ലൈന്‍ കേന്ദ്രങ്ങളില്‍ ഏറ്റവുമധികം ഓക്സിജന്‍ കിടക്കകളുള്ള ജില്ല... മാതൃകയായ വികേന്ദ്രീകൃത സംവിധാനം
കോട്ടയം: കൃത്യമായ ആസൂത്രണത്തിലൂടെ ഓക്സിജന്‍ ലഭ്യതയും മതിയായ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കിയ കോട്ടയം ജില്ല കോവിഡ് രണ്ടാം തരംഗത്തില്‍ സൃഷ്ടിച്ചത് പ്രതിരോധത്തിന്‍റെ പുതിയ മാതൃക. ഫസ്റ്റ് ലൈന്‍, സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളില്‍ സംസ്ഥാനത്തുതന്നെ ഏറ്റവുമധികം ഓക്സിജന്‍ കിടക്കകള്‍ സജ്ജമാക്കിയതിലൂടെ മരണനിരക്ക് കുറയ്ക്കുവാനും ജില്ലയ്ക്ക് സാധിച്ചു.
കോട്ടയത്ത് ഏകദേശം 167 കോടി രൂപയുടെ കോവിഡ് ചികിത്സാ സേവനങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ ഇതുവരെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയതായാണ് കണക്ക്. ജില്ലയില്‍ രോഗബാധിതരായ 1.7 ലക്ഷം പേരില്‍ ലക്ഷണങ്ങള്‍ ഇല്ലാതിരുന്നവര്‍ വീടുകളില്‍ തന്നെയാണ് കഴിഞ്ഞതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ 44,700 പേര്‍ക്ക് ചികിത്സ നല്‍കി. ഇത് ആകെ രോഗികളുടെ 26.3 ശതമാനം വരും.
കോട്ടയം മെഡിക്കല്‍ കോളേജ്, കോട്ടയം ജനറല്‍ ആശുപത്രി എന്നീ കോവിഡ് ആശുപത്രികളില്‍ ഇതുവരെ 8700 പേരാണ് ചികിത്സ നേടിയത്. സെക്കന്‍ഡ് ലൈന്‍ കേന്ദ്രങ്ങളില്‍ സംസ്ഥാനത്ത് ആകെയുള്ള 2421 ഓക്സിജന്‍ കിടക്കകളില്‍ 591 എണ്ണവും (24.4 ശതമാനം) ഫസ്റ്റ് ലൈന്‍ കേന്ദ്രങ്ങളില്‍ ആകെയുള്ള 681 ഓക്സിജന്‍ കിടക്കകളില്‍ 161 എണ്ണവും (23.64 ശതമാനം) കോട്ടയം ജില്ലയിലാണ്.
മെയ് 23 വരെ കോവിഡ് ബാധിച്ച് 317 പേര്‍ മരിച്ച ജില്ലയിലെ മരണ നിരക്ക് 0.19 ശതമാനം മാത്രമാണ്. സംസ്ഥാനത്തെ മരണ നിരക്ക് 0.31 ആണ്. ഇടുക്കി ജില്ലയില്‍ മാത്രമാണ് കോട്ടയത്തേക്കാള്‍ കുറഞ്ഞ മരണനിരക്ക് ഉള്ളത്. ആശുപത്രികളിലും പരിചരണ കേന്ദ്രങ്ങളിലും ചികിത്സ തേടിയവരില്‍ ആവശ്യം വന്നവര്‍ക്കെല്ലാം കൃത്യ സമയത്ത് ഓക്സിജന്‍ കിടക്കകള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞതാണ് ഇതിന് സഹായകമായത്.
എല്ലാ പഞ്ചായത്തുകളിലും ഡോമിസിലിയറി കെയര്‍ സെന്‍ററുകള്‍, എല്ലാ ബ്ലോക്കുകളിലും മുനിസിപ്പാലിറ്റികളിലും ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍, എല്ലാ താലൂക്കുകളിലും സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍, സര്‍വ്വസജ്ജമായ രണ്ടു കോവിഡ് ആശുപത്രികള്‍ എന്നിങ്ങനെ വികേന്ദ്രീകൃതമായ കോവിഡ് പരിചരണ സംവിധാനങ്ങളാണ് ജില്ലയിലുള്ളത്.
ആദ്യ തരംഗത്തില്‍ കോവിഡ് ശക്തമായിരുന്ന 2020 ജൂലൈ മുതല്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ചിട്ടയായ മുന്നൊരുക്കങ്ങളാണ് രണ്ടാം തരംഗത്തെ നേരിടാന്‍ ജില്ലയെ സജ്ജമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്‍റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫണ്ടുകള്‍ക്കു പുറമെ പിഎം കെയറില്‍നിന്ന് ലഭിച്ച തുകയും എം.എല്‍.എ മാരുടെ ഫണ്ടുകളും വ്യവസായ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണവും ചികിത്സാ സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിന് പിന്‍ബലമേകി.
കോവിഡ് ആശുപത്രികളില്‍ പ്രവേശനം ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്കു മാത്രമാക്കിയതിനൊപ്പം ഐ.സി.യു കിടക്കകളുടെയും വെന്‍റിലേറ്ററുകളുടെയും എണ്ണം കൂട്ടുകയും ചെയ്തു. കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനം സജ്ജമാക്കിയതിനാല്‍ വലിയ സിലിണ്ടറുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവായി. രണ്ടാം തരംഗത്തില്‍ സിലിന്‍ഡര്‍ ക്ഷാമം ജില്ലയെ ബാധിച്ചതേയില്ല.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍ പേഴ്സണായ ജില്ലാ കളക്ടര്‍ എം അഞ്ജനയുടെ നിര്‍ദ്ദേശപ്രകാരം ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് ഏകദേശം 57 ലക്ഷം രൂപ ലഭ്യമാക്കിയാണ് സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളില്‍ കേന്ദ്രീകൃത ഓക്സിജന്‍ സൗകര്യമുള്ള 591 എണ്ണം ഉള്‍പ്പെടെ 756 കിടക്കകള്‍ ഒരുക്കിയത്. ഈ കേന്ദ്രങ്ങളില്‍ ഇതുവരെ 7500 പേര്‍ക്ക് ശരാശരി 10 ദിവസം ഓക്സിജനോടെയുള്ള ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞു.
കേന്ദ്രീകൃത ഓക്സിജന്‍ സംവിധാനം ഉള്‍പ്പെടെയുള്ള പുതിയ സംവിധാനങ്ങള്‍ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള രണ്ടാംനിര ആശുപത്രുകളില്‍ തന്നെ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഗ്രാമീണ മേഖലയിലെ ആരോഗ്യ പരിചരണ സംവിധാനങ്ങളുടെ വിപുലീകരണവും സാധ്യമായി.
നിലവില്‍ 23 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലായി 2462 കിടക്കകളാണുള്ളത്. ഇവയില്‍ നാളിതുവരെ 26000 ലധികം പേര്‍ക്ക് ശരാശരി 10 ദിവസം ചികിത്സ നല്‍കി. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പരിധിയിലുള്ള 71 ഡോമിസിലിയറി കെയര്‍ സെന്‍ററുകളിലായി 2745 കിടക്കകളുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും വീട്ടില്‍ താമസിക്കാന്‍ സൗകര്യമില്ലാത്ത 2500 പേര്‍ ഇതുവരെ ഈ സൗകര്യം പ്രയോജനപ്പെടുത്തി.
കോട്ടയം മെഡിക്കല്‍ കോളേജില്‍ പിഎം കെയറില്‍ നിന്ന് ലഭ്യമാക്കിയ മിനിറ്റില്‍ 2000 ലിറ്റര്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്‍റും കോട്ടയം ജില്ലാ ആശുപത്രിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 57 ലക്ഷം രൂപ ചെലവഴിച്ച് സജ്ജീകരിച്ച മിനിറ്റില്‍ 150 ലിറ്റര്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്‍റും ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ചികിത്സ നല്‍കാന്‍ ഉപകരിച്ചു.
സി.കെ. ആശ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 38 ലക്ഷം രൂപ ചെലവഴിച്ച് ലഭ്യമാക്കിയ മിനിറ്റില്‍ 90 ലിറ്റര്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്‍റ് താലൂക്ക് ആശുപത്രിയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സഹായകമായി.
പി.എം കെയറില്‍ നിന്ന് ലഭിച്ച 1000 ലിറ്റര്‍ ശേഷിയുള്ള മൂന്ന് ഓക്സിജന്‍ പ്ലാന്‍റുകള്‍ ഉഴവൂര്‍, പാലാ, ചങ്ങനാശേരി ആശുപത്രികളിലും ഉടന്‍ സജ്ജമാകും.
കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മുഖേന കോട്ടയം ജില്ലാ ആശുപത്രിയിലും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നേരിട്ട് വൈക്കം താലൂക്കാശുപത്രിയിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള പണം വിനിയോഗിച്ച് പാമ്പാടി താലൂക്ക് ആശുപത്രിയിലും ഓക്സിജന്‍ പ്ലാന്‍റുകള്‍ ഉടന്‍ സജ്ജമാക്കും. ഇവ കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ജില്ലയിലെ രണ്ടു കോവിഡ് ആശുപത്രികളും ഏഴ് സെക്കന്‍ഡ് ലൈന്‍ പരിചരണ കേന്ദ്രങ്ങളും സ്വന്തമായി ഉത്പാദിപ്പിക്കുന്ന ഓക്സിജന്‍ കൊണ്ട് പ്രവര്‍ത്തിക്കും.
വീട്ടിലും സി.എഫ്.എല്‍.ടി.സികളിലും ചികിത്സയിലിരിക്കുന്നവര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ സംസ്ഥാനത്ത് ആദ്യമായി സി.എഫ്.എല്‍.ടി.സികള്‍ കേന്ദ്രീകരിച്ച് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ മെഷീനുകള്‍ സജ്ജമാക്കിയത് കോട്ടയം ജില്ലയിലാണ്. സംസ്ഥാനത്തെ ഇത്തരത്തിലുള്ള ആദ്യ ഓക്സിജന്‍ പാര്‍ലര്‍ മണര്‍കാട് സി.എഫ്.എല്‍.ടി.സിയില്‍ മെയ് നാലിന് പ്രവര്‍ത്തനമാരംഭിച്ചു.
ജില്ലയിലെ ഏഴ് സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലും 23 സി.എഫ്.എല്‍.ടി.സികളിലും മിനിറ്റില്‍ 10 ലിറ്റര്‍ (93 ശതമാനം) ഓക്സിജന്‍ അന്തരീക്ഷ വായുവില്‍ നിന്ന് തന്നെ ലഭ്യലാക്കുന്ന 35 കോണ്‍സണ്‍ട്രേറ്ററുകള്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍നിന്നും ലഭ്യമാക്കിയിട്ടുണ്ട്. 71 ഡൊമിസിലിയറി കെയര്‍ സെന്‍ററുകളിലും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഈ സംവിധാനം സജ്ജമാക്കുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണ്.
വാഴൂര്‍ പഞ്ചായത്തില്‍ വാഹനത്തില്‍ ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ രോഗികളുടെ വീട്ടിലെത്തിച്ച് ചികിത്സ നല്‍കുന്ന ഓക്സിവാന്‍ സംവിധാനവുമുണ്ട്. ഇത്തരം മൊബൈല്‍ ഓക്സിജന്‍ പാര്‍ലര്‍ പദ്ധതി നടപ്പാക്കാന്‍ തയാറുള്ള തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ ലഭ്യമാക്കാന്‍ കാരിത്താസ് ആശുപത്രി സന്നദ്ധ അറിയിച്ചിട്ടുണ്ട്.
ജില്ലയിലെ ആശുപത്രികള്‍ക്ക് ആവശ്യമായ 800വലിയ ഓക്സിജന്‍ സിലിണ്ടറുകളുടെ ശേഖരം ഇതിനകം സജ്ജമാക്കിയിട്ടുണ്ട്. പുതുതായി വാങ്ങിയവയും വാടകയ്ക്ക് എടുത്തവയും വ്യവസായ വകുപ്പില്‍ നിന്ന് ഏറ്റെടുത്ത് മെഡിക്കല്‍ ആവശ്യത്തിനായി മാറ്റം വരുത്തിയവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയുടെ വിതരണം ഏകോപിപ്പിക്കുന്നതിന് കളക്ടറേറ്റില്‍ ഓക്സിജന്‍ വാര്‍ റൂമും പ്രവര്‍ത്തിക്കുന്നു.
ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം മലനാട് ഡെവലപ്മെന്‍റ് സൊസൈറ്റി 1.4 കോടി രൂപയുടെ ഒരു ഓക്സിജന്‍ റീഫില്ലിംഗ് പ്ലാന്‍റ് കാഞ്ഞിരപ്പള്ളിയില്‍ ഉടന്‍ ആരംഭിക്കും. അന്തരീക്ഷ വായുവില്‍ നിന്ന് ഓക്സിജന്‍ ആഗിരണം ചെയ്ത് സിലിണ്ടറുകളിലേക്കു നിറച്ച് നല്‍കുന്ന പ്ലാന്‍റാണിത്. ഇത് പ്രവര്‍ത്തനക്ഷമമായാല്‍ ഓരോ ദിവസവും മറ്റു ജില്ലകളില്‍ പോയി ഓക്സിജന്‍ ശേഖരിക്കേണ്ട സാഹചര്യം ഒഴിവാകും.
ഒരു കിലോലിറ്ററിന്‍റെ പത്ത് ദ്രവീകൃത ഓക്സിജന്‍ ടാങ്കുകള്‍ ഗുജറാത്തിലെ ഐനോക്സ് എന്ന കമ്പനിയില്‍ നിന്ന് ജില്ലയിലെ പത്ത് പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ലഭ്യമാക്കാനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ടാങ്ക് സാധാരണ ഉപയോഗിക്കുന്ന 100 ഡി ടൈപ്പ് വലിയ സിലിന്‍ഡറുകള്‍ക്ക് തുല്യമാണ്. സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടില്‍നിന്നാണ് ഇതിന് ആവശ്യമായ എട്ടു ലക്ഷം രൂപ ചിലവഴിക്കുക.
മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ജില്ലാഭരണകൂടത്തിനും ജനപ്രതിനിധികള്‍ക്കുമൊപ്പം വ്യവസായ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും രംഗത്തുണ്ട്. റൗണ്ട് ടേബിള്‍ 20 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, കോട്ടയം ജനറല്‍ ആശുപത്രിയിലും അയര്‍ക്കുന്നം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലുമായി 90 കിടക്കകള്‍ക്കുള്ള കേന്ദ്രീകൃത ഓക്സിജന്‍ സംവിധാനം, 250 ഓക്സിജന്‍ ഫ്ളോമീറ്റര്‍ എന്നിവയ്ക്കുള്ള പണം ലഭ്യമാക്കി.
കോട്ടയം, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികളിലും രാമപുരം, തോട്ടയ്ക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലുമായി ആകെ 150 കിടക്കകള്‍ക്ക് കേന്ദ്രീകൃത ഓക്സിജന്‍ സംവിധാനത്തിനുള്ള സഹായം നല്‍കിയത് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയാണ്. റോട്ടറി ഇന്‍റര്‍നാഷണല്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍ മൂന്നും പാാലാ ജനറല്‍ ആശുപത്രിയില്‍ രണ്ടും ബിപാപ് വെന്‍റിലേറ്ററുകള്‍ സംഭാവന ചെയ്തു.
പാരഗണ്‍ ഇന്‍ഡസ്ട്രീസ് 25 ലക്ഷം രൂപ ചെലവില്‍ പാലാ, ഉഴവൂര്‍ ആശുപത്രികള്‍ക്ക് 10 ഹൈഫ്ളോ നേസല്‍ ക്യാനുലയും 14 ലക്ഷം രൂപ ചെലവില്‍ ഉഴവൂര്‍ ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ വിവിധ സൗകര്യങ്ങളും ലഭ്യമാക്കി.
ജൂനിയര്‍ ചേംബര്‍ ഇന്‍റര്‍നാഷണലും നെസ്ലെ ഇന്ത്യയും ചേര്‍ന്ന് 42.5 ലക്ഷം രൂപ ചെലവില്‍ 15 ഹൈ ഫ്ളോ നേസല്‍ ക്യാനുലകള്‍ നല്‍കി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ വ്യാസ് സുകുമാരന്‍, ജില്ലാ ടി.ബി. ഓഫീസര്‍ ഡോ.ട്വിങ്കിള്‍ പ്രഭാകരന്‍, നോഡല്‍ ഓഫീസര്‍ ഡോ. ഭാഗ്യശ്രീ തുടങ്ങിയവര്‍ക്കാണ് കോവിഡ് ചികിത്സാ സംവിധാനങ്ങളുടെ നിര്‍വ്വഹണച്ചുമതല. ആരോഗ്യകേരളം എഞ്ചിനീയര്‍ സൂരജ് ബാലചന്ദ്രനാണ് സാങ്കതിക ഏകോപനം നിര്‍വഹിക്കുന്നത്.