23 May, 2021 06:08:42 PM


കോവിഡ് രോഗവ്യാപനത്തിന് കളമൊരുക്കി പരിശോധനാകേന്ദ്രങ്ങള്‍

- സ്വന്തം ലേഖകന്‍




കോട്ടയം: കോവിഡ് പരിശോധനാകേന്ദ്രങ്ങള്‍ രോഗവ്യാപനകേന്ദ്രങ്ങളാകുന്നു. കോവിഡ് വ്യാപനത്തിന്‍റെ തുടക്കത്തില്‍ വളരെ കരുതലോടെ പരിശോധനകള്‍ നടത്തിയിരുന്ന ആരോഗ്യവകുപ്പ് ഇപ്പോള്‍ 'എല്ലാം പേരി'ന് എന്ന രീതിയിലേക്ക് മാറി. വേണ്ടത്ര മുന്‍കരുതലുകള്‍ ഒന്നും തന്നെയില്ലാതെയാണ് ഓരോ കേന്ദ്രങ്ങളിലും പരിശോധനകള്‍ നടക്കുന്നത്.


രോഗലക്ഷണങ്ങള്‍ ഉള്ളവരും ഇല്ലാത്തവരും പരിശോധനയ്ക്ക് ഊഴം കാത്ത് നില്‍ക്കുന്നത് സാമൂഹികഅകലം പാലിക്കാതെ എല്ലാ പ്രോട്ടോക്കോളുകളും ലംഘിച്ച്. പരിശോധനയില്‍ ഫലം പോസിറ്റീവാകുന്ന രോഗികളെ മാറ്റിനിര്‍ത്താനുള്ള സംവിധാനം പോലും പലയിടത്തും ഒരുക്കിയിട്ടില്ല. തുമ്മലും ചീറ്റലുമൊക്കെയായി മറ്റുള്ളവര്‍ക്കിടയിലേക്കെത്തുന്ന ഇവര്‍ രോഗവ്യാപനത്തിന് കാരണമാകുന്നു എന്നറിയാമെങ്കിലും വേണ്ട നടപടികള്‍ സ്വീകരിക്കാതെ അധികൃതര്‍.


പ്രാഥമികാരോഗ്യകേന്ദ്രങ്ങളിള്‍ കൂടാതെ ഓരോ തദ്ദേശസ്ഥാപനങ്ങളുടെ കീഴിലും സ്ഥിരം പരിശോധനാകേന്ദ്രങ്ങളും പലയിടത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒന്നാണ് ഏറ്റുമാനൂര്‍ നഗരസഭാമന്ദിരത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ആദ്യകാലങ്ങളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവരെ പ്രത്യേകം സമയം നല്‍കി തിരക്കൊഴിവാക്കികൊണ്ടായിരുന്നു സാമ്പിള്‍ എടുത്തിരുന്നത്. എന്നാലിപ്പോള്‍ അത്തരം അറിയിപ്പുകള്‍ ഒന്നുംതന്നെയില്ല. പരിശോധനക്കെത്തുന്നവരുടെ എണ്ണം ദിവസേന കൂടിവരുകയും ചെയ്യുന്നു.


തുടക്കത്തില്‍ ഒരാളുടെ സാമ്പിള്‍ ശേഖരിച്ചശേഷം അവര്‍ ഇരുന്ന കസേരയും പരിസരവും സാനിറ്റൈസ് ചെയ്തശേഷമായിരുന്നു അടുത്തയാളെ കടത്തിവിട്ടിരുന്നത്. മാത്രമല്ല കൈകള്‍ ശുചീകരിക്കാന്‍ സാനിറ്റൈസര്‍ ഒഴിച്ചും നല്‍കിയിരുന്നു. സാമൂഹികഅകലവും പാലിച്ചിരുന്നു. സാമ്പിള്‍ എടുത്താല്‍ പിന്നെ അവിടെ നില്‍ക്കാനും സമ്മതിക്കില്ലായിരുന്നു.


എന്നാലിപ്പോള്‍ സംവിധാനങ്ങള്‍ എല്ലാം പാടെ മാറി.  സാമ്പിള്‍ എടുക്കാനിരിക്കുന്ന വ്യക്തി രോഗമുള്ളവരാണെങ്കില്‍കൂടി അവര്‍ ഇരിക്കുന്ന കസേര ശുചീകരിക്കാതെ തന്നെയാണ് അടുത്തയാളെ വിളിച്ചിരുത്തുന്നത്. സാനിറ്റൈസര്‍ ചോദിച്ചാല്‍ മാത്രം നല്‍കും.  സാമൂഹികഅകലം പാലിക്കാതെയും മാസ്ക് ശരിയായി ധരിക്കാതെയും നില്‍ക്കുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍പോലും മാറ്റിനിര്‍ത്തുന്നില്ല.


ആന്‍റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആകുന്നവരുടെ സാമ്പിള്‍ ഇപ്പോള്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുകൂടി ശേഖരിക്കുന്നുണ്ട്. ആന്‍റിജന്‍ പരിശോധനയുടെ ഫലം 15 മിനിറ്റിനുള്ളില്‍ ലഭിക്കും.  അതുകൊണ്ട് തന്നെ ആന്‍റിജന്‍ ഫലം ലഭിക്കുംവരെ ഇവര്‍ കാത്തുനില്‍ക്കുന്നത് പരിശോധനയ്ക്കെത്തിയ മറ്റുള്ളവരോടൊപ്പം. ഫലത്തില്‍ ഇവര്‍ പോസിറ്റീവ് ആണെങ്കില്‍ ഇവരോട് വര്‍ത്തമാനം പറഞ്ഞും മറ്റും കൂടെനിന്നവര്‍ അസുഖമില്ലെങ്കില്‍ പോലും നിരീക്ഷണത്തില്‍ പോകേണ്ട അവസ്ഥ.


പരിശോധനാകേന്ദ്രങ്ങളിലെ ഈ പിഴവുകള്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് ഉയര്‍ന്ന ഉദ്യോഗസ്ഥരെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഈ പ്രവണത ഒട്ടും ശരിയല്ലെന്നും നൂറ് ശതമാനവും  ഇത് രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്നും ഒരു ആരോഗ്യപ്രവര്‍ത്തകന്‍ 'കൈരളി വാര്‍ത്ത'യോട് പറ‍ഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K