16 May, 2021 04:53:41 PM


ജലനിരപ്പ് ഉയരുന്നു: മീനച്ചിലാറിന്‍റെ കരയിൽ താമസിക്കുന്നവർക്ക്‌ ജാഗ്രതാനിർദേശം



കോട്ടയം: കേന്ദ്ര ജലകമ്മീഷൻറെ മീനച്ചിലാറിലെ കിടങ്ങൂർ സ്റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് നിലയായ 6.16 മീറ്റർ മറികടന്നു. നിലവിലെ ജലനിരപ്പ് 6.2 മീറ്ററാണ്. മീനച്ചിലാറിൻറെ കരയിൽ അധിവസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണമെന്നും കേന്ദ്ര ജലകമ്മീഷൻ-അറിയിച്ചു.


ജില്ലയിൽ കരിമ്പിങ്കാല, പാറയിൽകടവ്, കോടിമത ഭാഗങ്ങളിൽ വെള്ളപൊക്കഭീഷണി നിലനിൽക്കുന്നു. ശക്തമായ മഴ തുടരുന്നതിനിടെ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടൊപ്പം താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപം കൊണ്ടു. പേരൂര്‍, കട്ടച്ചിറ പ്രദേശങ്ങള്‍ ഉള്‍പ്പെടെ പലയിടത്തും കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. ജില്ലയില്‍ ഇതിനോടകം തുറന്ന 13 ദുരിതാശ്വാസക്യാമ്പുകളിലായി 220 പേര്‍ അഭയം തേടിയിട്ടുണ്ട്.


മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നതായാണ് നാലുമണിക്കുള്ള റിപ്പോർട്ടിൽ പറയുന്നത്. മീനച്ചിലാറ്റില്‍ ചെറിപ്പാട് 10.78ഉം തീക്കോയിയില്‍ 100.03ഉം മീറ്റര്‍ ആണ് ഈ സമയത്തെ ജലനിരപ്പ്. ഇവിടെ യഥാക്രമം 11.580 മീറ്റര്‍, 101.53 മീറ്റര്‍ എന്നിങ്ങനെയാണ് വെള്ളപ്പൊക്കത്തിനുള്ള മുന്നറിയിപ്പ് നില.  മണിമലയാറ്റില്‍ ജലനിരപ്പ് മുണ്ടക്കയത്ത് 56.895, മണിമലയില്‍ 12.91 മീറ്റര്‍ എന്നിങ്ങനെയാണ്. ഇവിടെ മുന്നറിയിപ്പ് നില യഥാക്രമം 58.895 മീറ്ററും 16.100 മീറ്ററുമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K