14 May, 2021 02:33:47 PM


കോട്ടയത്ത് പത്തു സി.എഫ്.എല്‍.ടിസികളില്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍



കോട്ടയം: സംസ്ഥാനത്ത് ആദ്യമായി മണര്‍കാട് സി.എഫ്.എല്‍.ടി.സിയില്‍ ഒരുക്കിയ ഓക്‌സിജന്‍ പാര്‍ലര്‍ ശ്രദ്ധ നേടിയത് വളരെ പെട്ടെന്നാണ്. വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് രക്തത്തിലെ ഓക്‌സിജന്‍ നില പരിശോധിക്കുന്നതിനും ആവശ്യമെങ്കില്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുമായാണ് ഈ സംവിധാനം സജ്ജമാക്കിയത്. 


ഇത് നല്ല മാതൃകയാണെന്ന് വിലയിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റു ജില്ലകളിലും  ഈ സംവിധാനം പിന്തുടരാവുന്നതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.  പാര്‍ലര്‍ ക്രമീകരണത്തെക്കുറിച്ച് അറിയാന്‍ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് പ്രതിനിധികള്‍വരെ ജില്ലാ മെഡിക്കല്‍ ഓഫീസ് അധികൃതരെ ബന്ധപ്പെട്ടു. 


കോട്ടയം ജില്ലയില്‍ മുട്ടമ്പലം, കടുത്തുരുത്തി, കോതനല്ലൂര്‍, എരുമേലി, വൈക്കം, പാമ്പാടി, കുടവെച്ചൂര്‍, കുറിച്ചി, നാട്ടകം സി.എഫ്.എല്‍.ടി.സികളില്‍ കൂടി ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ മെഷീന്‍ സജ്ജമാക്കിക്കഴിഞ്ഞു. നിലവില്‍ രോഗികളുള്ള മറ്റു പത്ത് കേന്ദ്രങ്ങളിലും ഉടന്‍ എത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. 


മണര്‍കാട് ഒഴികെയുള്ള കേന്ദ്രങ്ങളില്‍ പാര്‍ലറിനായി പ്രത്യേക ക്യാബിന്‍ ഒരുക്കിയിട്ടില്ല. പുറത്തുനിന്ന് എത്തുന്നവര്‍ക്കും ആവശ്യമെങ്കില്‍ സി.എഫ്.എല്‍.ടി.സിയില്‍ കഴിയുന്നവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് മെഷീനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് ബാധിതരില്‍ ഭൂരിഭാഗം പേരും വീടുകളില്‍ കഴിയുന്ന സാഹചര്യം പരിഗണിച്ചാണ് പ്രാദേശിക തലത്തില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ മെഷീനുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. 


വീട്ടില്‍ കഴിയുന്ന കോവിഡ്  ബാധിതര്‍ പ്രോട്ടോക്കോള്‍ പാലിച്ച് സി.എഫ്.എല്‍.ടി.സികളില്‍ എത്തിയാല്‍ ഓക്സിജന്‍ നില പരിശോധിക്കാനും ആവശ്യമെങ്കില്‍ ഓക്ജിജന്‍ സ്വീകരിക്കാനും കഴിയും. 24 മണിക്കൂറും ഓക്‌സിജന്‍ ലഭ്യമാക്കാന്‍   കോണ്‍സെന്‍ട്രേറ്റര്‍ മെഷീനു കഴിയും.  ഒരു മിനിറ്റില്‍ അഞ്ചു ലിറ്റര്‍ ഓക്‌സിജന്‍(93 ശതമാനം) ലഭിക്കും. അന്തരീക്ഷത്തിലെ ഓക്‌സിജന്‍  ഉപയോഗിക്കുന്നതിനാല്‍ സ്റ്റോക്ക് തീരുന്ന സാഹചര്യവുമില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K