11 May, 2021 06:05:38 PM


കോട്ടയം കുമരകത്ത് പോസിറ്റിവിറ്റി നിരക്കിൽ നേരിയ കുറവ് ; വെള്ളാവൂരില്‍ ഉയര്‍ന്നു



കോട്ടയം: തിങ്കളാഴ്ച്ചത്തെ രോഗസ്ഥിരീകരണം കൂടി ഉള്‍പ്പെടുത്തിയുള്ള കണക്കില്‍ കുമരകം ഗ്രാമപഞ്ചായത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ കുറവ്. ജില്ലയില്‍ പോസിറ്റിവിറ്റി നിരക്ക് ഏറ്റവും ഉയര്‍ന്ന പഞ്ചായത്തില്‍ 50.91ല്‍നിന്ന് 49.08 ശതമാനത്തിലേക്കാണ് താഴ്ന്നത്.


മെയ് നാലു മുതല്‍ 10 വരെ ഇവിടെ 601 പേര്‍ പരിശോധനാ വിധേയരായതില്‍ 295 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തലയാഴം(40.50), മരങ്ങാട്ടുപിള്ളി(40.22) പഞ്ചായത്തുകളാണ് തൊട്ടു പിന്നിലുള്ളത്. 71 പഞ്ചായത്തുകളും ആറ് മുനിസിപ്പാലിറ്റികളുമുള്ള ജില്ലയില്‍ നിലവില്‍ എല്ലായിടത്തും പോസിറ്റിവിറ്റി 50 ശതമാനത്തില്‍ താഴെയാണ്. 23 ഇടത്ത്  30നും 40നു ഇടയിലും 45 തദ്ദേശ സ്ഥാപനങ്ങളില്‍ 20നും 30നും ഇടയിലുമാണ്. 20ല്‍ താഴെ പോസിറ്റിവിറ്റിയുള്ള ആറു തദ്ദേശ സ്ഥാപനങ്ങളുണ്ട്.


മെയ് ഒന്‍പതു വരെ പോസിറ്റിവിറ്റി നിരക്കില്‍ ഏറ്റവും പിന്നിലായിരുന്ന(6.77) വെള്ളാവൂര്‍ പഞ്ചായത്തില്‍ പുതിയ കണക്ക് പ്രകാരം 18 ആയി ഉയര്‍ന്നു. തിങ്കളാഴ്ച്ച മാത്രം ഇവിടെ 77 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.  14.34 ശതമാനമുള്ള എരുമേലി പഞ്ചായത്തിലാണ് ഇപ്പോള്‍ പോസിറ്റിവിറ്റി ഏറ്റവും കുറവ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K