05 May, 2021 05:51:21 PM
വീട്ടില്‍ കയറി തല്ലുമെന്ന് കൗണ്‍സിലര്‍; കേസെടുക്കാനുളള വകുപ്പില്ലെന്ന് പോലീസ്
ഏറ്റുമാനൂര്‍: വീട്ടില്‍ കയറി തല്ലുമെന്ന് ഭീഷണിപ്പെടുത്തിയ നഗരസഭാ കൗണ്‍സിലര്‍ക്കെതിരേ പരാതിയുമായി എത്തിയ യുവാവിനെ കേസെടുക്കാനുളള വകുപ്പായില്ലെന്ന കാരണം പറഞ്ഞ് പോലീസ് മടക്കി അയച്ചു. ഏറ്റുമാനുര്‍ മംഗളം എന്‍ജിനീയറിംഗ് കോളജിലെ ജീവനക്കാരനായ മാര്‍ട്ടിന്‍ ആന്‍റണിയാണ് പരാതിക്കാരന്‍. ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലര്‍ സിബി ചിറയിലിനെതിരെയാണ് മാര്‍ട്ടിന്‍ പരാതിയുമായി ഏറ്റുമാനൂര്‍ പോലീസിനെ സമീപിച്ചത്.
കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററിനായി കോളേജ് മന്ദിരം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതരോടൊപ്പം കോളജ് കാമ്പസിനുളളില്‍ എത്തിയ സിബി തന്നെ വീട്ടില്‍ കയറി തല്ലുമെന്നും ആറു മാസത്തിനുളളില്‍ ഇല്ലാതാക്കുമെന്നും ഭീഷണി മുഴക്കിയെന്നാണ് മാര്‍ട്ടിന്‍ പറയുന്നത്. സംഭവത്തെതുടര്‍ന്ന് ഏറ്റുമാനൂര്‍ സ്‌റ്റേഷനില്‍ എത്തിയെങ്കിലും എസ്.ഐ. പരാതി സ്വീകരിക്കാന്‍ തയാറായില്ല.
പരാതി സ്വീകരിക്കാന്‍ വകുപ്പില്ലെന്നായിരുന്നു എസ്.ഐ.യുടെ വാദം. കൈ ചൂണ്ടി മുഖത്തു നോക്കി ഭീഷണിപ്പെടുത്തിയാൽ മാത്രമേ കേസ് എടുക്കുവാൻ സാധിക്കു എന്നായിരുന്നു ഏറ്റുമാനൂർ എസ്.ഐയുടെ വാദം. ഇതേത്തുടര്‍ന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് പരാതി നല്‍കി. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആദ്യം പരാതി സ്വീകരിച്ചെങ്കിലും പിന്നീട് കേസ് എടുക്കാനുളള വകുപ്പ് ആയിട്ടില്ലെന്നും വേണമെങ്കില്‍ കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ച് പരാതി തിരികെതന്ന് മടക്കി അയക്കുകയുമായിരുന്നു. മാര്‍ട്ടിന്‍ പറയുന്നു.
എന്നാല്‍ ഭീഷണിപ്പെടുത്തിയെന്ന പരാതികളില്‍ പോലീസിന് നേരിട്ട് കേസ് എടുക്കാനാവില്ലെന്നാണ് പോലീസ് പറയുന്നത്. കോടതിയ്ക്ക് നേരിട്ട് കേസെടുക്കാം. അല്ലെങ്കില്‍ കോടതിയുടെ അനുമതിയോടെയോ നിര്‍ദ്ദേശാനുസരണമോ പോലീസിന് കേസെടുക്കാം. അതുകൊണ്ടാണ് കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഏറ്റുമാനൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. യുവാവിന്‍റെ മൊഴി കേട്ട് ജി.ഡി എന്‍ട്രി തയ്യാറാക്കിയിട്ടുണ്ടെന്നും എസ്ഐ പറഞ്ഞു.
എന്നാല്‍ ഈ പരാതി വ്യാജമാണെന്നാണ് കൌണ്‍സിലര്‍ സിബി ചിറയില്‍ പറയുന്നത്. തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, പോലീസ് എന്നിവരോടൊപ്പം സിഎഫ്എല്‍ടിസിയ്ക്കായി മന്ദിരം ഏറ്റെടുക്കുന്നതിന് കോളേജ് കാമ്പസില്‍ പോയിരുന്നു. എന്നാല്‍ താന്‍ പരാതിക്കാരനോട് നേരിട്ട് ഒന്നും സംസാരിച്ചിട്ടില്ലെന്നും കെട്ടിടം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തഹസില്‍ദാരോടാണ് സംസാരിച്ചതെന്നും സിബി ചിറയില്‍ പറയുന്നു.