04 May, 2021 05:05:48 PM
ഏറ്റുമാനൂര്‍ താലൂക്കിനും റവന്യു ടവറിനും പ്രഥമപരിഗണന - വി.എന്‍.വാസവന്‍
എം.ജി.സര്‍വ്വകലാശാല കേന്ദ്രീകരിച്ച് അന്താരാഷ്ട്രനിലവാരത്തില്‍ എഡ്യുക്കേഷന്‍ ഹബ്ബ്
ഏറ്റുമാനൂര്‍: മണ്ഡലത്തിന്‍റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഏറ്റുമാനൂര്‍ താലൂക്ക് രൂപീകരണവും റവന്യൂ ടവര്‍ നിര്‍മ്മാണവുമാണ് എംഎല്‍എ എന്ന നിലയില്‍ പ്രഥമപരിഗണന നല്‍കുന്ന വിഷയങ്ങള്‍ എന്ന് ഏറ്റുമാനൂരിന്‍റെ പുതിയ ജനനായകന്‍ വി.എന്‍.വാസവന്‍.
രാജഭരണകാലത്ത് ഏറ്റുമാനൂര്‍ താലൂക്ക് ആസ്ഥാനമായിരുന്നു. ചെലവുചുരുക്കലിന്‍റെ ഭാഗമായി ദിവാന്‍ ടി.രാഘവയ്യായാണ് താലൂക്ക് നിര്‍ത്തലാക്കിയത്. ഡി.ബാബു പോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 2018 ഫെബ്രുവരിയില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഏറ്റുമാനൂരില്‍ താലൂക്ക് പുനഃസംഘടിപ്പിക്കുമെന്ന് നിയമസഭയില്‍ അറിയിച്ചിരുന്നു. താലൂക്ക് പുനഃസംഘടിപ്പിക്കുന്നതോടൊപ്പം സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടു വരിക എന്ന ഏറ്റുമാനൂര്‍ നിവാസികളുടെ ചിരകാലസ്വപ്നം സാക്ഷാത്ക്കരിക്കുക എന്നതുകൂടി താന്‍ ലക്ഷ്യമിടുന്നുവെന്ന് വി.എന്‍.വാസവന്‍ പറയുന്നു.
എം.ജി.യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് അന്താരാഷ്ട്രനിലവാരത്തിലുള്ള ഒരു എഡ്യൂക്കേഷന്‍ ഹബ് - ഇതാണ് ഏറ്റുമാനൂരില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന അടുത്ത പദ്ധതി. സര്‍വ്വകലാശാലയും മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന സ്കൂളുകള്‍, കോളേജുകള്‍, ഐടിഐ, മറ്റ് സാങ്കേതികവിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങിയവയെയെല്ലാം സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു വന്‍പ്രോജക്ടാണിത്. അന്താരാഷ്ട്രനിലവാരത്തിലുള്ള ശാസ്ത്ര-സാങ്കേതിക വിദഗ്ധരുടെ സേവനം ഇവിടെ ലഭ്യമാക്കും.
ഏറ്റുമാനൂര്‍ നഗരവികസനമാണ് മറ്റൊരു പദ്ധതി. ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കും. റിംഗ് റോഡുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കും. ആരംഭിക്കും മുമ്പേ മുടങ്ങിയ ഫ്ലൈ ഓവര്‍ നിര്‍മ്മാണം സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തും. ഏറ്റുമാനൂര്‍ ക്ഷേത്രം, അതിരമ്പുഴ പള്ളി, താഴത്തങ്ങാടി മുസ്ലിം പള്ളി തുടങ്ങി മണ്ഡലത്തിലെ വിവിധ ആരാധനാലയങ്ങള്‍ കൂട്ടിയിണക്കി തീര്‍ത്ഥാടക ടൂറിസത്തിന് വഴിയൊരുക്കും. കോട്ടയം മെഡിക്കല്‍ കോളേജിന്‍റെ തുടര്‍വികസനത്തിനും പ്രാമുഖ്യം നല്‍കും.
പടിഞ്ഞാറന്‍മേഖലയിലെ ഉള്‍പ്പെടെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്താനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. വേമ്പനാട്ട് കായല്‍ സംരക്ഷണം ഒരു പ്രധാന വിഷയമായിരിക്കും. ടൂറിസം മേഖലയായ കുമരകത്തിന്‍റെ കവാടമായ പാലം പൊളിച്ചുമാറ്റി പുതിയ പാലം പണിയും. അതിരമ്പുഴ ടൌണ്‍ ജംഗ്ഷന്‍ വീതി കൂട്ടി ഗതാഗതം സുഗമമാക്കുന്നതു കൂടാതെ കുമരകവുമായി ബന്ധിപ്പിച്ച് തുടങ്ങിവെച്ച കനാല്‍ ടൂറിസം പദ്ധതികള്‍ പൂര്‍ത്തിയാക്കും.
- ബി.സുനില്‍കുമാര്‍