03 May, 2021 02:01:28 PM


കോട്ടയത്തിന് മൂന്ന് മന്ത്രിമാര്‍? കോട്ടയം ജില്ലയില്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചത് ജോസ് കെ മാണി



കോട്ടയം: രണ്ടാം പിണറായി മന്ത്രിസഭയില്‍ കോട്ടയത്തുനിന്നും മൂന്ന് മന്ത്രിമാരുണ്ടാവുമെന്ന് സൂചന. കഴിഞ്ഞ മന്ത്രിസഭയില്‍ കോട്ടയത്തുനിന്നും ഒരു മന്ത്രി പോലും ഇല്ലായിരുന്നു. അതിനുകൂടി പകരം വീട്ടിയായിരിക്കാം ഇക്കുറി മൂന്ന് പേര്‍ക്ക് നറുക്ക് വീഴുക.


ഏറ്റുമാനൂരില്‍നിന്നും വിജയിച്ച സിപിഎം മുന്‍ ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍ ആയിരിക്കും ഒരു മന്ത്രി. കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയെ വലതുനിന്നും ഇടതെത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച വാസവന്‍റെ പ്രവര്‍ത്തനത്തിന്‍റെ റിസള്‍ട്ട് ഇക്കുറി തിരഞ്ഞെടുപ്പ് ഫലത്തിലും കണ്ടതാണ്. 


പാലായില്‍നിന്നും ജയിച്ചിരുന്നുവെങ്കില്‍ ജോസ് കെ മാണി മന്ത്രിയാകുമായിരുന്നു. ജില്ലയിലെ മാത്രമല്ല, പാര്‍ട്ടിയിലെ തന്നെ സീനിയര്‍ നേതാക്കളില്‍ ഒരാളായ ഡോ.ജയരാജിന് ആണ് ജോസ് കെ മാണിക്കു പകരക്കാരനായി മന്ത്രിസഭയിലെത്താന്‍ സാധ്യത തെളിയുന്നത്. കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍നിന്നാണ് ഇദ്ദേഹം ജയം കണ്ടത്.


സിപിഐയുടെ പ്രതിനിധി വൈക്കത്തുനിന്നും രണ്ടാം തവണയും ജയിച്ച സി.കെ.ആശയാണ് ജില്ലയില്‍നിന്നും പ്രതീക്ഷിക്കുന്ന അടുത്ത മന്ത്രി. പാര്‍ട്ടിയുടെ സീനിയര്‍ അംഗവും വനിതാ പ്രതിനിധിയുമെന്ന നിലയില്‍ സിപിഐയുടെ മന്ത്രിമാരെ പരിഗണിക്കുമ്പോള്‍ ആശയും പ്രഥമസ്ഥാനത്തുതന്നെ വന്നേക്കാം.


2016ല്‍ ഏറ്റുമാനൂരില്‍ നിന്നും ജയിച്ച അഡ്വ.കെ.സുരേഷ്കുറുപ്പ് മന്ത്രിയോ സ്പീക്കറോ ആകുമെന്ന് ആയിരുന്നു ആദ്യം പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ അദ്ദേഹത്തെ എംഎല്‍എ ആയി തന്നെ പാര്‍ട്ടി നിലനിര്‍ത്തിപോരുകയായിരുന്നു. കഴിഞ്ഞ ഇലക്ഷനില്‍ ഏറ്റുമാനൂരും വൈക്കവുമായി രണ്ട് സീറ്റുകള്‍ മാത്രമാണ് ജില്ലയില്‍ ഇടതുപക്ഷത്തിന് ഉണ്ടായിരുന്നത്. ജോസ് കെ മാണിയുടെ വരവോടെ അത് അഞ്ചാക്കി ഉയര്‍ത്താന്‍ കഴിഞ്ഞു. കൂടുതലായി ലഭിച്ച മൂന്ന് സീറ്റിലും ജയിച്ചത് കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധികള്‍ തന്നെയെന്നതും ശ്രദ്ധേയം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K