01 May, 2021 05:19:57 PM


തൊഴിലാളിദിനത്തില്‍ രക്തം ദാനം ചെയ്ത് മാതൃക കാട്ടി പത്രപ്രവര്‍ത്തകര്‍



കോട്ടയം: തൊഴിലാളിദിനത്തില്‍ രക്തം ദാനം ചെയ്ത് മാതൃക കാട്ടിയിരിക്കുകയാണ് സംസ്ഥാനത്തെ ഒരു വിഭാഗം പത്രപ്രവര്‍ത്തകര്‍. കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപകദിനമായ മെയ് 1ന് സംസ്ഥാന വ്യാപകമായാണ് രക്തദാന കാമ്പയിന്‍ സംഘടിപ്പിച്ചത്. സ്വതന്ത്ര പത്രപ്രവർത്തക ദിനമായ 3 വരെ കാമ്പയിന്‍ നീളും. 3ന് കോട്ടയത്ത് 100 പേരെ സംഘടിപ്പിച്ച് രക്തദാനം നടത്തും.


കോവിഡ് മഹാമാരി രാജ്യത്ത് പടർന്നു പിടിക്കുന്ന സമയത്ത് രക്തത്തിന്‍റെ ദൗർലഭ്യം മൂലം  ശസ്ത്രക്രീയകൾ മാറ്റി വയ്ക്കേണ്ടി വരുന്നു. ഇതു രോഗികളുടെ ജീവനു ഭീഷണിയാകുകയാണ്. പ്രത്യേകിച്ച് പ്രസവ സംബന്ധമായ രോഗികളെയാണ് ഇതു കൂടുതൽ ബാധിക്കുന്നത്. 18 നും 45 നും മധ്യേയുള്ള യുവാക്കൾ കോവിഡ് പ്രതിരോധ മരുന്നുകൾ സ്വീകരിച്ചു കഴിഞ്ഞാൽ ഒരു മാസത്തേയ്ക് രക്തദാനം നടത്തുവാനും സാധിക്കുകയില്ല. ഇതും പ്രശ്നം സങ്കീർണ്ണമാക്കും. ഈ അവസരത്തിലാണ് പത്രപ്രവർത്തകരുടെ സംഘടനയായ കെ ജെ യു ഇത്തരം ധാർമ്മികമായ പ്രവർത്തനം ചെയ്യുന്നത്. 


നാട് സങ്കീര്‍ണ്ണമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഈയവസരത്തില്‍ കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ അംഗങ്ങളുടെ നടപടി ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ പറഞ്ഞു. കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൻ കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ രക്തദാനത്തോടനുബന്ധിച്ച് നടന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


അയൽക്കാരൻ രോഗം പിടിപെട്ട് ഭക്ഷണവും മരുന്നും ലഭിക്കാതെ ബുദ്ധിമുട്ടനുഭവിക്കുമ്പോൾ പണമുള്ളവർ അവരെ സഹായിക്കാൻ തയ്യാറാകണമെന്നും, പത്രപ്രവർത്തകർ സമൂഹത്തിനു വേണ്ടി ഇത്തരം  പ്രവർത്തനങ്ങൾ നടത്തുന്നത് പ്രശംസനീയമാണെന്നും യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ നവജീവൻ ട്രസ്റ്റി പി യു തോമസ് പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് കെ ജി ഹരിദാസ് അദ്ധ്യക്ഷനായി. ഐ ജെ യു ദേശീയ സമിതി അംഗം ആഷിക് മണിയംകുളം, സംസ്ഥാന സമിതി അംഗം ഷൈജു തെക്കുംചേരിൽ, ജില്ലാ സെക്രട്ടറി പി.ഷണ്മുഖൻ, കമ്മറ്റി അംഗങ്ങളായ എസ് ദയാൽ, രാജു കുടിലിൽ, ഗാന്ധിനഗർ മേഖലാ പ്രസിഡന്‍റ് കുടമാളൂർ രാധാകൃഷ്ണൻ, സെക്രട്ടറി എൻ വി പ്രസേനൻ തുടങ്ങിയവർ പ്രസംഗിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K