30 April, 2021 04:59:16 PM
വോട്ടെണ്ണല്‍ ദിനം ലക്ഷ്യമിട്ട് ലോറിയില്‍ കടത്തിയ വിദേശമദ്യ ശേഖരം പാലായില്‍ പിടികൂടി
പാലാ: ലോറിയില്‍ കടത്തുകയായിരുന്ന വന്‍ വിദേശമദ്യശേഖരം ജില്ലാ പോലീസ് ലഹരി വിരുദ്ധസ്‌ക്വാഡും പാലാ പോലീസും ചേർന്ന് പിടികൂടി. ലോറിയിലുണ്ടായിരുന്ന രണ്ടു പേരെ അറസ്റ്റ് ചെയ്തു. വോട്ടെണ്ണല്‍ ദിനം വിൽക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന 400 ലിറ്റര്‍ വിദേശമദ്യമാണ് ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ പോലീസ് പിടിച്ചെടുത്തത്.
മീനച്ചില്‍ കടയം പടിഞ്ഞാറേതില്‍ ജയപ്രകാശ്(39), ഇടുക്കി അണക്കര ഏഴാംമൈലില്‍ പാറാതോട്ടില്‍ അഭിലാഷ് മധു (25) എന്നിവരെയാണ് പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ച ലോറിയും ലോറിയിലുണ്ടായിരുന്ന 510 കുപ്പികളിലായി 400 ലിറ്ററോളം വിദേശമദ്യവും പോലീസ് പിടിച്ചെടുത്തു. കേരളത്തില്‍ ബാറുകളും മദ്യശാലകളും അടച്ചതിനെത്തുടര്‍ന്ന് വോട്ടെണ്ണല്‍ ദിനത്തോടനുബന്ധിച്ച് വന്‍തോതില്‍ മദ്യം കടത്തുന്നതായി ജില്ലാ പോലീസ് മേധാവി ഡി.ശില്പയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ ശക്തമായ പരിശോധന നടത്തിവരികയായിരുന്നു. തുടര്‍ന്നാണ് പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളിലേയ്ക്ക് സംസ്ഥാനത്തിന് വെളിയില്‍ നിന്ന് വന്‍ തോതില്‍ വിദേശമദ്യം എത്തുന്നതായി വിവരം ലഭിച്ചത്.
സ്ഥിരമായി മദ്യം കടത്തിയിരുന്ന ജയപ്രകാശിനെക്കുറിച്ചും അഭിലാഷിനെക്കുറിച്ചും സൂചന ലഭിച്ചു.ഇവര്‍ രണ്ടു പേരും ലോറിയില്‍ സാധനങ്ങളുമായി കര്‍ണാടകയിലേയക്ക് പോകുന്നതായും തിരികെ വരുമ്പോള്‍ അവിടെ നിന്നു മദ്യം കടത്തുന്നതായും പോലീസിന് വിവരം ലഭിച്ചു. ഇരുവരുടെയും നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച പോലീസ് സംഘം ഇന്ന് ലോറി പാലാ ഭാഗത്തേയ്ക്ക് വന്നപ്പോള്‍ തടയുകയും പരിശോധിക്കുകയുമായിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നാര്‍ക്കോട്ടിക് സെല്‍ ഡിവൈ. എസ്. പി. ബി അനില്‍കുമാര്‍, പാലാ ഡിവൈ. എസ് .പി കെ.ബി. പ്രഫുല്ലചന്ദ്രന്‍, പാലാ എസ് .എച്ച് .ഒ സുനില്‍ തോമസ്, എസ് .ഐ തോമസ് സേവ്യര്‍, എ. എസ് .ഐ ജേക്കബ്. പി ജോയ്, നാര്‍ക്കോട്ടിക് സെല്‍ സ്‌ക്വാഡ് അംഗങ്ങളായ ചിങ്ങവനം എസ് .ഐ പി .എസ് .അനീഷ്, എസ് .ബിജോയ്, എ. എസ്. ഐ പ്രദീപ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പിടികൂടിയ മദ്യത്തിന് ഏകദേശം നാലു ലക്ഷത്തോളം രൂപ വിലവരും. മദ്യം ആര്‍ക്കു വേണ്ടി കൊണ്ടുവന്നതാണെന്ന സൂചന ലഭിച്ചെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം ജില്ലയിലേയ്ക്ക് കടത്തിയ 28 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ഡിവൈ. എസ്. പി. കെ. ബി. പ്രഫുല്ല ചന്ദ്രനും എസ്. എച്ച്. ഒ സുനിൽ തോമസും അറിയിച്ചു.