30 April, 2021 02:25:46 PM
മെയ് രണ്ടു വരെ കോട്ടയം ജില്ലയില്‍ റോഡ് കുഴിക്കുന്നത് നിരോധിച്ചു
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടു വരെ കോട്ടയം ജില്ലയില്‍ റോഡ് മുറിക്കുന്നതും റോഡില്‍ കുഴിയെടുക്കുന്നതും നിരോധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. വോട്ടെണ്ണല്‍ നടപടികളുടെ ലൈവ് വെബ്കാസ്റ്റിംഗിനായി എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും തടസമില്ലാതെ ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കേണ്ടതിനാലാണിത്.
വാട്ടര്‍ അതോറിറ്റി, കെ.എ്‌സ.ഇ.ബി, പൊതുമരാമത്ത്, കെ.എസ്.ടി.പി എന്നിവയുടെ ജോലികളുമായി ബന്ധപ്പെട്ടും റോഡുകള്‍ കുഴിക്കാനോ മുറിക്കാനോ പാടില്ല. ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ നിരോധന കാലയളവില്‍ ഈ വകുപ്പുകള്‍ പ്രവൃത്തികള്‍ നടത്താനും പാടില്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമവും ഐപിസിയും പ്രകാരം നടപടിയെടുക്കും. പൊതുമുതല്‍ നശിപ്പിച്ചതിന് പ്രോസിക്യൂഷന്‍ നടപടികളും നേരിടേണ്ടിവരും.
ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പരിശോധന നടത്താനും ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും റിട്ടേണിംഗ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വെബ് കാസ്റ്റിംഗ് നോഡല്‍ ഓഫീസര്‍, ഐടിസി ആപ്ലിക്കേഷന്‍ നോഡല്‍ ഓഫീസര്‍ ,സെക്ടറല്‍ ഓഫീസര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ ,തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.