25 April, 2021 09:50:19 AM
കോട്ടയത്ത് വീടും പുരയിടവും നല്‍കാമെന്ന് കരാറെഴുതി 4 പേരിൽനിന്നു പണം തട്ടിയതായി പരാതി
കോട്ടയം: അരീപ്പറമ്പില്‍ വീടും പുരയിടവും നല്‍കാമെന്ന് കരാറെഴുതിയ ശേഷം നാല് പേരില്‍ നിന്ന് പണം തട്ടിയതായി പരാതി. പണം കൈപ്പറ്റിയ വീട്ടുടമ ഒളിവില്‍ പോയത്തോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞ്. ഒരേ വസ്തു കാട്ടി നാല് പേരില്‍ നിന്നായി എണ്‍പത് ലക്ഷം രൂപ തട്ടിയെന്നാണ് ആരോപണം.
കോട്ടയം മണര്‍കാട് അരീപ്പറമ്പിലെ 8 സെന്റ് ഭൂമിയും ഇരുനില വീടും വില്‍ക്കാന്‍ കരാറെഴുതിയ ശേഷം പണം തട്ടിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. തെള്ളകത്തും അമ്മഞ്ചേരിയിലും വാടകയ്ക്ക് താമസിച്ചിരുന്ന ഗ്ലാഡീസ് ടി.എ, ഭര്‍ത്താവ് ബേബി ജോണ്‍ എന്ന സണ്ണി എന്നിവര്‍ കബളിപ്പിച്ചെന്നാണ് ആരോപണം. പയ്യപ്പാടി സ്വദേശി ദിലീപ് വര്‍ഗ്ഗീസിന് നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയാണ്. കരാര്‍ ഉറപ്പിച്ച് പണം നല്‍കിയ ശേഷം വീട്ടുടമസ്ഥര്‍ എന്ന് പരിചയപ്പെടുത്തിയവര്‍ മുങ്ങി. ഇപ്പോള്‍ ഈ വസ്തു വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ആളുടെ പേരിലാണെന്നും പരാതിക്കാര്‍ പറയുന്നു.
അടിച്ചിറ സ്വദേശി സദാനന്ദന്റെ കുടുംബത്തില്‍ നിന്നും തട്ടിയത് പതിനഞ്ച് ലക്ഷം രൂപയാണ്. ആലപ്പുഴ സ്വദേശി ആന്റണിയില്‍ നിന്ന് 35 ലക്ഷവും, പാലാ സ്വദേശി ജോസ്‌ക്കുട്ടിയില്‍ നിന്ന് 10 ലക്ഷവും തട്ടിച്ചു. വീടും പുരയിടവും ഇപ്പോഴത്തെ ഉടമസ്ഥര്‍ക്ക് വിറ്റശേഷം ആയിരുന്നു നാല് പേരെയും കബളിപ്പിച്ച് പണം തട്ടിയതെന്ന് പിന്നീട് വ്യക്തമായി. സംഭവത്തില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് പണം നഷ്ടപ്പെട്ടവര്‍.