06 April, 2021 05:33:10 PM
കോട്ടയം ജില്ലയിൽ ശക്തമായ കാറ്റും മഴയും: പോളിംഗ് കുറഞ്ഞു; മുന്നണികൾ ആശങ്കയിൽ
കോട്ടയം: ജില്ലയുടെ വിവിധ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റും മഴയും മിന്നലും. കടുത്തുരുത്തി, പാലാ, പൂഞ്ഞാർ, ഏറ്റുമാനൂർ മണ്ഡലങ്ങളുടെ പ്രദേശങ്ങളിലാണ് ശക്തമായ മഴയുണ്ടായത്. ഇതേതുടർന്ന് വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത് കുറഞ്ഞു. മോശം കാലാവസ്ഥ പോളിംഗ് കുറയ്ക്കും എന്ന ആശങ്കയിലാണ് മുന്നണികൾ. ശക്തമായ പോരാട്ടം നടക്കുന്ന പാലാ, പൂഞ്ഞാർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളും മുന്നണികളുമാണ് കൂടുതൽ ആശങ്കയിലായിരിക്കുന്നത്.
ജില്ലയിലൂടനീളം ശക്തമായ മഴയ്ക്ക് വീണ്ടും സാധ്യതയുണ്ടെന്നാണ് സൂചന. പൂഞ്ഞാർ മണ്ഡലത്തിലെ പലയിടത്തും കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടിട്ടുണ്ട്. പോളിംഗ് ബൂത്തുകളിൽ പലതിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതും പോളിംഗിനെ ബാധിച്ചേക്കുമെന്ന് സൂചനയുണ്ട്.
ഏഴ് വരെയാണ് പോളിംഗ് എങ്കിലും അവസാന ഒരു മണിക്കൂർ കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്തുന്നതിനാണ്. സന്ധ്യയാകുന്നതോടെ വൈദ്യുതി ഇല്ലാതെ ബൂത്തുകൾ പ്രവർത്തിക്കേണ്ട സാഹചര്യത്തിലേക്കാണ് പോകുന്നത്.