06 April, 2021 11:01:34 AM
ഏറ്റുമാനൂരിൽ കള്ളവോട്ട് : ടെൻഡർ വോട്ട് ചെയ്യാനായത് മണിക്കൂറുകൾക്കൊടുവിൽ
ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ കള്ളവോട്ട്. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഗവ. ഹയർ സെക്കന്ററി സ്കൂളിലെ 62-ആം നമ്പർ ബൂത്തിൽ എത്തിയ വായോധികനാണ് വോട്ട് രേഖപ്പെടുത്താൻ കഴിയാതെ പോയത്. രാവിലെ 9 കഴിഞ്ഞു വോട്ട് ചെയ്യാൻ എത്തിയ ഏറ്റുമാനൂർ പാണംതെക്കേതിൽ ഹംസ റാവുത്തറു(65)ടെ സമ്മതിദാനവകാശം പോസ്റ്റലായി ചെയ്തിട്ടുണ്ട് എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.
കോവിഡ് രോഗികൾക്കും വികലാംഗർക്കും പോസ്റ്റൽ വോട്ടിനു സൗകര്യം ഉണ്ടായിരുന്നെന്നും അങ്ങിനെ വോട്ട് ചെയ്തതാകാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ ഞെട്ടിയത് വായോധികനും കൂടെയെത്തിയ മകനും. ഉദ്യോഗസ്ഥർ പറഞ്ഞ സാഹചര്യങ്ങൾ ഒന്നും ഹംസക്ക് ഉണ്ടായിട്ടുമില്ല. അതേസമയം, ടെൻഡർ വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യം ഉദ്യോഗസ്ഥർ നിരസിച്ചത് വാക്കേറ്റത്തിന് കാരണമായി.
വികലാംഗനാണെന്ന സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പോസ്റ്റൽ വോട്ട് ചെയ്തതെന്ന് പിന്നീട് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. എന്നാൽ ആ സർട്ടിഫിക്കറ്റ് കാണണമെന്നായി വോട്ടർ. അധികൃതർക്ക് പരാതിയും നൽകി. സ്ഥലത്തെത്തിയ സ്ഥാനാർഥി ലതിക സുഭാഷും അന്വേഷണം ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥർ തെറ്റ് കണ്ടുപിടിച്ചു. ഹംസ റാവുത്തർ മണ്ണത്തൂർ എന്ന മറ്റൊരാളുടെ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നടത്തിയ പോസ്റ്റൽ വോട്ട് ആണ് ഇതേ പേരുകാരനായ വായോധികന് വിനയായി മാറിയത്. മണിക്കൂറുകൾക്കൊടുവിൽ ടെൻഡർ വോട്ട് ചെയ്യാൻ അനുവദിച്ചതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു