29 March, 2021 04:23:24 PM
വികസന സ്വപ്നങ്ങൾ സംസാര വിഷയമാക്കി കളം നിറഞ്ഞ് മോൻസ് ജോസഫ്
കടുത്തുരുത്തി: നിയോജക മണ്ഡലത്തിലെ ഓരോ ഭവനത്തിലും കടുത്തുരുത്തിയുടെ വികസന സ്വപ്നങ്ങൾ എത്തിച്ച് സംസാര വിഷയമാക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ രീതിയുമായി യുഡിഎഫ് സ്ഥാനാർത്ഥി മോൻസ് ജോസഫ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ പരമ്പരാഗത രീതികൾ മാറ്റിവെച്ച് എല്ലാ തലത്തിലുമുള്ള വോട്ടർമാരെ ആകർഷിക്കാനുള്ള പ്രചാരണ രീതി മുന്നിൽ നിന്ന് നയിക്കുകയാണ് മോൻസ് ജോസഫ്.
യുഡിഎഫ് സംസ്ഥാന സമിതിയിൽ കേരളാ കോൺഗ്രസിന്റെ പ്രതിനിധി എന്ന നിലയിൽ രാഷ്ട്രീയ നേതൃരംഗത്ത് ലഭിച്ച പ്രതിച്ഛായ പരമാവധി ഉപയോഗിച്ച് കൊണ്ടാണ് മോൻസ് ജോസഫിന്റെ പ്രചാരണ തന്ത്രങ്ങൾ രൂപം കൊള്ളുന്നത്. കടുത്തുരുത്തിയുടെ ജനപ്രതിനിധി എന്നതിലപ്പുറം സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന വ്യക്തിത്വങ്ങളിൽ ഒന്നായി മോൻസ് ജോസഫ് മാറിയ ഇമേജ് കടുത്തുരുത്തിയിൽ നിറച്ച് നിർത്തിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് പോകുന്നത്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഐക്യജനാധിപത്യമുന്നണിയുടെ സംസ്ഥാന നേതൃനിരയിൽ ശ്രദ്ധേയനായ മോൻസ് ജോസഫിന്റെ മണ്ഡലം എന്ന പരിഗണനയിൽ കടുത്തുരുത്തിയിൽ വികസന കുതിപ്പ് ഉണ്ടാവുമെന്ന സന്ദേശം ഓരോ വോട്ടറിലും എത്തിക്കുന്ന യു.ഡി എഫ് പ്രചാരണ രീതിക്കാണ് ഇപ്പോൾ കടുത്തുരുത്തി സാക്ഷ്യം വഹിക്കുന്നത്. നിഷ്പക്ഷരായ വോട്ടർമാരിൽ ഇത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് കടുത്തുരുത്തിയിലെ യുഡിഎഫ് നേതൃത്വം അടിവരയിടുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിക്കുവാനുള്ള പരിശ്രമമാണ് മോൻ ജോസഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ യുഡിഎഫ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. കടുത്തുരുത്തിയെ കൊച്ചിയുടെ 'ഗേറ്റ് ' യാക്കി വളർത്തുമെന്ന വാഗ്ദാനവും, ഓരോരുത്തർക്കും വികസന പ്രക്രിയയിൽ പങ്കാളിത്തം നൽകുമെന്ന "വി - ഫോർ കടുത്തുരുത്തി" പ്രചാരണവും ജനങ്ങൾ വലിയ രീതിയിൽ സ്വീകരിച്ചു എന്ന വിലയിരുത്തലിലാണ് യുഡിഎഫ് .
കാരുണ്യ പദ്ധതി മടക്കിക്കൊണ്ടുവരുമെന്നുള്ള പ്രഖ്യാപനവും റബർ വിലസ്ഥിരതാ ഫണ്ട് 250 രൂപയാക്കുമെന്ന ഉറപ്പും , കാർഷികരംഗത്ത് ഉത്പാദന - വിപണന - സംഭരണ കേന്ദ്രങ്ങളുടെ കാര്യത്തിൽ സ്വാശ്രയ കടുത്തുരുത്തിയെന്ന വാഗ്ദാനവും വലിയതോതിൽ പ്രചരിപ്പിച്ചുകൊണ്ടാണ് മോൻസ് ജോസഫിൻറെ പ്രചാരണം അവസാന ഘട്ടത്തിൽ നടക്കുന്നത്. ചർച്ച ബില്ലും, ശബരിമല യുവതി പ്രവേശനവും യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇനി ഒരിക്കലും സംഭവിക്കില്ലെന്ന പ്രചാരണം വലിയ രീതിയിൽ വോട്ടർമാരിൽ അനുകൂല മനോഭാവം സൃഷ്ടിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസവും യുഡിഎഫ് നേതൃത്വത്തിനുണ്ട്. ഇതെല്ലാം വോട്ടുകളാക്കി മാറ്റാൻ കഴിയത്തക്ക പ്രചാരണത്തിന് മുൻതൂക്കം നൽകിയുള്ള പ്രവർത്തനത്തിനാണ് വരും ദിവസങ്ങളിൽ യുഡിഎഫ് പരിശ്രമിക്കുന്നതെന്ന് മോൻസ് ജോസഫ് പറഞ്ഞു.