25 March, 2021 08:18:55 PM
കാറ്റും മഴയും നാശം വിതച്ചു; രക്ഷാപ്രവർത്തനത്തിന് സ്ഥാനാർഥിയും
ഏറ്റുമാനൂർ: തിരഞ്ഞെടുപ്പ് പ്രചരണം നിർത്തി വച്ച് കാറ്റ് നാശം വിതച്ച മേഖലകളിൽ രക്ഷാപ്രവർത്തനത്തിനെത്തി സ്ഥാനാർത്ഥി വി എൻ വാസവൻ. വ്യാഴാഴ്ച നാലോടെ മഴയ്ക്കൊപ്പം വിശിയടിച്ച കാറ്റ് നാശം വിതച്ച അയ്മനം പഞ്ചായത്തിലെ വിവിധ മേഖലകളിലാണ് പര്യടന പരിപാടികൾ ഉപക്ഷിച്ച് വി എൻ വാസവൻ എത്തിയത്.
മെഡിക്കൽ കോളേജ് - കോട്ടയം റോഡിൽ കുടയംപടിക്ക് സമീപം മരം കടപുഴകി വീണ് അഞ്ച് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞ് വൈദ്യുതി ലൈനുകൾ റോഡിൽ തകർന്ന് കിടക്കുന്ന അവസ്ഥയിലായിരുന്നു. വാഹനങ്ങൾക്ക് കടന്നു പോകാനാവാതെ രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ശക്തിയേറിയ കാറ്റിൽ മരം വീണ് ഈ പ്രദേശത്തെ വീടുകൾ തകർന്നു. കൃഷികൾ നശിച്ചു. ഉച്ചയ്ക്ക് അമലഗിരി മേഖലയിൽ നടത്തിയ ഗൃഹസന്ദർശനത്തിനു ശേഷം സ്ഥാനാർഥി വിജയരാഘവൻ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലേക്ക് പോകും വഴിയാണ് അയ്മനത്ത് കാറ്റ് ദുരന്തം വിതച്ചത് അറിഞ്ഞത്.
തുടർന്ന് സമ്മേളന പരിപാടികൾ മാറ്റിവച്ച് നേരെ അവിടേക്ക് തിരിക്കുകയായിരുന്നു.വൈദ്യുതി ബോർഡ് ജീവനക്കാർ , ഫയർഫോഴ്സ് എന്നിവർക്കൊപ്പം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കുടയം പടി മെഡിക്കൽ കോളേജ് റോഡിലെ ഗതാഗത തടസ്സം നീക്കിയ ശേഷം. 12-ാം വാർഡിൽ നാശനഷ്ടം വിതച്ച വീടുകളിൽ എത്തി. അവർക്ക് വേണ്ട അടിയന്തരസഹായങ്ങൾക്കായി പാർട്ടി പ്രവർത്തകരും ഒപ്പം ഉണ്ടായിരുന്നു. അയ്മനം 14-ാം വാർഡിലും കാറ്റ് നാശം വിതച്ചതറിഞ്ഞ് അങ്ങോട്ട് നീങ്ങിയെങ്കിലും റോഡിലെ തടസ്സങ്ങൾ കാരണം തിരികെ പോരേണ്ടി വന്നു.